എടോ പോയാൽ തനിക്കും, തന്റെ കുടുംബത്തിനും പോയി, മമ്മൂക്കയുടെ ആ വാക്കുകളായിരുന്നു എനിക്ക് വലിയ പാഠമായത്; അലൻസിയർ

ഒരു ഷോട്ട് കഴിഞ്ഞപ്പോള്‍ എന്താണ് ചെവിയില്‍ പഞ്ഞി വെക്കാത്തത് എന്ന് മമ്മൂക്ക തന്നോട് ചോദിച്ചു

സിനിമയിലെ ആക്ഷന്‍ രംഗങ്ങളെ കുറിച്ചും അത്തരം രംഗങ്ങള്‍ ചെയ്യുമ്പോള്‍ എടുക്കേണ്ട മുന്‍കരുതലുകളെ കുറിച്ചും നടന്‍ മമ്മൂട്ടിയെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ അലന്‍സിയര്‍. ശരിക്കും സിനിമയിലെ അത്തരം കാര്യങ്ങളെ കുറിച്ചൊന്നും തനിക്ക് ഒരു ധാരണയും ഉണ്ടായിരുന്നില്ലാ എന്നാൽ ഒരിക്കൽ മമ്മൂക്ക പറഞ്ഞു തന്നപ്പോളാണ് മനസിലായത്, നടൻ പറയുന്നു, ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അലൻസിയർ ഈ കാര്യങ്ങൾ വ്യക്തമാക്കുന്നത്. മമ്മൂക്കയോടൊന്നിച്ച് കസബ എന്ന സിനിമ ചെയ്യുമ്പോള്‍ പൊലീസ് സ്റ്റേഷനിലേക്ക് വില്ലന്‍മാര്‍ വെടിവെക്കുന്ന രംഗമുണ്ട്.

വില്ലന്‍മാര്‍ വെടിവെക്കുമ്പോള്‍ ഇലക്ട്രോണിക് എക്‌സ്‌പ്ലോസീവ്‌സ് ഉപയോഗിച്ച് വലിയ ശബ്ദത്തില്‍ പൊട്ടിത്തെറികളുണ്ടാക്കുന്ന രംഗമാണ്.ഒരു ഷോട്ട് കഴിഞ്ഞപ്പോള്‍ എന്താണ് ചെവിയില്‍ പഞ്ഞി വെക്കാത്തത് എന്ന് മമ്മൂക്ക തന്നോട് ചോദിച്ചു. സത്യത്തിൽ എനിക്ക് അതേ കുറിച്ച് അറിയില്ലായിരുന്നു, ആദ്യമായിട്ടാണ് ഇത്തരം രംഗങ്ങളില്‍ അഭിനയിക്കുന്നതെന്നും ഞാൻ പറഞ്ഞു. അപ്പോൾ തന്നെ അദ്ദേഹം ഫൈറ്റ് മാസ്റ്റര്‍ മാഫിയ ശശി ചേട്ടനെ വിളിച്ച് ,എന്താണ് തനിക്ക് ചെവിയില്‍ വെക്കാന്‍ പഞ്ഞി കൊടുക്കാതിരുന്നത് എന്ന് ചോദിച്ചു.

പുള്ളി ചോദിച്ചില്ല എന്നതായിരുന്നു ശശി മാസ്റ്ററുടെ മറുപടി. എനിക്ക് അറിയാമെങ്കില്‍ മാത്രമല്ലേ ചോദിക്കാന്‍ പറ്റൂ. അതിന് ശേഷം പിന്നെ ഓരോ ഷോട്ടിലും ശശിയേട്ടന്‍ വന്നിട്ട് എന്റെ ചെവിയില്‍ പഞ്ഞി കുത്തിക്കേറ്റിത്തരും.അപ്പോള്‍ മമ്മൂക്ക പറഞ്ഞ ഒരു ഡയലോഗാണ് എനിക്ക് വലിയ പാഠമായത്. എടോ പോയാല്‍ തനിക്ക് പോയി, തന്റെ കുടുംബത്തിനും പോയി. ഇവന്മാരാരും കൂടെ കാണില്ല. അവനവന്റെ സുരക്ഷ അവനവന്‍ തന്നെ നോക്കണം. ആ ഉപദേശം ഞാന്‍ പിന്നീട് ശ്രദ്ധിക്കാറുണ്ട്, അലൻസിയർ പറയുന്നു.