
വീണ്ടും മലയാളി മനസുകളെ ഗൃഹാതുരത്വത്തിലേക്ക് കൊണ്ട് പോയി ശോഭനയും മലയാളത്തിന്റെ ഇതിഹാസ നായകൻ മോഹൻലാലും .ഇരുവരും പണ്ട് അഭിനയിച്ച ചിത്രത്തലെ ദൃശ്യത്തിന് ഏറെ സാമ്യത പുലർത്തുന്ന പുതിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയായിക്കൊണ്ടിരിക്കുന്നത് .
ഈ തലമുറയിൽ കേരളത്തിലെ ഏറ്റവും മികച്ച ഫോട്ടോഗ്രാഫർമാരിൽ ഒരാളാണ് കെ ആർ സുനിൽ. മോഹൻലാൽ യുവസംവിധായകൻ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കുന്ന ‘തുടരും’ എന്ന സിനിമയുടെ കഥയും സഹതിരക്കഥാകൃത്തും കെ ആർ സുനിലാണ്. മോഹൻലാലിൻറെ കരിയറിലെ 360-ാം ചിത്രം. 2009ൽ പുറത്തിറങ്ങിയ റെഡ് ചില്ലീസിനുശേഷം മോഹൻലാലും രജപുത്ര വിഷ്വൽ മീഡിയയും ഒന്നിക്കുന്നതും 15 വർഷങ്ങൾക്ക് ശേഷം മോഹൻലാൽ- ശോഭന ജോഡികൾ വെള്ളിത്തിരയിലെത്തുന്നതും ഉൾപ്പെടെ നിരവധി പ്രത്യേകതകൾ ചിത്രത്തിനുണ്ട്. പ്രേക്ഷകർ ഇഷ്ടപ്പെടുന്ന ‘വിൻ്റേജ്’ മോഹൻലാലിനെ തിരികെക്കൊണ്ടുവരുന്നതിനൊപ്പം ഏത് തരം ആരാധകനെയും തൃപ്തിപ്പെടുത്താൻ ചിത്രത്തിനാകുമെന്ന പ്രതീക്ഷയാണ് കെ ആർ സുനിൽ പങ്കുവച്ചത്.
രജപുത്ര രജ്ഞിത്ത് വഴിയാണ് മോഹൻലാലിലേക്കും പ്രൊജക്ടിലേക്കും എത്തുന്നത്. പിന്നീട് അർഹിക്കുന്ന സംവിധായകനിലേക്ക് കഥയെത്തി. ഇതൊരു ചെറിയ സിനിമയാണെന്ന് പറയുന്നില്ല. തൊണ്ണൂറുകളിൽ കണ്ടിട്ടുള്ള ഒരു മോഹൻലാലുണ്ട്. കമൽ, സത്യൻ അന്തിക്കാട് സിനിമകളിൽ കണ്ടിരുന്നതു പോലെ സാധാരണക്കാരനായ മോഹൻലാൽ ആണ് ചിത്രത്തിലും. നമ്മൾ ഇഷ്ടപ്പെടുന്ന ചിരിയും പ്രസരിപ്പുമുള്ള ‘വിൻ്റേജ്’ മോഹൻലാൽ.. ഒരുപാട് നാളുകൾക്ക് ശേഷമാണ് മോഹൻലാൽ ഇങ്ങനെയൊരു കഥാപാത്രമാകുന്നത്. ക്യാമറയ്ക്ക് പുറത്തും വളരെ സാധാരണക്കാരനാണ് അദ്ദേഹം. ആ സാധാരണത്വം കഥാപാത്രത്തിനുണ്ട്. ഒരു സാധാരണ കുടുംബ പശ്ചാത്തലത്തിൽ നിന്ന് വരുന്ന ടാക്സി ഓടിക്കുന്ന ഒരു മനുഷ്യൻ.


നമ്മൾ മോഹൻലാൽ ഫാൻസ് ആയത് അദ്ദേഹം ചെയ്ത കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ട് കൂടിയാണ്. കിരീടം, നാടോടിക്കാറ്റ്, വരവേല്പ്, ബാലഗോപാലൻ എം എ, സന്മനസുള്ളവർക്ക് സമാധാനം, ഉള്ളടക്കം പോലെ മോഹൻലാൽ ഒരു സാധാരണക്കാരനായി വന്ന ഏതൊരു സിനിമകളുടെയും പുതിയ കാല സ്വഭാവം തുടരും എന്ന ചിത്രത്തിനും കാണും, അത് സ്വാഭാവികമാണ്. അവർ പറഞ്ഞ കഥകളോ കഥാപാത്രങ്ങളോ അല്ല, ഒരു സാധാരണ മനുഷ്യനെ ഈ സംവിധായകർ എങ്ങനെ കൈകാര്യം ചെയ്തോ അതിൻ്റെ പുതിയ കാലത്തെയാൾ എന്നനിലയ്ക്കാണ് തരുൺ നിൽക്കുന്നത്. ഒരു ‘മുണ്ടുമടക്കിയടി’ പടമല്ല. എന്നാൽ സ്വാഭാവികമായി ഒരു മനുഷ്യൻ കടന്നുപോകുന്ന പ്രശ്നങ്ങളാണ് മോഹൻലാൽ കഥാപാത്രത്തിനും. അങ്ങനെയേ ഇപ്പോൾ പറയാനാകൂ.. എല്ലാത്തരും മോഹൻലാൽ ആരാധകരെയും തൃപ്തിപ്പെടുത്തും. ഏത് സാധാരണക്കാരനും ഇഷ്ടമാകുന്ന പരിചയം തോന്നുന്ന കഥയും കഥാപാത്രവും, അങ്ങനെതന്നെ ‘തുടരും’ പ്രേക്ഷകരിൽ എത്താനാണ് ഞങ്ങളുടെ ആഗ്രഹം.











