‘നസ്‌ലെൻ തമിഴും ഞാൻ മലയാളവും പഠിച്ചു’; നടനൊപ്പമുള്ള രസകരമായ ഷൂട്ടിങ് അനുഭവങ്ങൾ പങ്കുവെച്ച് തിലഗവതി

‘നസ്‌ലെൻ തമിഴും ഞാൻ മലയാളവും പഠിച്ചു’; നടനൊപ്പമുള്ള രസകരമായ ഷൂട്ടിങ് അനുഭവങ്ങൾ പങ്കുവെച്ച് തിലഗവതി

സൂര്യയെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്ത തമിഴ് ചിത്രം ‘സീൻ’ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ചിത്രത്തിലെ ‘മാമി’ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ നടി തിലഗവതിയാണ് ഇപ്പോൾ വാർത്തകളിൽ ഇടംപിടിക്കുന്നത്. ചിത്രത്തിലെ സഹതാരമായ നസ്‌ലെനൊപ്പമുള്ള രസകരമായ ഷൂട്ടിങ് അനുഭവങ്ങളും സൂര്യയിൽ നിന്ന് ലഭിച്ച അഭിനന്ദനവും പങ്കുവെച്ചിരിക്കുകയാണ് താരം.
നസ്‌ലെനൊപ്പം അഭിനയിച്ച ദിവസങ്ങൾ ഏറെ രസകരമായിരുന്നുവെന്ന് തിലഗവതി പറയുന്നു. മലയാളിയായ നസ്‌ലെനോട് തനിക്ക് അറിയാവുന്ന മലയാളത്തിൽ സംസാരിക്കാൻ ശ്രമിക്കുമായിരുന്നുവെന്നും അതേസമയം, ഷൂട്ടിങ് ഇടവേളകളിൽ നസ്‌ലെൻ തന്നെ മലയാളം പഠിപ്പിക്കുമായിരുന്നുവെന്നും താരം പറഞ്ഞു.

‘നസ്‌ലെനുമൊത്തുള്ള ഷൂട്ട് നല്ല രസമായിരുന്നു. അവൻ മലയാളിയായതുകൊണ്ട് എനിക്ക് അറിയാവുന്ന മലയാളത്തിൽ സംസാരിക്കാൻ ശ്രമിച്ചു. “ഊണ് കഴിച്ചാച്ചാ” എന്ന് ചോദിക്കുമ്പോൾ “ആ മാമി സാപ്പിട്ടാച്ച്” എന്നായിരുന്നു അവന്റെ മറുപടി. ഷൂട്ടില്ലാത്ത സമയത്ത് എനിക്ക് മലയാളം പഠിപ്പിച്ചുതരുന്നതായിരുന്നു അവന്റെ പ്രധാന ജോലി. നസ്‌ലെന്റെ തമിഴ് കേൾക്കാനും നല്ല രസമാണ്. കേരളത്തിലേക്ക് വരുന്നതിന് മുമ്പ് മലയാളം നന്നായി പഠിക്കാൻ അവൻ എന്നെ സഹായിച്ചു. അവന്റെ കൂടെയായിരുന്നു എനിക്ക് കൂടുതൽ കോമ്പിനേഷൻ സീനുകൾ. വലിയൊരു താരമാണെങ്കിലും അതിന്റെ യാതൊരു ജാഡയും നസ്‌ലെനില്ല. ഒരുമിച്ചുള്ള ഷൂട്ടിങ് ദിവസങ്ങളെല്ലാം വളരെ രസകരമായിരുന്നു,’ തിലഗവതി പറഞ്ഞു. ചിത്രത്തിൽ സൂര്യയുമായി അധികം കോമ്പിനേഷൻ സീനുകൾ ഉണ്ടായിരുന്നില്ലെന്നും ഒരേയൊരു രംഗത്തിൽ മാത്രമാണ് ഇരുവരും ഒരുമിച്ച് ക്യാമറയ്ക്ക് മുന്നിലെത്തിയതെന്നും താരം വ്യക്തമാക്കി. തന്റെ പ്രകടനം കണ്ട സൂര്യ നേരിട്ടെത്തി അഭിനന്ദിച്ചതായും തിലഗവതി വെളിപ്പെടുത്തി. സിനിമാ വികടന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

‘രോമാഞ്ചം’, ‘ആവേശം’ എന്നീ ചിത്രങ്ങൾക്ക് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘സീൻ’. ചിത്രത്തിൽ ഡിഎസ്പി ഇമ്പരാജ് എന്ന പൊലീസ് ഓഫീസറായാണ് സൂര്യ എത്തുന്നത്. സ്റ്റൈലിഷ് മാസ് ലുക്കിനൊപ്പം ആക്ഷനും കോമഡിയും ത്രില്ലർ മുഹൂർത്തങ്ങളും കോർത്തിണക്കിയ അവതരണമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണമെന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ. ജിത്തു മാധവനും സംഗീതസംവിധായകൻ സുഷിൻ ശ്യാമും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സുഷിൻ ശ്യാം ആദ്യമായി സംഗീതസംവിധാനം നിർവഹിക്കുന്ന തമിഴ് ചിത്രം കൂടിയാണ് ‘സീൻ’.