അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ‘L368’-ൽ ഗാനരചയിതാവായി എത്തുന്നതിന്റെ ആവേശവും സന്തോഷവും പങ്കുവെച്ച് പ്രശസ്ത ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി. സത്യൻ അന്തിക്കാടുമായുള്ള ദശാബ്ദങ്ങൾ നീണ്ട ആത്മബന്ധം ഓർത്തെടുത്ത താരം, അദ്ദേഹത്തിന്റെ മകൻ അനൂപ് സത്യന്റെ സിനിമയിൽ ഭാഗമാകാൻ കഴിയുന്നതിൽ ഏറെ അഭിമാനമുണ്ടെന്ന് വൈകാരികമായ കുറിപ്പിലൂടെ വ്യക്തമാക്കി.
സത്യൻ അന്തിക്കാടിന്റെ ‘കുടുംബപുരാണം’ മുതൽ തുടങ്ങിയ കൂട്ടുകെട്ടിന്റെ ഓർമ്മകൾ പങ്കുവെച്ച കൈതപ്രം, അനൂപ് വീട്ടിൽ വന്ന് കഥ പറഞ്ഞപ്പോൾ വലിയ വികാരവായ്പോടെയാണ് കേട്ടിരുന്നതെന്നും കുറിച്ചു. ജേക്സ് ബിജോയ് സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ ഗാന കമ്പോസിങ് മംഗലാപുരത്ത് വെച്ചാണ് നടക്കുന്നതെന്നും, മൂകാംബികയിൽ തൊഴാനുള്ള ആഗ്രഹത്തോടൊപ്പം തന്നെ മകനെപ്പോലെ സ്നേഹിക്കുന്ന അനൂപിന്റെ വരവിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കൈതപ്രത്തിന്റെ കുറിപ്പിന് അനൂപ് സത്യനും ജേക്സ് ബിജോയിയും കമന്റുകളുമായി എത്തിയത് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
