പടം മമ്മൂക്ക കണ്ടു, ഇഷ്ടപ്പെട്ടു; ‘പണി ‘ മൂവിയെ കുറിച്ച് ജോജു ജോർജ്

നടൻ മമ്മൂട്ടി സിനിമയിലുള്ള ചെറിയ ആളുകളെപ്പോലും പണ്ട് മുതലേ ഗൗനിക്കുന്ന ആളാണെന്ന് പറയുകയാണ് നടൻ ജോജു ജോർജ്ജ്. പുതിയ  സംവിധായകനായി മമ്മൂക്കയുടെ അടുത്ത ചെല്ലുമ്പോൾ തന്നെ പരിചയമില്ലെങ്കിലും നല്ല രീതിയിൽ പ്രോത്സാഹിപ്പിക്കുന്ന ആളാണ് മമ്മൂക്കയെന്നും ജോജു പറയുന്നു.

തന്റെ പുതിയ ചിത്രം ‘പണി’യുടെ പ്രൊമോഷന്‍റെ ഭാഗമായുള്ള മാധ്യമ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ജോജു ജോർജ്. ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്‌ത് പുറത്തിറങ്ങുന്ന ചിത്രമാണ് പണി. തന്റെ ചിത്രത്തിന്റെ ഫസ്റ്റ് ഹാൽഫ്‌ മമ്മൂക്ക കണ്ടുവെന്നും അദ്ദേഹത്തിന് ഇഷ്ടപ്പെട്ടുവെന്നും ജോജു പറയുന്നു.

താൻ കണ്ടു വളർന്ന സൂപ്പർ താരങ്ങളായ മമ്മൂട്ടി ,  മോഹൻലാൽ, ജയറാം, സുരേഷ് ഗോപി തുടങ്ങിയവരെയൊക്കെ കണ്ടിട്ടാണ് താൻ സിനിമയുടെ ഷൂട്ട് തുടങ്ങിയതെന്നും പുതിയ ആൾക്കാരെ വെച്ച് ചെയ്യുമ്പോൾ അസ്സിസ്റ്റന്റിന് ട്രെയിനിങ് കൊടുക്കണമെന്ന് പറഞ്ഞ് മമ്മൂക്ക വല്യ കാര്യമായിട്ടൊക്കെ സംസാരിച്ചെന്നും മൂന്ന് മാസത്തോളം ആര്ടിസ്റ്റിനു ട്രെയിനിങ് കൊടുത്തതിന് ശ്ശേഷമാണ് ഷൂട്ട് തുടങ്ങിയതെന്നും ജോജു ജോർജ് പറയുന്നു.

മലയാള സിനിമയെ അപ്പാടെ പൊളിച്ചു പണിയുന്ന ഒരു തരത്തിലുള്ള ഫോർമുലയും ഇക്കഴിഞ്ഞ കുറെ കാലങ്ങൾക്കിടയിൽ ഇറങ്ങിയ മലയാള സിനിമകൾക്ക് ഉണ്ടായിരുന്നില്ലയെന്നും ‘പണി എന്ന തന്‍റെ പുതിയ ചിത്രവും മികച്ച ആസ്വാദന തലം പ്രേക്ഷകന് സമ്മാനിക്കും എന്നതിലുപരി മലയാള സിനിമയിൽ ഒരുതരത്തിലുള്ള മാറ്റങ്ങളും കൊണ്ടുവരില്ലയെന്നും ജോജു ജോർജ് പറയുന്നു. മാത്രമല്ല വലിയ അവകാശവാദങ്ങൾ ഒന്നും തന്നെ ‘പണി’യെന്ന ചിത്രത്തിന്മേൽ ഉന്നയിക്കുന്നില്ല. തന്നെക്കൊണ്ട് ആവുന്ന രീതിയിൽ മികച്ച ക്വാളിറ്റിയിൽ സിനിമ ഷൂട്ട് ചെയ്‌ത് വച്ചിട്ടുണ്ട്. സിനിമ കണ്ട് തിയേറ്ററിൽ നിന്ന് ഇറങ്ങുമ്പോൾ പണിയെന്ന ചിത്രം പ്രേക്ഷകനെ നിരാശപ്പെടുത്തില്ല എന്നൊരു ഉറപ്പ് നൽകാൻ സാധിക്കും.

ഒരുപാട് പുതിയ താരങ്ങൾക്ക് ഈ ചിത്രത്തിൽ അവസരം നൽകിയിട്ടുണ്ട്. പുതിയ താരങ്ങൾ അഭിനയിക്കുന്ന ചിത്രമായതുകൊണ്ട് ചെറിയ ബഡ്‌ജറ്റ് ആണെന്ന് ഒന്നും കരുതണ്ട. സിനിമ ആവശ്യപ്പെടുന്ന തരത്തിൽ ചിത്രത്തിനുവേണ്ടി പണം ചെലവാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സിനിമ വലിയ ക്യാൻവാസിൽ നിങ്ങൾക്ക് ആസ്വദിക്കാൻ ആകുമെന്നും ജോജു ജോർജ് വെളിപ്പെടുത്തി. അതേസമയം ചിത്രം ഇന്ന്  തിയറ്ററുകളിൽ പ്രദര്‍ശനം തുടങ്ങി. വളരെ മികച്ച പ്രതികരണമാണ് ചിത്രത്തെ കുറിച്ച് പ്രേക്ഷകരും പറയുന്നത് .