പൃഥ്വിരാജ് ചിത്രം ‘ഖലീഫ’ ഒടിടിയിലേക്ക്; സ്ട്രീമിങ് ഒക്ടോബർ 9 മുതൽ

പൃഥ്വിരാജ്, വൈശാഖ്, ജിനു എബ്രഹാം കൂട്ടുകെട്ടിലെത്തിയ ബിഗ് ബജറ്റ് ചിത്രം ‘ഖലീഫ’ ഒടിടിയിലേക്ക്. 50 കോടി ക്ലബ്ബിൽ ഇടം നേടിയ ചിത്രത്തിന്റെ സ്ട്രീമിങ് ഒക്ടോബർ 9 മുതൽ ആരംഭിക്കും. വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. പ്രൈം വീഡിയോ, ലയൺസ്ഗേറ്റ് പ്ലേ, മനോരമ മാക്സ്, എപി ഇന്റർനാഷണൽ സൗത്ത് സിനിമ, സിംപ്ലി സൗത്ത്, ആഹ എന്നീ പ്ലാറ്റ്‌ഫോമുകളിലാണ് ‘ഖലീഫ’ ലഭ്യമാകുക. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം കാണാനാകും.

ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘ഖലീഫ ദി ലെഗസി’യുടെ പ്രഖ്യാപനവും റിലീസ് ദിനത്തിൽ അണിയറപ്രവർത്തകർ നടത്തിയിരുന്നു. മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം ഏറെ ശ്രദ്ധ നേടിയിരുന്നു. ജിനു ഇന്നോവേഷൻസിന്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ‘ഖലീഫ’ നിർമ്മിച്ചത്. സിജോ സെബാസ്റ്റ്യനും ശ്രീലാൽ ശൂലപാണിയും സഹനിർമ്മാതാക്കളാണ്. ഇന്ദ്രൻസ്, രഞ്ജി പണിക്കർ, മോഹിനി, സഞ്ജു ശിവറാം, ശിവജിത്, സുദീപ്, ഷമ്മി തിലകൻ, വൈഷ്ണവി, റുഷിൻ, ആനന്ദ് മന്മഥൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

സ്വർണക്കള്ളക്കടത്തിന്റെ പശ്ചാത്തലത്തിൽ വലിയ കാൻവാസിൽ കഥ പറയുന്ന ആക്ഷൻ എന്റർടെയ്‌നറാണ് ‘ഖലീഫ’. ‘പോക്കിരി രാജ’യ്ക്ക് ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിച്ച ചിത്രം കൂടിയാണിത്. ലണ്ടൻ, ദുബായ്, കേരളം, നേപ്പാൾ എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. ‘ആദം ജോൺ’, ‘ലണ്ടൻ ബ്രിഡ്ജ്’, ‘മാസ്റ്റേഴ്സ്’, ‘കടുവ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ജിനു എബ്രഹാമും പൃഥ്വിരാജും വീണ്ടും ഒന്നിച്ച ചിത്രം എന്ന പ്രത്യേകതയും ‘ഖലീഫ’യ്ക്കുണ്ട്.