
ജനപ്രിയ താരം പൃഥ്വിരാജ് സുകുമാരൻ പ്രധാന വേഷത്തിലെത്തുന്ന ‘വിലായത്ത് ബുദ്ധ’ ഇന്ന് (നവംബർ 21) തിയേറ്ററുകളിൽ എത്തി. ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ജയൻ നമ്പ്യാർ സംവിധാനം ചെയ്ത ഈ ചിത്രം ‘യു/എ’ സർട്ടിഫിക്കറ്റോടെയാണ് പ്രദർശനത്തിനെത്തിയത്. ഉർവ്വശി തിയേറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ചിത്രത്തെക്കുറിച്ച് വാചാലരാവുകയാണ്. പൃഥ്വിരാജിന്റെ അതിഗംഭീര പ്രകടനം തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണമെന്നാണ് പ്രേക്ഷകർ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. കഥ പറച്ചിലിൽ ഒരിടത്തും മുഷിച്ചിൽ അനുഭവപ്പെടുന്നില്ലെന്നും പലരും കുറിച്ചു.
പ്രതിഭ തെളിയിച്ച ഷമ്മി തിലകന്റെ പ്രകടനവും സിനിമയുടെ പ്ലസ് പോയിന്റായി പ്രേക്ഷകർ എടുത്തു പറയുന്നുണ്ട്. യുവസംഗീത സംവിധായകൻ ജേക്സ് ബിജോയി ഒരുക്കിയ സംഗീതവും പൃഥ്വിരാജ് ചിത്രത്തിന്റെ നിലവാരം ഉയർത്തുന്നതിൽ നിർണായക പങ്ക് വഹിച്ചതായും സമൂഹമാധ്യമങ്ങളിലെ കുറിപ്പുകളിൽ നിന്ന് വ്യക്തമാണ്.











