1000 കോടി ക്ലബ്ബിലേക്ക് ‘രാമായണം’; ആഗോള ബോക്സ് ഓഫീസിൽ വൻ കുതിപ്പ്,

1000 കോടി ക്ലബ്ബിലേക്ക് ‘രാമായണം’; ആഗോള ബോക്സ് ഓഫീസിൽ വൻ കുതിപ്പ്,

നിതേഷ് തിവാരിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ബ്രഹ്‌മാണ്ഡ ചിത്രം ‘രാമായണം’ ആഗോള ബോക്സ് ഓഫീസിൽ വൻ മുന്നേറ്റം തുടരുന്നു. റിലീസിന് പിന്നാലെ മികച്ച കളക്ഷൻ സ്വന്തമാക്കിയ ചിത്രം 1000 കോടി ക്ലബ്ബിലേക്ക് അടുക്കുകയാണ്. ഇതുവരെ ആഗോളതലത്തിൽ 934.55 കോടി രൂപയാണ് ചിത്രം നേടിയതെന്നാണ് റിപ്പോർട്ടുകൾ. രൺബീർ കപൂർ ശ്രീരാമനായും യഷ് രാവണനായും എത്തുന്ന ചിത്രത്തിൽ സായ് പല്ലവിയാണ് സീതയുടെ വേഷത്തിലെത്തുന്നത്. മലയാളികളുടെ പ്രിയതാരം ശോഭന കൈകേയിയായും അരുൺ ഗോവിൽ ദശരഥ മഹാരാജാവായും വേഷമിടുന്നു. ലക്ഷ്മണനായി രവി ദുബെയും വിശ്വാമിത്ര മഹർഷിയായി അജിങ്ക്യ ദേവും ഇന്ദ്രദേവനായി കുനാൽ കപൂറും ശൂർപ്പണഖയായി രാകുൽ പ്രീത് സിംഗും ചിത്രത്തിലുണ്ട്.

നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസ്, എട്ട് തവണ ഓസ്കർ പുരസ്കാരം നേടിയ വിഷ്വൽ എഫക്റ്റ്സ് സ്റ്റുഡിയോ ഡിഎൻഇജി, യഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നിവ സംയുക്തമായാണ് ചിത്രം നിർമിക്കുന്നത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സോണി പിക്ചേഴ്സാണ് അന്താരാഷ്ട്ര വിതരണച്ചുമതല നിർവഹിക്കുന്നത്. ഉത്തരേന്ത്യയിൽ ധർമ്മ പ്രൊഡക്ഷൻസാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്.

ഇന്ത്യൻ സിനിമയിലെ വിവിധ തലമുറകളിലെ പ്രമുഖ താരങ്ങളെയും സാങ്കേതിക പ്രവർത്തകരെയും ഒരുമിപ്പിക്കുന്ന ചിത്രമെന്ന പ്രത്യേകതയും രാമായണത്തിനുണ്ട്. ഓസ്കർ ജേതാക്കളായ സംഗീത സംവിധായകരായ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ആദ്യമായി ഒന്നിക്കുന്നു എന്നതും ചിത്രത്തിന്റെ പ്രധാന ആകർഷണമാണ്. ശ്രീധർ രാഘവനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ‘ദംഗൽ’ എന്ന ചിത്രത്തിലൂടെ ആഗോളതലത്തിൽ ശ്രദ്ധേയനായ നിതേഷ് തിവാരിയാണ് ഈ ഇതിഹാസ കഥയ്ക്ക് ദൃശ്യഭാഷ ഒരുക്കുന്നത്. ഇന്ത്യൻ സംസ്കാരത്തിലും പാരമ്പര്യത്തിലും ആഴത്തിൽ വേരൂന്നിയ രാമായണത്തെ ലോകപ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുകയാണ് ചിത്രത്തിലൂടെ അണിയറപ്രവർത്തകരുടെ ലക്ഷ്യം.

എട്ട് തവണ അക്കാദമി അവാർഡ് നേടിയ ഡിഎൻഇജിയാണ് ചിത്രത്തിന്റെ വിഷ്വൽ എഫക്റ്റ്സ് കൈകാര്യം ചെയ്യുന്നത്. വമ്പൻ ബജറ്റിലും സാങ്കേതിക മികവിലും ഒരുങ്ങുന്ന ചിത്രം രണ്ട് ഭാഗങ്ങളായാണ് പുറത്തിറങ്ങുന്നത്. ആദ്യ ഭാഗം ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ പ്രൊജക്ടുകളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. ആഗോള ബോക്സ് ഓഫീസിൽ 1000 കോടി എന്ന നാഴികക്കല്ലിലേക്ക് ചിത്രം അടുക്കുമ്പോൾ വരും ദിവസങ്ങളിലെ കളക്ഷനിലേക്കാണ് സിനിമാലോകത്തിന്റെ ശ്രദ്ധ.