‘അവഞ്ചേഴ്സ്: എൻഡ്ഗെയിം’ എന്ന ചിത്രത്തിലൂടെ അയൺമാൻ എന്ന കഥാപാത്രത്തിന് വൈകാരികമായ വിട നൽകിയ റോബർട്ട് ഡൗണി ജൂനിയർ വീണ്ടും മാർവൽ സിനിമാറ്റിക് യൂണിവേഴ്സിലേക്ക് എത്തുകയാണ്. എന്നാൽ ഇത്തവണ നായകനായല്ല, ശക്തനായ വില്ലൻ ഡോക്ടർ ഡൂമായാണ് താരത്തിന്റെ തിരിച്ചുവരവ്. വരാനിരിക്കുന്ന ‘അവഞ്ചേഴ്സ്: ഡൂംസ്ഡേ’യിലൂടെയുള്ള മടങ്ങിവരവിന് പിന്നിലെ കാരണങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് താരം.മാർവൽ സ്റ്റുഡിയോസ് പുറത്തുവിട്ട പ്രത്യേക വീഡിയോയിലാണ് ഓസ്കർ ജേതാവായ റോബർട്ട് ഡൗണി ജൂനിയർ തന്റെ തിരിച്ചുവരവിനെക്കുറിച്ച് സംസാരിച്ചത്. ‘എൻഡ്ഗെയിം’ പൂർത്തിയായപ്പോൾ അയൺമാന്റെ യാത്രയ്ക്ക് അനുയോജ്യമായ പരിസമാപ്തിയായെന്നാണ് തനിക്ക് തോന്നിയിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
‘എൻഡ്ഗെയിം പുറത്തിറങ്ങിയ സമയത്ത് എല്ലാം പൂർണമായതുപോലെയാണ് അനുഭവപ്പെട്ടത്. ആ തീരുമാനവുമായി ഞാൻ പൊരുത്തപ്പെടുകയും ചെയ്തിരുന്നു. പിന്നീട് മാർവൽ തലവൻ കെവിൻ ഫെയ്ജി തിരിച്ചുവരവിനെക്കുറിച്ച് ആദ്യമായി സൂചന നൽകിയപ്പോൾ, ഇനി എന്തൊക്കെ അത്ഭുതങ്ങളാണ് ബാക്കിയുള്ളതെന്നാണ് ഞാൻ ചിന്തിച്ചത്,’ ഡൗണി ജൂനിയർ വ്യക്തമാക്കി. 2008-ൽ പുറത്തിറങ്ങിയ ‘അയൺമാൻ’ എന്ന ചിത്രത്തിലൂടെയാണ് റോബർട്ട് ഡൗണി ജൂനിയർ മാർവൽ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായത്. ഒരു ദശാബ്ദത്തിലേറെക്കാലം ടോണി സ്റ്റാർക്ക് എന്ന കഥാപാത്രത്തിലൂടെ ആരാധകരുടെ പ്രിയതാരമായി മാറിയ അദ്ദേഹം, 2019-ൽ പുറത്തിറങ്ങിയ ‘അവഞ്ചേഴ്സ്: എൻഡ്ഗെയിമിൽ’ ലോകത്തെ രക്ഷിക്കാനായി ജീവൻ ത്യജിച്ചാണ് അയൺമാന്റെ വേഷത്തിൽ നിന്ന് വിടവാങ്ങിയത്. ഏഴ് വർഷത്തിന് ശേഷമാണ് പുതിയ കഥാപാത്രത്തിലൂടെ മാർവൽ ലോകത്തേക്ക് താരം തിരിച്ചെത്തുന്നത്.
വിക്ടർ വോൺ ഡൂം എന്ന ഡോക്ടർ ഡൂം ഏറെ തന്ത്രശാലിയും കരുത്തുറ്റതുമായ വില്ലനാണെന്ന് താരം വിശേഷിപ്പിച്ചു. സിനിമയുടെ ആകാംക്ഷയും തീവ്രതയും നിലനിർത്തുന്നതിൽ വില്ലന്റെ കഥാപാത്രത്തിന് നിർണായക സ്ഥാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘പല സിനിമകളുടെയും നിലവാരം നിർണയിക്കുന്നത് അവയിലെ വില്ലന്മാരുടെ കരുത്താണ്. കാര്യങ്ങളെ തന്ത്രപരമായി നിയന്ത്രിക്കുന്ന കഥാപാത്രമാണ് വിക്ടർ. അതുകൊണ്ടുതന്നെ ഈ ചിത്രത്തിലെ വെല്ലുവിളികളും വലുതാണ്,’ ഡൗണി ജൂനിയർ കൂട്ടിച്ചേർത്തു. ചിത്രത്തിലെ സഹതാരങ്ങളുടെ കഴിവിനെയും അർപ്പണബോധത്തെയും താരം പ്രശംസിച്ചു. പ്രതിഭാധനരായ വലിയൊരു താരനിര ചിത്രത്തിന്റെ ഭാഗമാണെന്നും അവർക്കൊപ്പം ഏത് സിനിമയിലും പ്രവർത്തിക്കാൻ താൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
പ്രേക്ഷകരുടെ സ്നേഹം ഓരോ നിമിഷവും നേടിയെടുക്കാനാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ ശ്രമിക്കുന്നതെന്നും മാർവൽ സിനിമകളോടുള്ള തന്റെ ഇഷ്ടം വാക്കുകളിൽ വിവരിക്കാനാകില്ലെന്നും റോബർട്ട് ഡൗണി ജൂനിയർ വ്യക്തമാക്കി. മാർവലിലെ മുൻനിര താരങ്ങൾക്കൊപ്പം എക്സ്-മെൻ കഥാപാത്രങ്ങളും അണിനിരക്കുന്ന ‘അവഞ്ചേഴ്സ്: ഡൂംസ്ഡേ’ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. അയൺമാനായി ആരാധകരുടെ ഹൃദയം കീഴടക്കിയ താരം ഇത്തവണ വില്ലനായി എത്തുമ്പോൾ മാർവൽ പ്രപഞ്ചത്തിൽ എന്ത് മാറ്റങ്ങളാകും സംഭവിക്കുകയെന്ന ആകാംക്ഷയിലാണ് സിനിമാപ്രേമികൾ.
