
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ചുകൊണ്ടുള്ള നടി സാധിക വേണുഗോപാലിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലെ പിശക് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുന്നു. ഇന്ത്യയിലെ സർക്കാരുകളെ ഏറ്റവും കൂടുതൽ കാലം നയിച്ച ഭരണത്തലവൻ എന്ന റെക്കോർഡ് മോദി കൈവരിച്ചതിനെ തുടർന്നായിരുന്നു താരത്തിന്റെ അഭിനന്ദന കുറിപ്പ്. എന്നാൽ പോസ്റ്റിലെ വസ്തുതാപരമായ അബദ്ധം ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ വിമർശനങ്ങൾ ഉയരുന്നത്.
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലവും പ്രധാനമന്ത്രിയായിരുന്ന കാലവും ചേർത്താണ് നരേന്ദ്ര മോദി 8931 ദിവസങ്ങൾ പൂർത്തിയാക്കിയത്. എന്നാൽ ഇത് പരിഗണിക്കാതെ, “പ്രധാനമന്ത്രി എന്ന നിലയിൽ 8931 ദിവസങ്ങൾ പൂർത്തിയാക്കിയ നരേന്ദ്ര മോദിക്ക് അഭിനന്ദനങ്ങൾ” എന്നായിരുന്നു സാധികയുടെ കുറിപ്പ്. പ്രധാനമന്ത്രി എന്ന നിലയിൽ മാത്രം ഇത്രയും ദിവസങ്ങൾ പൂർത്തിയാക്കണമെങ്കിൽ ഏകദേശം 24 വർഷത്തോളം അധികാരത്തിൽ ഇരിക്കേണ്ടി വരുമെന്നും ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം കൂടി ചേർത്തുള്ള കണക്കാണിതെന്നുമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന വിമർശനം.
സിക്കിം മുൻ മുഖ്യമന്ത്രി പവൻ കുമാർ ചാംലിംഗിന്റെ റെക്കോർഡാണ് മോദി മറികടന്നത്. ഈ നേട്ടത്തെ അഭിനന്ദിച്ച് അമിത് ഷാ ഉൾപ്പെടെയുള്ള പ്രമുഖർ രംഗത്തെത്തിയിരുന്നു. തന്റെ പോസ്റ്റിനൊപ്പം മോദിയുടെ പഴയൊരു പ്രസംഗത്തെ അനുകരിച്ചുകൊണ്ടുള്ള റീൽ വീഡിയോയും സാധിക പങ്കുവെച്ചിരുന്നു. ഇൻസ്റ്റാഗ്രാം കമന്റുകളിൽ വലിയ തോതിൽ പിശക് ചർച്ചയായിട്ടില്ലെങ്കിലും ഫേസ്ബുക്ക് പോലുള്ള പ്ലാറ്റ്ഫോമുകളിൽ താരത്തിന്റെ പോസ്റ്റിന്റെ സ്ക്രീൻഷോട്ടുകൾ സഹിതം ട്രോളുകളും വിമർശനങ്ങളും നിറയുന്നുണ്ട്.











