‘സുഖമാണോ സുഖമാണ്’ തിയേറ്ററുകളിലേക്ക്; ആവേശമായി പ്രീ-റിലീസ് ടീസർ

അരുൺ ലാൽ രാമചന്ദ്രൻ രചനയും സംവിധാനവും നിർവഹിക്കുന്ന ‘സുഖമാണോ സുഖമാണ്’ എന്ന ചിത്രത്തിന്റെ പ്രീ-റിലീസ് ടീസർ പുറത്തിറങ്ങി. സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ ശ്രദ്ധ നേടിയ ടീസർ, ചിത്രത്തിലെ രസകരമായ നിമിഷങ്ങളും വൈകാരികമായ മുഹൂർത്തങ്ങളും കോർത്തിണക്കിയാണ് ഒരുക്കിയിരിക്കുന്നത്. മാത്യു തോമസ്, ദേവികാ സഞ്ജയ് എന്നിവർക്കൊപ്പം മുതിർന്ന താരം ജഗദീഷും ഒരു പ്രധാന വേഷത്തിൽ ചിത്രത്തിൽ എത്തുന്നുണ്ട്. ഫെബ്രുവരി 13-ന് ചിത്രം ലോകവ്യാപകമായി തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

ലൂസിഫർ സർക്കസിന്റെ ബാനറിൽ ഗൗരവ് ചനാനയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സ്ഫടികം ജോർജ്, കുടശ്ശനാട് കനകം, നോബി മാർക്കോസ്, മണിക്കുട്ടൻ തുടങ്ങി വലിയൊരു താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പ്രായഭേദമന്യേ ഏവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഒരു മനോഹരമായ ചലച്ചിത്രമാണിതെന്ന് അണിയറപ്രവർത്തകർ അവകാശപ്പെടുന്നു. ടോബിൻ തോമസ് ഛായഗ്രഹണവും അപ്പു ഭട്ടതിരി എഡിറ്റിംഗും നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് നിപിൻ ബെസന്റ് ആണ്. പ്ലോട്ട് പിക്ചേഴ്സാണ് ചിത്രത്തിന്റെ ഓവർസീസ് വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.