ആ മാന്ത്രിക സംഖ്യ മറികടന്നു; ബോക്സ് ഓഫീസിൽ മുന്നേറി ‘രണബാലി’

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും പ്രധാന വേഷങ്ങളിലെത്തുന്ന പാൻ ഇന്ത്യൻ ചിത്രം ‘രണബാലി’ ബോക്സ് ഓഫീസിൽ മികച്ച മുന്നേറ്റം തുടരുന്നു. ഒക്ടോബർ 16ന് തിയറ്ററുകളിലെത്തിയ ചിത്രം ആഗോള ബോക്സ് ഓഫീസിൽ ഇതുവരെ 52.40 കോടി രൂപ നേടിയെന്നാണ് റിപ്പോർട്ടുകൾ. റിലീസിന് പിന്നാലെ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രം കളക്ഷനിലും ശ്രദ്ധേയമായ നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്.

രാഹുൽ സംകൃത്യൻ സംവിധാനം ചെയ്യുന്ന ചിത്രം ഇന്ത്യൻ ചരിത്രത്തെയും സംസ്കാരത്തെയും സ്വാധീനിച്ച മുൻതലമുറകളുടെ വീരഗാഥകളാണ് പ്രമേയമാക്കുന്നത്. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യെർനേനിയും വൈ. രവിശങ്കറും ചേർന്നാണ് നിർമാണം. ടി-സീരീസ് അവതരിപ്പിക്കുന്ന ചിത്രത്തിൽ രണബാലി എന്ന വീരയോദ്ധാവായി വിജയ് ദേവരകൊണ്ട എത്തുമ്പോൾ ജയമ്മയായാണ് രശ്മിക മന്ദാന വേഷമിടുന്നത്.

രണബാലിയുടെയും ജയമ്മയുടെയും ആഴമേറിയ പ്രണയം അവതരിപ്പിക്കുന്ന ‘എൻന്തയ്യ സാമി’ എന്ന ഗാനവും നേരത്തേ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ ട്രെയിലറിൽ ഇതുവരെ കാണാത്ത തീക്ഷ്ണമായ മേക്കോവറിലാണ് വിജയ് ദേവരകൊണ്ട പ്രത്യക്ഷപ്പെട്ടത്. കരുത്തുറ്റ അവതരണവും ചരിത്രപശ്ചാത്തലവും ചിത്രത്തെക്കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതീക്ഷകൾ വർധിപ്പിച്ചു.

1876 മുതൽ 1878 വരെയുള്ള ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിൽ ജീവൻ നഷ്ടമായ ലക്ഷക്കണക്കിന് ആളുകളുടെ ഓർമകൾക്ക് ആദരമർപ്പിച്ചുകൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അക്കാലത്തെ യഥാർഥ ചരിത്രസംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള കഥയാണ് സിനിമയുടേത്. ‘സിംഗനമല ബൊബ്ബിലി രണബാലി’ എന്ന വീരയോദ്ധാവിന്റെ കഥയിലൂടെ ചരിത്രത്തിലെ അധികമറിയപ്പെടാത്ത അധ്യായങ്ങളിലേക്ക് വെളിച്ചം വീശുകയാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്.

ചിത്രത്തിലെ മറ്റൊരു പ്രധാന ആകർഷണം ഹോളിവുഡ് താരം അർനോൾഡ് വോസ്ലൂവിന്റെ സാന്നിധ്യമാണ്. ‘ദ മമ്മി’, ‘ദ മമ്മി റിട്ടേൺസ്’, ‘ബ്ലഡ് ഡയമണ്ട്’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ താരം സർ തിയോഡോർ ഹെക്ടർ എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് എത്തുന്നത്. ചരിത്രവും പ്രണയവും വീരസാഹസികതയും സമന്വയിപ്പിക്കുന്ന ‘രണബാലി’യുടെ ബോക്സ് ഓഫീസ് പ്രകടനം വരും ദിവസങ്ങളിലും സിനിമാലോകം ഉറ്റുനോക്കുകയാണ്.