യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം ‘ടോക്സിക്കി’ന്റെ ബോക്സ് ഓഫീസ് പരാജയത്തെക്കുറിച്ചും ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങളെച്ചൊല്ലിയുണ്ടായ വിവാദങ്ങളെക്കുറിച്ചും മനസ്സ് തുറന്ന് നടി കിയാര അദ്വാനി. ‘കോഫി വിത്ത് കരൺ’ എന്ന ടോക്ക് ഷോയിൽ ഭർത്താവ് സിദ്ധാർഥ് മൽഹോത്രയ്ക്കൊപ്പം എത്തിയപ്പോഴായിരുന്നു താരത്തിന്റെ തുറന്നുപറച്ചിൽ. മികച്ച ഓപ്പണിങ് ലഭിച്ചിട്ടും ചിത്രം പ്രതീക്ഷിച്ച വിജയം നേടാതെ പോയത് ആദ്യ വാരാന്ത്യത്തിൽ തന്നെ വല്ലാതെ തളർത്തിക്കളഞ്ഞുവെന്നും, എന്നാൽ തന്റെ കംഫർട്ട് സോണിൽ നിന്നും മാറി ചെയ്ത ‘നാദിയ’ എന്ന കഥാപാത്രത്തിന് ലഭിച്ച പ്രശംസ വലിയ ആശ്വാസമായെന്നും കിയാര പറഞ്ഞു.
യഷിനൊപ്പമുള്ള ഇന്റിമേറ്റ് രംഗങ്ങളുടെ പേരിൽ നേരിട്ട രൂക്ഷമായ സൈബർ ആക്രമണങ്ങളെക്കുറിച്ചും ഭർത്താവ് സിദ്ധാർഥിന്റെ പ്രതികരണത്തെക്കുറിച്ചും താരം വ്യക്തമാക്കി. ആ രംഗങ്ങളെക്കുറിച്ച് സിദ്ധാർഥിന് യാതൊരുവിധ ആശങ്കയോ അസ്വസ്ഥതയോ ഉണ്ടായിരുന്നില്ലെന്നും, തങ്ങൾക്കിടയിൽ അത് ഒരു ചർച്ചാവിഷയമേ ആയിട്ടില്ലെന്നും കിയാര വെളിപ്പെടുത്തി. വിവാഹിതനായ ഒരു നടൻ ഇത്തരം രംഗങ്ങളിൽ അഭിനയിക്കുമ്പോൾ ഇല്ലാത്ത പ്രശ്നങ്ങളാണ് വിവാഹിതയായ നടി ചെയ്യുമ്പോൾ സമൂഹം ഉയർത്തുന്നതെന്ന് ചൂണ്ടിക്കാട്ടിയ കിയാര, സിദ്ധാർഥിന്റെ പക്വതയുള്ള പിന്തുണയാണ് തനിക്ക് കരുത്തായതെന്നും കൂട്ടിച്ചേർത്തു.
