
ടൊവിനോ തോമസ് നായകനായ ഐഡന്റിറ്റിയുടെ ഷൂട്ടിംഗ് തലസ്ഥാനത്ത്. അഖിൽ പോൾ – അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഐഡന്റിറ്റി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആണ് തിരുവനന്തപുരത്ത് ആരംഭിച്ചത്. തൃഷയാണ് ചിത്രത്തിലെ നായിക. ടൊവിനോ തോമസ്, തൃഷ എന്നിവർ ഉൾപ്പെടുന്ന താരങ്ങൾ തിരുവനന്തപുരത്ത് ചിത്രീകരിക്കുന്ന സീനുകളിൽ അഭിനയിക്കുന്നുണ്ട്. തൃഷ നായികയായ ചിത്രം തിരുവനന്തപുരത്ത് ചിത്രീകരിക്കുന്നത് ആദ്യമാണ്. വൻ മുതൽമുടക്കിൽ നാല് ഭാഷകളിലായാണ് ഐഡന്റിറ്റി ഒരുങ്ങുന്നത്.
ആക്ഷൻ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ഐഡന്റിറ്റിയിൽ തെന്നിന്ത്യൻ താരം വിനയ് റായ് ആണ് മറ്റൊരു പ്രധാന താരം. ബോളിവുഡ് താരം മന്ദിര ബേദിയുടെ അരങ്ങേറ്റം മലയാള ചിത്രം കൂടിയാണിത്. കഴിഞ്ഞ സെപ്തംബറിൽ ഗോവയിൽ ചിത്രീകരണം ആരംഭിച്ച ഐഡന്റിറ്റിക്ക് രാജസ്ഥാനിലും ജമ്മുവിലും കൊച്ചിയിലും ഷൂട്ടിംഗ് ഉണ്ടായിരുന്നു.
രാഗം മൂവീസിന്റെ ബാനറിൽ രാജു മല്ല്യത്ത്, സെഞ്ച്വറി കൊച്ചുമോനുമായി ചേർന്നാണ് നിർമ്മാണം. അഖിൽ പോളും അനസ് ഖാനും ചേർന്ന് രചനയും സംവിധാനവും നിർവഹിച്ച് 2020ൽ റിലീസ് ചെയ്ത ടൊവിനോ തോമസ് നായകനായ സൈക്കോളജിക്കൽ ത്രില്ലറായ ഫോറൻസിക് മികച്ച വിജയം നേടിയിരുന്നു.











