
ഉർവശിയും ജോജു ജോർജും ആദ്യമായി ഒന്നിക്കുന്ന ‘ആശ’യുടെ സെൻസറിങ് നടപടികൾ പൂർത്തിയായി. ചിത്രത്തിന് ‘U/A’ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. സെപ്റ്റംബർ 11-നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്. അഞ്ച് ഭാഷകളിലായിട്ടാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ഐശ്വര്യ ലക്ഷ്മി, വിജയരാഘവൻ, ശാരി, ജോയ് മാത്യു, പ്രശാന്ത് അലക്സാണ്ടർ, ‘പണി’ ഫെയിം രമേഷ് ഗിരിജ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഒരു അപകടവും തുടർന്നുണ്ടാകുന്ന ആകാംക്ഷ നിറഞ്ഞ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. തികച്ചും ദുരൂഹത നിറഞ്ഞ ട്രെയിലർ ഇതിനോടകം തന്നെ പ്രേക്ഷകരുടെ പ്രതീക്ഷ വർധിപ്പിച്ചിട്ടുണ്ട്. അങ്ങേയറ്റം സങ്കീർണ്ണവും പ്രവചനാതീതവുമായ കഥാപാത്രങ്ങളായാണ് ഉർവശിയും ജോജുവും ചിത്രത്തിൽ എത്തുന്നത്. ഇരുവരുടെയും വേറിട്ട ഗെറ്റപ്പും അഭിനയ മുഹൂർത്തങ്ങളും ചിത്രത്തിന്റെ പ്രധാന ആകർഷണമായിരിക്കും.
അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ചിത്രമാണിത്. പൊൻമാൻ, ഗഗനചാരി, ബാന്ദ്ര, മദനോത്സവം, സർക്കീട്ട് തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങൾക്ക് ശേഷമാണ് അജിത് വിനായക ഫിലിംസ് ‘ആശയുമായി’ എത്തുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പോസ്റ്ററും ഫസ്റ്റ് ലുക്കും നേരത്തെ ഏറെ ശ്രദ്ധ നേടിയിരുന്നു.












