‘ജിത്തു സീനിൻ്റെ കഥ പറഞ്ഞപ്പോൾ ആദ്യ അഞ്ച് മിനിറ്റിൽ തന്നെ ചിരിച്ചുപോയി’; സൂര്യ

സംവിധായകൻ ജിത്തു മാധവനൊപ്പം പ്രവർത്തിക്കണമെന്നത് തന്റെ ആഗ്രഹമായിരുന്നുവെന്നും ‘സീൻ’ എന്ന ചിത്രത്തിന്റെ കഥ കേട്ടപ്പോൾ ആദ്യ അഞ്ച് മിനിറ്റിനുള്ളിൽ തന്നെ ചിരിച്ചുപോയെന്നും നടൻ സൂര്യ. ജിത്തുവിന്റെ കഥപറച്ചിൽ ശൈലി ഏറെ ഇഷ്ടപ്പെട്ടെന്നും മലയാളി താരങ്ങൾക്കും അണിയറപ്രവർത്തകർക്കുമൊപ്പം ജോലി ചെയ്ത അനുഭവം തനിക്ക് പുതുമയുള്ളതായിരുന്നെന്നും സൂര്യ പറഞ്ഞു. ദുബായിൽ നടന്ന ‘സീൻ’ സിനിമയുടെ പ്രമോഷൻ പരിപാടിയിലായിരുന്നു താരത്തിന്റെ പ്രതികരണം.

28 വർഷത്തെ സിനിമാജീവിതവും 48 സിനിമകളും പിന്നിട്ട തനിക്ക് മലയാളി ടീമിനൊപ്പം പ്രവർത്തിച്ചത് വ്യത്യസ്തമായ അനുഭവമായിരുന്നുവെന്ന് സൂര്യ പറഞ്ഞു. നസ്രിയ, നസ്‌ലൻ, സംഗീതസംവിധായകൻ സുഷിൻ ശ്യാം എന്നിവർക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതും ഏറെ പ്രത്യേകതയുള്ള അനുഭവമായിരുന്നു. ജിത്തു മാധവന്റെ പതിവ് ശൈലിയിൽ ഒരുങ്ങുന്ന കോമഡി നിറഞ്ഞ ക്രൈം ത്രില്ലറാണ് ‘സീൻ’ എന്നും താരം കൂട്ടിച്ചേർത്തു.
ഈ ദീപാവലിക്ക് പ്രേക്ഷകർക്ക് തികച്ചും അപ്രതീക്ഷിതവും പുതുമയുള്ളതുമായ സിനിമാനുഭവം സമ്മാനിക്കാൻ ചിത്രത്തിന് കഴിയുമെന്നാണ് പ്രതീക്ഷയെന്നും സൂര്യ വ്യക്തമാക്കി.

അതേസമയം, ദുബായിൽ നടന്ന പ്രമോഷൻ പരിപാടിയിൽ സൂര്യ അവതരിപ്പിക്കുന്ന ഇൻബരാജ് എന്ന പൊലീസ് കഥാപാത്രത്തിന്റെ ഗ്ലിംപ്സ് വീഡിയോയും പുറത്തിറക്കി. ‘രോമാഞ്ചം’, ‘ആവേശം’ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ‘സീനി’നുണ്ട്. സംവിധായകന്റെ ആദ്യ തമിഴ് ചിത്രമാണിത്.

ചിത്രത്തിൽ നസ്‌ലൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് ഈശ്വരൻ എന്നാണ്. ഈ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന ക്യാരക്ടർ ടീസർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സൂര്യയ്ക്കും നസ്രിയയ്ക്കുമൊപ്പം നസ്‌ലനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. നവംബർ 6ന് ദീപാവലി റിലീസായി ആഗോളതലത്തിൽ തിയേറ്ററുകളിലെത്തുന്ന ‘സീൻ’ കേരളത്തിൽ ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ് വിതരണത്തിനെത്തിക്കുന്നത്. ജിത്തു മാധവന്റെ വ്യത്യസ്തമായ കഥപറച്ചിൽ ശൈലിയും സൂര്യയുടെ സാന്നിധ്യവും ചേരുമ്പോൾ ചിത്രത്തിനായി വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.