‘ഇനി ഇൻഡസ്ട്രി ഭരിക്കാൻ പോകുന്നത് നീ തന്നെ’; നസ്ലിനെ പ്രശംസിച്ച് സംവിധായകൻ അറ്റ്‌ലി

‘ഇനി ഇൻഡസ്ട്രി ഭരിക്കാൻ പോകുന്നത് നീ തന്നെ’; നസ്ലിനെ പ്രശംസിച്ച് സംവിധായകൻ അറ്റ്‌ലി

‘സീൻ’ എന്ന ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റുകയാണ് യുവതാരം നസ്ലെൻ. ചിത്രത്തിലെ ഈശ്വരൻ എന്ന കഥാപാത്രമായുള്ള താരത്തിന്റെ പ്രകടനത്തിന് കേരളത്തിൽ മാത്രമല്ല, തമിഴ്‌നാട്ടിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതിനോടകം നിരവധി പ്രമുഖർ നസ്ലിന്റെ അഭിനയത്തെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ സംവിധായകൻ അറ്റ്‌ലി പങ്കുവെച്ച കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. നസ്ലെൻ ഭാവിയിലെ സൂപ്പർസ്റ്റാറാണെന്നും സിനിമാ മേഖലയിൽ വലിയ നേട്ടങ്ങൾ സ്വന്തമാക്കുമെന്നും അറ്റ്‌ലി പ്രശംസിച്ചു.

‘വളരെ പുതുമയുള്ളതും ആകർഷകവുമായ ഒരു കൊമേഴ്സ്യൽ എന്റർടെയ്നർ. ജിത്തു സാറിന്റെ കഥപറച്ചിൽ ശൈലിയുടെ വലിയ ആരാധകനാണ് ഞാൻ. എന്നാൽ ഈ ചിത്രം തികച്ചും വ്യത്യസ്തമാണ്. അവിശ്വസനീയമായ സ്ക്രീൻ പ്രസൻസാണ് നസ്ലെന്റേത്. ഭാവിയിലെ ഒരു സൂപ്പർസ്റ്റാർ തന്നെ. തീർച്ചയായും നീ സിനിമാരംഗത്ത് വലിയൊരു സ്ഥാനം നേടും’, എന്നായിരുന്നു അറ്റ്‌ലിയുടെ വാക്കുകൾ.

ചിത്രത്തിലെ മറ്റ് താരങ്ങളെയും അറ്റ്‌ലി പ്രത്യേകം പ്രശംസിച്ചു. തന്റെ പ്രിയ സുഹൃത്തായ നസ്രിയയുടെ തമിഴ് സിനിമയിലേക്കുള്ള തിരിച്ചുവരവ് മനോഹരമായിരുന്നുവെന്നും താരത്തിന്റെ സ്വാഭാവികമായ നർമ്മബോധവും ആകർഷണീയതയും അഭിനയത്തിലെ സൂക്ഷ്മതയും ഏറെ ഇഷ്ടപ്പെട്ടുവെന്നും അദ്ദേഹം കുറിച്ചു. നടൻ ആനന്ദരാജിന്റെ പ്രകടനത്തെയും സംഗീത സംവിധായകൻ സുഷിൻ ശ്യാമിന്റെ സംഗീതത്തെയും അറ്റ്‌ലി അഭിനന്ദിച്ചു. ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ച അണിയറപ്രവർത്തകർക്കും അഭിനേതാക്കൾക്കും നിർമ്മാതാക്കൾക്കും ഴഗരം സ്റ്റുഡിയോസിനും അദ്ദേഹം ആശംസകൾ നേർന്നു. സൂര്യയ്ക്കും ജ്യോതികയ്ക്കും പ്രത്യേക സ്നേഹവും അഭിനന്ദനവും അറിയിക്കുകയും ചെയ്തു.

അതേസമയം, നസ്ലെന്റെ പ്രകടനത്തിന് പിന്തുണയുമായി നടൻ മാത്യു തോമസും നേരത്തെ രംഗത്തെത്തിയിരുന്നു. ‘ഹേറ്റേഴ്‌സ് ഗോണ ഹേറ്റ്’ എന്ന തലക്കെട്ടോടെ ‘സീൻ’ സിനിമയിലെ നസ്ലെന്റെ പോസ്റ്ററാണ് മാത്യു ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചത്. ‘തൃശൂർ തിമോത്തി’ എന്ന വിശേഷണത്തോടെയുള്ള ഈ പോസ്റ്റ് ആരാധകർ ഏറ്റെടുത്തിരുന്നു.

നടൻ ചന്തു സലിംകുമാർ, ‘ലോക’ സംവിധായകൻ ഡൊമിനിക് അരുൺ എന്നിവരും മാത്യുവിന്റെ പോസ്റ്റ് പങ്കുവെച്ചിരുന്നു. മികച്ച പ്രതികരണങ്ങൾക്കൊപ്പം പ്രമുഖ താരങ്ങളുടെയും സംവിധായകരുടെയും അഭിനന്ദനങ്ങൾ കൂടി ലഭിച്ചതോടെ നസ്ലെന്റെ പ്രകടനം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറുകയാണ്.