
തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിൽ ചിത്രശലഭം ചിറകിട്ടടിച്ചാൽ കേരളത്തിൽ സുനാമി ഉണ്ടാകുമോ എന്ന ബട്ടർഫ്ലൈ എഫക്ട് ചോദ്യത്തിൽ നിന്നാണ് കാക്കി സർക്കസിന്റെ തുടക്കം. കൗതുകം ഉണർത്തുന്ന ഈ ചോദ്യത്തിന്റെ രസകരമായ മറുപടിയാണ് ഏഴ് എപ്പിസോഡുകൾ നീണ്ടുനിൽക്കുന്ന കാക്കി സർക്കസ് എന്ന സീരീസ് നൽകുന്നത്. ഇന്ത്യയിലെ മുൻനിര സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ZEE5 വഴി പുറത്തിറങ്ങിയ ഈ സീരീസ് രചനയും സംവിധാനവും നിർവഹിച്ചത് അമീൻ ബാരിഫാണ്.
തമിഴ്നാട്ടിലെ ഒരു ജയിലിനെ പശ്ചാത്തലമാക്കി കഥ മുന്നോട്ട് പോകുന്നു. സ്വന്തം പുസ്തകങ്ങൾ എഴുതുകയും അത് തടവുകാർക്ക് വായിപ്പിക്കുകയും ജയിലിനുള്ളിൽ തന്നെ ഒരു അമ്പലം സ്ഥാപിച്ച് തടവുകാരെ കൊണ്ട് നേർച്ച ഇടിക്കുന്ന ഒരു ജയിൽ സംവിധാനവും അതിലെ സൂപ്രണ്ടിന്റെ വിചിത്രമായ സമീപനവുമാണ് കഥയുടെ തുടക്കം. ഒരു ദിവസം ജയിലിലെ ഭണ്ഡാരപ്പെട്ടി മോഷണം പോകുന്നതോടെ കഥക്ക് പുതിയ വഴിത്തിരിവ് ലഭിക്കുന്നു. ജയിലിനുള്ളിൽ തന്നെ നടന്ന മോഷണം പുറത്തറിയാതിരിക്കാൻ നടത്തുന്ന ശ്രമങ്ങളും മോഷ്ടാവിനെ കണ്ടെത്താനുള്ള ശ്രമങ്ങളും കഥയെ മുന്നോട്ട് നയിക്കുന്നു.
വളരെ രസകരമായ പ്രമേയം കൈകാര്യം ചെയ്യുന്ന ഈ സീരീസ് അതിന്റെ രസച്ചോർച്ചയില്ലാതെ തന്നെ ഏഴ് എപ്പിസോഡുകളായി പ്രേക്ഷകരിലേക്ക് എത്തുന്നു. ഒരു പോലീസ് കഥയ്ക്ക് വേണ്ട ത്രില്ലും അതിനെ വ്യത്യസ്തമായി അവതരിപ്പിക്കുന്ന കോമഡി ട്രീറ്റ്മെന്റും ചേർന്നതാണ് കാക്കി സർക്കസിന്റെ പ്രത്യേകത.മുനിഷ്കാന്ത്,സുഭാഷ് സെൽവം,രാജേഷ് മാധവൻ,ഗൗതമി നായർ,അമൃത,അബ്ദുൾ ലീ,വിൻസു റേച്ചൽ,രാകേഷ് ഉഷാർ,സാവിത്രി,മരുതുപാണ്ടിയൻ,ചിത്തിരസേനൻ, അരുൺ, വിഘ്നേശ്വർ എന്നിവരടങ്ങുന്ന ഒരു വലിയ താരനിര തന്നെ സീരീസിൽ അണിനിരക്കുന്നുണ്ട്. അതിൽ എടുത്തുപറയേണ്ടത് മുനീഷ് കാന്തിന്റെയും മലയാളി താരമായ രാജേഷ് മാധവന്റെയും പ്രകടനങ്ങളാണ്.
ഈ സീരീസിന്റെ ടെക്നിക്കൽ മികവിലും വലിയ പങ്ക് വഹിക്കുന്നത് ശക്തമായ ക്രൂ ആണ്. നീരാജ് റേവി കൈകാര്യം ചെയ്ത ഒഴുക്കോടെയുള്ള ചായഗ്രഹണ മികവ് എടുത്തു പറയേണ്ടതാണ്. അർജുൻ ബാബുവിന്റെ എഡിറ്റിംഗ്, അരുൺ രാജ് ഒരുക്കിയ സംഗീതം എന്നിവ സീരീസിന്റെ ഹൈലൈറ്റുകൾ ആണ്.
പ്രൊഡക്ഷൻ ഡിസൈനർ ഹംസ ഒരുക്കിയ സെറ്റുകളും ലൊക്കേഷനുകളും കഥയുടെ സ്വഭാവത്തോട് ചേർന്ന് നിൽക്കുന്നു. സേതുരാമലിംഗം എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും കെ എസ് ആർ ചന്ദ്രു ക്രിയേറ്റീവ് പ്രൊഡ്യൂസറായും എൻ വിജയ രാജേഷ് പ്രൊഡക്ഷൻ എക്സിക്യൂട്ടീവായും പ്രവർത്തിച്ചിരിക്കുന്നു.
ഈ സീരീസ് റൈസ് ഈസ്റ്റ് എന്റർടെയിൻമെന്റ് ബാനറിൽ ശ്രീനിധി സാഗർ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.











