‘മലയന്‍ കുഞ്ഞു കണ്ടതോടെ ഡിസാസ്റ്റര്‍ സിനിമകളോട് തന്നെ വെറുപ്പായി പോയിരുന്നു’

100 കോടിയുടെ തിളക്കത്തില്‍ ജൂഡ് ആന്തണി ജോസഫ് ചിത്രം ‘2018’. വെറും 10 ദിനം കൊണ്ട് ചിത്രം നൂറുകോടി ക്ലബ്ബിലെത്തിയ സന്തോഷത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘കാരിരുമ്പ് പോലുള്ള ഈ ഹൃദയം നീ ഒന്ന് ഉലച്ചു, ഈ കണ്ണുകള്‍ ഒന്ന് നിറയിച്ചു. അതിനിരിക്കട്ടെ ജൂഡേ നിനക്കൊരു പൊന്‍തൂവല്‍! ഒപ്പം വരാനിരിക്കുന്ന വമ്പന്‍ പ്രൊജക്റ്റുകള്‍ക്കെല്ലാം മുന്‍കൂര്‍ ആശംസകളുമെന്ന് ഫ്യുറി ചാര്‍ലി മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

മലയന്‍ കുഞ്ഞു കണ്ടതോടെ ഡിസാസ്റ്റര്‍ സിനിമകളോട് തന്നെ വെറുപ്പായി പോയിരുന്നു. ഉരുള്‍ പൊട്ടല്‍ കാണിക്കാന്‍ നായകന്‍ ഇരുന്ന മുറിയിലെ ട്യൂബ് ലൈറ്റ് ഓഫ് ചെയ്ത് കാട്ടിയ ആ ചീപ്പ് വിദ്യ ന്യായീകരിക്കാനും അന്ന് ആളുകള്‍ ഉണ്ടായി എന്നത് നമ്മുടെ സിനിമയുടെ ശാപമാണ്. ആ ഒറ്റ മുറിയിലെ ഉരുള്‍ പൊട്ടല്‍ പോലെ പുതു സിനിമക്കാരുടെ പണം മുടക്കാതെ ലാഭം നേടാനുള്ള തട്ടിപ്പുകള്‍ മൂലം ആളുകള്‍ക്ക് മലയാള സിനിമയോട് മൊത്തത്തില്‍ വെറുപ്പായി തുടങ്ങുന്ന ഈ കാലത്ത് സ്‌ക്രീന്‍ നിറഞ്ഞും മനസ്സ് നിറഞ്ഞും കാണാവുന്ന കലയോട് മാത്രം വിധേയത്വമുള്ള ഇത്തരം സിനിമകള്‍ ആഘോഷമായി മാറുന്നതില്‍ ഒരത്ഭുതവും ഇല്ല.
AR റഹ്‌മാന്‍ ഇല്ല ഫഹദ് ഫാസില്‍ ഇല്ല, ‘മോളെ….’ന്നുള്ള ആ വിളി ഇല്ല എന്തിന്, മര്യാദക്കുള്ള ഒരു പോസ്റ്റര്‍ പോലുമില്ല. എന്നിട്ടും കണ്ണും മനസ്സും നിറയാതെ ഈ സിനിമ കണ്ടു ഇറങ്ങാന്‍ നിങ്ങള്‍ക്ക് കഴിയുന്നില്ലെങ്കില്‍ അതിനുള്ള കൈയ്യടി ആ കപ്പിത്താന് തന്നെ കൊടുക്കണം. മറ്റേ കപ്പിത്താന്‍ അല്ല സാര്‍, ഈ സിനിമയുടെ കപ്പിത്താന്‍ ജൂഡ് ആന്റണിക്ക്.
മൊബൈല്‍ ഫോണില്‍ കണ്ടു രസിക്കാവുന്ന കൊച്ചു സിനിമകള്‍ മാത്രം പിടിച്ചു കണ്ടിട്ടുള്ള ജൂഡ് പെട്ടന്ന് വമ്പന്‍ സിനിമകള്‍ക്ക് പാകത നേടി എന്നത് വിശ്വസിക്കാന്‍ എല്ലാവരെയും പോലെ വെട്ടുകിളിക്കും സിനിമ തുടങ്ങിയപ്പോള്‍ അല്‍പ്പം ബുദ്ധിമുട്ട് തന്നെയായിരുന്നു. പക്ഷേ സിനിമ പോകെ പോകെ കത്തി കയറിയപ്പോള്‍ IV ശശി ജോഷി ലെവലില്‍ സിനിമ ചെയ്യാന്‍ ഒരു മുത്തിനെ നമുക്ക് കിട്ടി എന്ന് ഉറപ്പായി. അനേകം താരങ്ങളെയും, കഥാ സന്ദര്‍ഭങ്ങളെയും ഒത്തിണക്കി ദൃശ്യമികവില്‍ ഒരു കൊമ്പ്രമൈസിനും തയ്യാറാകാതെ സിനിമ പിടിച്ച ജൂഡിന് തന്നെയാണ് ഈ വിജയത്തിന്റെ മുഴുവന്‍ ക്രെഡിറ്റും കൊടുക്കേണ്ടത്.
തമിഴ് നാട്ടിലെ മഴ പെയ്യാത്ത ഒരു ഗ്രാമത്തില്‍ നിന്നും തുടങ്ങുന്ന കഥ പിന്നീട് കേരളത്തിലെ മലയോര ഗ്രാമത്തിലേക്ക് എത്തുമ്പോഴാണ് വികസിക്കുന്നത്. അതിനിടെ മരുഭൂമിയിലെ പ്രവാസികളെ മുതല്‍ കേരളാ സമുദ്ര തീരത്തെ മത്സ്യ തൊഴിലാളികളെ വരെ തൊട്ട് പതിയെ എത്തുന്ന സിനിമ പെട്ടന്നുള്ള ന്യുനമര്‍ദ്ദത്തില്‍ പെയ്യുന്ന മഴയോടെ ഫുള്‍ സ്പീഡില്‍ എത്തും. എന്ത് ചെയ്യും എന്നറിയാതെ മലയാളി നെട്ടോട്ടമോടിയ ആ കാലം ഏല്‍പ്പിച്ച മുറിവുകള്‍ ഇന്നും ഉണങ്ങാത്തത് കൊണ്ടു മാത്രമാണ് ഈ സിനിമ ആര്‍ക്കും തൊടാന്‍ ആകാത്ത രീതിയില്‍ ഇപ്പോഴും കുതിക്കുന്നത്.
ടോവിനോയുടെ അടുത്ത വീട്ടിലെ പയ്യന്‍ ഇമേജ് സിനിമയ്ക്ക് ഒത്തിരി ഗുണം ചെയ്തു. സത്യത്തില്‍ കലിപ്പന്‍ വേഷങ്ങളെക്കാളും ടോവിക് ചേരുന്നത് ഇത്തരം ലൈറ്റ് വേഷങ്ങളാണ്. ബാക്കി എല്ലാ അഭിനേതാക്കളും ടോവിനോയുടെ ഒരു പടി താഴെ മാത്രമാണ്. സ്‌ക്രീന്‍ സ്‌പെസിലും, പ്രകടനത്തിലും.
ആ ഹെലികോപ്റ്റര്‍ സീന്‍ ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കില്‍ ബാലിശമാകാതെ നോക്കാമായിരുന്നു എന്ന് തോന്നി. അത് പോലെ വാട്ട്‌സ് അപ്പ് കൂട്ടായ്മയുടെ വരവും.
വെള്ളപ്പൊക്കം എന്ന് കേട്ടപ്പോള്‍ ‘വാടാ പിള്ളേരെ’ എന്നും പറഞ്ഞു മുണ്ട് മടക്കികുത്തി ചാടി ഇറങ്ങുന്ന കമ്മി സ്വപ്നത്തിലെ ചുറുചുറുക്കന്‍ മുഖ്യന് പകരം ‘ നമ്മള്‍ എന്ത് ചെയ്യും? എന്ന് ദുരന്ത നിവാരണത്തെ പറ്റി അറിയാവുന്നവരോട് ചോദിക്കുന്ന വാര്‍ദ്ധക്യം ബാധിച്ച മുഖ്യനെ കാട്ടിയത് ചിലര്‍ക്ക് പിടിക്കാത്തത് സിനിമയ്ക്ക് ഒരു ഗുണവും ചെയ്തിട്ടില്ലാത്ത ഇടത് ജിഹാദി കൊതുക് കൂട്ടമായ CPC യില്‍ അവഗണന നേടാന്‍ ഇടയാക്കി. ദുരന്ത മുഖത്തെ രക്ഷാ പ്രവര്‍ത്തകര്‍ക്ക് ചുവപ്പ് ഉടുപ്പും പച്ച ഉടുപ്പും കാട്ടാത്തത് മറ്റ് ചില കൂട്ടര്‍ക്ക് പിടിച്ചില്ല. അച്ചന്‍ പള്ളിമണി അടിച്ചു ആളെ കൂട്ടിയതും മേരി മാതാ എന്ന ബോട്ട് കൃത്യമായി അവിടെ സ്മാരകമായതും ഇനിയൊരു കൂട്ടര്‍ക്ക് പിടിച്ചില്ല. ഇവര്‍ക്കൊക്കെ നന്നായി പിടിക്കുന്ന രീതിയില്‍ ഇറക്കിയ ആഷിക് അബുവിന്റെ വൈറസ് സിനിമ ഒരു വരട്ട് ചൊറിയുടെ പാട് പോലും ആകാതെ വിസ്മരിക്കപ്പെട്ടത് മാത്രം ഓര്‍ത്താല്‍ മതി ആ ചൊറിച്ചിലിന്റെ അസുഖം അങ്ങ് മാറിക്കോളും.
പിന്നെ സിനിമയുടെ ക്ലൈമാക്‌സ് – കാരിരുമ്പ് പോലുള്ള ഈ ഹൃദയം നീ ഒന്ന് ഉലച്ചു, ഈ കണ്ണുകള്‍ ഒന്ന് നിറയിച്ചു. അതിനിരിക്കട്ടെ ജൂഡേ നിനക്കൊരു പൊന്‍തൂവല്‍!
ഒപ്പം വരാനിരിക്കുന്ന വമ്പന്‍ പ്രൊജക്റ്റ്കള്‍ക്കെല്ലാം മുന്‍കൂര്‍ ആശംസകളും….

‘കാവ്യാ ഫിലിംസ്’, ‘പി കെ പ്രൈം പ്രൊഡക്ഷന്‍സ് ‘എന്നിവയുടെ ബാനറില്‍ വേണു കുന്നപ്പള്ളി, സി കെ പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അഖില്‍ പി ധര്‍മജന്റെതാണ് സഹതിരക്കഥ. അഖില്‍ ജോര്‍ജ്ജാണ് ഛായാഗ്രാഹകന്‍. ചമന്‍ ചാക്കോ ചിത്രസംയോജനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം നോബിന്‍ പോളും സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. കേരളീയര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത ‘2018’ എന്ന വര്‍ഷവും ആ വര്‍ഷത്തില്‍ നമ്മളെ തേടിയെത്തിയ പ്രളയമെന്ന മഹാമാരിയും പ്രേക്ഷകര്‍ക്ക് മുന്നില്‍ ഒരു നേര്‍ക്കാഴ്ചയെന്നോണം അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ മലയാളികളുടെ മനോധൈര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഒത്തൊരുമയുടെയും കഥയാണ് ദൃഷ്യാവിഷ്‌ക്കരിച്ചിരിക്കുന്നത്.

Gargi