റുഷിന്‍ ഷാജി കൈലാസ് നായകനാവുന്ന ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് അണിയറയില്‍!!

സംവിധായകന്‍ ഷാജി കൈലാസിന്റെയും ആനിയുടെയും ഇളയ മകന്‍ റുഷിന്‍ ഷാജി കൈലാസും വെള്ളിത്തിരയിലേക്ക്. നായകനായിട്ടാണ് റുഷിന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം. ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് എന്ന ചിത്രത്തിലൂടെയാണ് റുഷിന്‍ നായകനായെത്തുന്നത്. ഷൂട്ടിംഗ് പൂര്‍ത്തിയായ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിയ്ക്കുകയാണ്.

പ്ലസ് ടു, ബോബി, കാക്കിപ്പട എന്നീ സിനിമകള്‍ സംവിധാനം ചെയ്ത ഷെബി ചൗഘട്ട് ആണ് ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് സംവിധാനം ചെയ്യുന്നത്. പ്രജീവം മൂവീസിന്റെ ബാനറില്‍ പ്രജീവ് സത്യവര്‍ദ്ധനാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.

ചിത്രത്തിലെ സുകുമാരക്കുറുപ്പ് എന്ന ടൈറ്റില്‍ കഥാപാത്രമായി അബു സലിം എത്തുന്നു. ജോണി ആന്റണി, ടിനി ടോം, ശ്രീജിത്ത് രവി, ഇനിയ, സുജിത് ശങ്കര്‍, എബിന്‍ ബിനോ, ദിനേശ് പണിക്കര്‍, സിനോജ് വര്‍ഗീസ്, അജയ് നടരാജ്, സൂര്യ ക്രിഷ്, വൈഷ്ണവ് ബൈജു, പാര്‍വതി രാജന്‍ ശങ്കരാടി തുടങ്ങി താരങ്ങള്‍ മറ്റ് വേഷങ്ങളിലെത്തുന്നു,

ചിത്രത്തിന്റെ കഥയൊരുക്കിയത് ഷെബി ചൗഘട്ടാണ്. തിരക്കഥയും സംഭാഷണവും വി.ആര്‍ ബാലഗോപാല്‍ ആണ് നിര്‍വഹിക്കുന്നത്. ഹരിനാരായണന്റെ വരികള്‍ക്ക് മെജോ ജോസഫാണ് സംഗീതമൊരുക്കുന്നത്. ഗാനങ്ങള്‍ ആലപിച്ചത് വിനീത് ശ്രീനിവാസന്‍, അഫ്സല്‍, മുരളീകൃഷ്ണ എന്നിവരാണ്.