നമ്മള്‍ തിരഞ്ഞെടുത്ത വഴികള്‍ സുഗമമല്ല ഇന്ന് നാം നടത്തുന്ന വിപ്ലവങ്ങള്‍ തിരിച്ചറിയപ്പെട്ടുകൊള്ളണമെന്നില്ല, ഗീതു മോഹൻദാസ്

മലയാളത്തിന്റെ പ്രിയനടിയാണ് ഗീതു മോഹൻദാസ്, വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നും മാറിനിന്ന താരം ഇപ്പോൾ സംവിധാനവുമായി രംഗത്ത് എത്തിയിരിക്കുകയാണ്, ഇപ്പോൾ എഎംഎംഎയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പാര്‍വതിക്കും രേവതിക്കും പത്മപ്രിയയ്ക്കും പിന്തുണ അറിയിച്ചുള്ള ഗീതുവിന്റെ ഫേസ്ബുക് പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നത്

തെരഞ്ഞെടുത്ത വഴികള്‍ സുഗമമല്ലെന്നും നാം നടത്തുന്ന വിപ്ലവങ്ങള്‍ തിരിച്ചറിയപ്പെട്ടുകൊള്ളണമെന്നില്ലെന്നും ഗീതു കുറിച്ചു. ഉയര്‍ത്തിയ ശബ്ദങ്ങളും റദ്ദായിപ്പോവുകയില്ലെന്നും നിശബ്ദരാക്കപ്പെട്ടവരെയോ നിശബ്ദത പാലിക്കുന്നവരെയോ അല്ല നാം പിന്തുടരുന്നതെന്നും ഗീതു.
എഎംഎംഎയ്ക്ക് നടിമാരായ രേവതിയും പത്മപ്രിയയും കത്തയച്ചിരുന്നു. ഇടവേള ബാബുവിന്റെ പരാമര്‍ശത്തില്‍ സംഘടനാ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു.
സിദ്ദിഖിനെതിരായ ആരോപണത്തില്‍ സ്വീകരിച്ച നടപടി എന്താണെന്ന് ചോദിച്ച ഇരുവരും സംഘടനയെയും സിനിമ മേഖലയെയെയും അപമാനിക്കുന്ന അംഗങ്ങളുടെ പ്രസ്താവനകളില്‍ എന്ത് നടപടി സ്വീകരിക്കുമെന്നും ചോദിച്ചു. കൂടാതെ ഇടവേള ബാബുവിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച്‌ നടി പാര്‍വതി തിരുവോത്ത് കഴിഞ്ഞ ദിവസം സംഘടനയില്‍ നിന്ന് രാജിവച്ചിരുന്നു.

​ഗീതുവിന്റെ കുറിപ്പ് ഇങ്ങനെ
പ്രിയപ്പെട്ട പാര്‍വ്വതി, രേവതിച്ചേച്ചി, പത്മപ്രിയ
നിങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജവും കരുത്തും ആശംസിക്കട്ടെ. നമ്മള്‍ തിരഞ്ഞെടുത്ത വഴികള്‍ സുഗമമല്ല. ഇന്ന് നാം നടത്തുന്ന വിപ്ലവങ്ങള്‍ തിരിച്ചറിയപ്പെട്ടുകൊള്ളണമെന്നില്ല, എന്നാല്‍ വരും തലമുറ നമ്മുടെ നിലപാട് ഏറ്റെടുക്കുക തന്നെ ചെയ്യും. ഇന്ന് സ്വസ്ഥരായിരിക്കുന്നവരുടെ സ്വാസ്ഥ്യം കെടുക തന്നെ ചെയ്യും. നമ്മളും നമ്മളുയര്‍ത്തിയ ശബ്ദങ്ങളും റദ്ദായിപ്പോവുകയില്ല. നിശബ്ദരാക്കപ്പെട്ടവരെയോ നിശബ്ദത പാലിക്കുന്നവരെയോ അല്ല നാം പിന്തുടരുന്നത്. ഇനിയും മനസാക്ഷി മരിച്ചിട്ടില്ലാത്തവരെ നമുക്ക് ആഘോഷിക്കാം.
 

Krithika Kannan