Film News

ഉണ്ണി മുകുന്ദനും നിഖില വിമലും ഒന്നിക്കുന്ന ‘ഗെറ്റ് സെറ്റ് ബേബി’ ആരംഭിച്ചു!!!

ഉണ്ണി മുകുന്ദന്‍, നിഖില വിമല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഗെറ്റ് സെറ്റ് ബേബി’ ആരംഭിച്ചു. ചിത്രത്തിന്റെ സ്വിച്ചോണ്‍ കര്‍മ്മം ശ്രീ ചോറ്റാനിക്കര ദേവീ ക്ഷേത്രാങ്കണത്തില്‍ നടന്നു. എറണാകുളത്തും പരിസരങ്ങളിലുമായിട്ടാണ് പ്രധാന ചിത്രീകരണം നടക്കുന്നത്. ചിത്രീകരണം ജനുവരി 14-ന് ആരംഭിക്കും.

ഐ.വി.എഫ് സ്‌പെഷ്യലിസ്റ്റ് ആയ ഒരു ഡോക്ടറായിട്ടാണ് ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ എത്തുന്നത്. ചില പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അയാള്‍ കണ്ടെത്തുന്ന വഴികളും രസകരമായ രീതിയില്‍ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ഗെറ്റ് സെറ്റ് ബേബി’. സാമൂഹികപ്രസക്തിയുള്ള ഈ ഫാമിലി എന്റര്‍ടെയിനര്‍ നിരവധി വൈകാരിക മുഹൂര്‍ത്തങ്ങളെ നര്‍മ്മത്തില്‍ ചാലിച്ച് കുടുംബ പ്രേക്ഷകര്‍ക്കായി ഒരുക്കുന്നുവെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിക്കുന്നു.

മേപ്പടിയാന്‍, ഷഫീക്കിന്റെ സന്തോഷം, മാളികപ്പുറം തുടങ്ങിയ കുടുംബ ചിത്രങ്ങളിലൂടെ കുടുംബ പ്രേക്ഷക മനസുകളില്‍ സ്ഥാനം നേടിയ ഉണ്ണിമുകുന്ദന്റെ വ്യത്യസ്തമായ കഥാപാത്രത്തിനായി കാത്തിരിപ്പിലാണ് ആരാധകലോകം. പ്രതീക്ഷകളോടെ ജീവിതത്തെ കാണുന്ന, ശക്തമായ നായികാ കഥാപാത്രത്തെയാണ് നിഖില വിമല്‍ അവതരിപ്പിക്കുന്നത്.

സ്‌കന്ദ സിനിമാസ്, കിംഗ്‌സ് മെന്‍ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ സജീവ് സോമന്‍, സുനില്‍ ജെയിന്‍, പ്രക്ഷാലി ജെയിന്‍, സാം ജോര്‍ജ്ജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വൈ വി രാജേഷ്, അനൂപ് രവീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗെറ്റ് സെറ്റ് ബേബിയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയത്. അലക്‌സ് ജെ പുളിക്കല്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.

എഡിറ്റര്‍-മഹേഷ് നാരായണന്‍, സംഗീതം- സാം സി എസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-പ്രണവ് മോഹന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍-സുനില്‍ കെ ജോര്‍ജ്, വസ്ത്രാലങ്കാരം-സമീറാ സനീഷ്, സ്റ്റില്‍സ്-ബിജിത്ത് ധര്‍മ്മടം, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-എബി ബെന്നി, രോഹിത് കിഷോര്‍, പി ആര്‍ ഒ- എ എസ് ദിനേശ് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

Anu