ബന്ധങ്ങളിലെ കൺഫ്യൂഷനുകളുടെ കഥപറഞ്ഞു ‘ഗിന്നി വെഡ്സ് സണ്ണി’

യാമി ഗൗതം, വിക്രാന്ത് മാസ്സി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ  ‘ഗിന്നി വെഡ്സ് സണ്ണി’ നെറ്റ്ഫ്ലിക്സാണ് റിലീസ് ചെയ്തിരിക്കുന്നത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ പുനീത് ഖന്നയാണ്.

പേര് സൂചിപ്പിക്കുന്നതു പോലെ ഗിന്നിയുടേയും സണ്ണിയുടേയും കല്ല്യാണമാണ് ചിത്രത്തിൻ്റെ വിഷയം. പ്രണയം, ആകർഷണം, ഇഷ്ട്ടം തുടങ്ങിയവ വേർതിരിച്ച് അറിയാൻ സാധിക്കാത്ത, ബന്ധങ്ങൾക്കിടയിൽ ‘കൺഫ്യൂഷൻ’ നിലനിൽക്കുന്ന യുവ ജനതയെയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ പ്രതിനിധീകരിക്കുന്നത്.  തൻ്റെ റെസ്റ്റോറൻ്റ് തുടങ്ങാനായി വിവാഹം ചെയ്യാൻ തിരക്കുകൂട്ടുന്നയാളാണ് നായക കഥാപാത്രമായ സത്നാം സേത്തി അഥവാ സണ്ണി (വിക്രാന്ത്). പക്ഷെ സണ്ണിയുടെ തിടുക്കത്താൽ തന്നെ അയാളുടെ റിലേഷൻഷിപ്പുകൾ ഒന്നും വിജയത്തിലെത്തുന്നില്ല.
പെട്ടെന്ന് അറേഞ്ച്ഡായി വിവാഹം കഴിച്ച് സെറ്റിലാകാൻ തീരുമാനിക്കുന്ന സണ്ണിയെ പിതാവ് അയക്കുന്നത് മാര്യേജ് നടത്തിക്കൊടുക്കുന്ന ശോഭ ജുനേജ എന്ന സ്ത്രീയുടെ അടുത്തേക്കാണ്. നിരവധി കല്ല്യാണങ്ങൾ താൻ നടത്തിയിട്ടുണ്ടെങ്കിലും സ്വന്തം മകളായ ഗിന്നിക്ക് (യാമി) യോജിച്ചൊരു വരനെ കണ്ടെത്താൻ അവർക്ക് കഴിഞ്ഞിട്ടില്ലായിരുന്നു. സണ്ണിയെ പരിചയപ്പെട്ട ശോഭ ജുനേജ തൻ്റെ മകളായ ഗിന്നിയെ വിവാഹം ചെയ്യാൻ അയാളോട് ആവശ്യപ്പെട്ടു. ചെറുപ്പകാലത്തെ തൻ്റെ സ്വപ്നം പൂവണിയുന്ന നിമിഷമായിരുന്നു സണ്ണിക്ക് അത്. അതീവ സുന്ദരിയായ ഗിന്നി തനിക്ക് അപ്രാപ്യമാണെന്ന് ചിന്തിച്ചിരുന്ന സണ്ണിക്ക് അവളുടെ അമ്മയുടെ വാക്കുകൾ വരമായി മാറി.
താൻ പ്രണയവിവാഹം മാത്രമേ ചെയ്യൂ എന്ന് വാശിപിടിച്ചിരുന്ന ഗിന്നിയെ പ്രണയിക്കാൻ അല്ലെങ്കിൽ, പ്രണയം നടിച്ച് വിവാഹത്തിന് സമ്മതിപ്പിക്കാൻ അവളുടെ അമ്മ തന്നെ സണ്ണിയെ സഹായിക്കുന്നു. കുറെയേറെ ബ്രേക്കപ്പുകളും പാച്ച്അപ്പുകളും ഉൾപ്പെട്ട നിഷാന്തുമായുള്ള (സുഹൈൽ) ഗിന്നിയുടെ കൺഫ്യൂസിങ്ങായ റിലേഷൻഷിപ്പും, പതിയെ ഗിന്നിയുടെ മനസ്സിൽ സ്ഥാനം നേടുന്ന സണ്ണിയുമായി അവൾ അടുക്കുന്നതും, കാര്യകൾ ചില കടമ്പകൾ കടന്ന് അവരുടെ വിവാഹത്തിലേക്ക് എത്തുന്നതുമെല്ലാമാണ് ചിത്രത്തിൽ കാണാനുള്ളത്.

 
കഥാപരമായി സിനിമയിൽ ഒട്ടും പുതുമയില്ല, തങ്ങളിൽ ഒരാളുടെ വിവാഹ മുഹൂർത്തമെത്തും വരെ പ്രണയം തിരിച്ചറിയാൻ സാധിക്കാത്ത അല്ലെങ്കിൽ ആ തീരുമാനമെടുക്കാൻ ആശങ്കകളുള്ള ജോടികളുടെ കഥകൾ നമ്മൾ കണ്ട് മടുത്തുകഴിഞ്ഞ കാര്യമാണ്. ഈ കഥയിൽ ചെറുതായൊരു വ്യത്യസ്ഥത തോന്നുന്നത് ഗിന്നിയെ പ്രണയത്തിലൂടെ വിവാഹത്തിന് സമ്മതിപ്പിക്കാൻ സണ്ണിയെ പ്രേരിപ്പിക്കുന്നതും, അതിന് സഹായിക്കുന്നതും ഗിന്നിയുടെ അമ്മയാണെന്നതാണ്‌, അതിലും അത്ര പുതുമയൊന്നും ഇല്ലെങ്കിലും. ഏകദേശം സമാനമായ ഇതേ ആശയം ഹാസ്യത്തിൻ്റെയും, ട്വിസ്റ്റുകളുടേയും അകമ്പടിയോടെ അവതരിപ്പിച്ച് കൈയ്യടി നേടിയതാണ് മലയാള ചിത്രം ഹാപ്പി വെഡ്ഡിംഗ്. പക്ഷെ ഇവിടെ നായിക- നായകൻ്റെ കൺഫ്യൂഷനുകൾക്കപ്പുറം ചിത്രത്തിന് പറയാൻ ഒന്നുമില്ലായിരുന്നു എന്നതാണ് അതിൻ്റെ ഏറ്റവും വലിയ പോരായ്മ. റിലേഷൻഷിപ്പ് തിരഞ്ഞെടുക്കുന്നതിലെ ആശങ്കകളും, ആശയക്കുഴപ്പങ്ങളുമാണ് ചിത്രം അവതരിപ്പിക്കുന്നത്

Sreekumar R