അമ്മയുടെ അരങ്ങേറ്റത്തിന് സാക്ഷിയായി മഞ്ജു വാര്യർ!

മഞ്ജു വാര്യരുടെയും മധു വാര്യരുടെയും അമ്മയായ ഗിരിജ ഇന്ന് മലയാളികൾക്ക് സുപരിചിതയാണ്. ലോക്ക് ഡൗൺ കാലത്താണ് ഗിരിജയെ കൂടുതൽ മലയാളികൾ തിരിച്ചറിഞ്ഞു തുടങ്ങിയത്. ലോക്ക് ഡൗൺ സമയത്താണ് ഗിരിജ വീണ്ടും എഴുതി തുടങ്ങുന്നത്. തന്റെ ‘അമ്മ എഴുതി തുടങ്ങുന്നതിന്റെ സന്തോഷം പങ്കുവെച്ചുകൊണ്ട് മഞ്ജുവും എത്തിയിരുന്നു. ഇപ്പോൾ മറ്റൊരു നേട്ടം കൈവരിച്ചിരിക്കുകയാണ് ഗിരിജ. ഏറെ നാളായുള്ള കഥകളി എന്ന തന്റെ സ്വപ്നത്തിൽ പരിശീലനം നേടിയിരിക്കുകയാണ് താരം. ഗിരിജ കഥകളിയിൽ അരങ്ങേറ്റം കുറിക്കാൻ പോകുന്നതിന്റെ വാർത്തകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. എന്നാൽ തന്റെ അരങ്ങേറ്റം കാണാം മകൾ മഞ്ജു കൂടി വേണം എന്നാണു ആഗ്രഹം എന്നും എന്നാൽ അവൾ ഇപ്പോൾ ഷൂട്ടിങ് തിരക്കുകളിൽ ആണെന്നും ഗിരിജ പറഞ്ഞിരുന്നു.

പെരുവനം ക്ഷേത്രത്തില്‍ ഇന്നലെയായിരുന്നു ഗിരിജയുടെ അരങ്ങേറ്റം. അമ്മയുടെ അരങ്ങേറ്റത്തിന് സാക്ഷിയാകാൻ മകൾ മഞ്ജുവും എത്തിയിരുന്നു. കലാനിലയം ഗോപിയാണ് ഗിരിജയെ കഥകളി അഭ്യസിക്കാൻ പരിശീലിപ്പിച്ചത്. കല്യാണ സൗഗന്ധികം കഥയിൽ പാഞ്ചാലിയെയാണ് ഗിരിജ അവതരിപ്പിച്ചത്. ഏറെ നാളായുള്ള തന്റെ ആഗ്രഹം സാധ്യമായതിന്റെ സന്തോഷത്തിൽ ആണ് ഗിരിജ ഇപ്പോൾ. ഗിരിജയുടെ കഥകളി പഠനത്തെ ഏറ്റവും കൂടുതൽ പ്രോത്സാഹിപ്പിച്ചത് മക്കളായ മധു വാര്യരും മഞ്ജു വാര്യരും ആയിരുന്നു. എന്നെ ഏറ്റവും കൂടുതൽ പ്രോത്സാഹിപ്പിച്ചത് എന്റെ മക്കൾ ആണെന്നും പഠനത്തിന് പ്രായം കാര്യമാക്കേണ്ട എന്നും അവർ പറഞ്ഞു. വർഷങ്ങൾ കൊണ്ട് യോഗ ചെയ്യുന്നതിനാൽ പഠനത്തിന് അധികം ബുദ്ധിമുട്ടേണ്ടി വന്നില്ലായെന്നും ഗിരിജ പറഞ്ഞു.

നാളെ റിലീസ് ചെയ്യാൻ പോകുന്ന ദി പ്രീസ്റ്റ് എന്ന മമ്മൂട്ടി ചിത്രത്തിന്റെ പത്രസമ്മേളത്തിനു ശേഷം എറണാകുളത്ത് നിന്നും പെരുവനം ക്ഷേത്രത്തിൽ എത്തിയ താരം ചമയങ്ങൾ അണിയിക്കുന്ന സമയം മുതൽ തന്നെ അമ്മയ്ക്ക് ഒപ്പം നിന്നു. കഥകളി കൂടാതെ ഗിരിജ മോഹിനിയാട്ടവും പരിശീലിക്കുന്നുണ്ട്. രണ്ടു വര്ഷം കൊണ്ട് കഥകളി പരിശീലനം നടത്തുകയായിരുന്നു ഗിരിജ.

Sreekumar R