Film News

താങ്കളുടെ തൊട്ടടുത്ത് ഇരുന്ന ആള്‍ ദൈവത്തെയാണ് അവിടെ കൂടിയിരുന്ന മനുഷ്യര്‍ കൂവി വിളിച്ചത്!!! ഹരീഷ് പേരടി

സാമൂഹിക വിഷയങ്ങളിലെല്ലാം നിലപാടുകള്‍ തുറന്നു പറയുന്ന താരമാണ് നടന്‍ ഹരീഷ് പേരടി. രാഷ്ട്രീയമോ സുഹൃദ് ബന്ധങ്ങളൊ ഒന്നും അത്തരം തുറന്നുപറച്ചിലിന് വിലങ്ങിടാറില്ല. ആരാധകര്‍ ഏറെയുള്ള താരമാണ് ഹരീഷ് പേരടി.

ഇപ്പോഴിതാ താരത്തിന്റെ പുതിയ പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. ഇരുപത്തിയെട്ടാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ അതിഥിയായെത്തിയ പ്രകാശ് രാജിന്റെ വാക്കുകള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഹരീഷ് പേരടി.

രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപന സംഗമത്തില്‍ വിശിഷ്ടാതിഥിയായിട്ടാണ് പ്രകാശ് രാജ് എത്തിയത്. ദൈവത്തെ രാഷ്ട്രീയത്തില്‍ നിന്ന് മാറ്റിനിര്‍ത്തിയ നാടാണ് കേരളമെന്നായിരുന്നു പ്രകാശ് രാജിന്റെ പരാമര്‍ശം. പരാമര്‍ശം വിവാദവുമായിരുന്നു.

ദൈവത്തിന്റെ സ്വന്തം നാട് എന്നതിനോടൊപ്പം ദൈവത്തെ രാഷ്ട്രീയത്തില്‍ നിന്ന് മാറ്റിനിറുത്തിയ നാട് കൂടിയാണ് കേരളം. പ്രത്യയശാസ്ത്രങ്ങളുടെ നിറങ്ങളില്ലാതെ ഇത്തരം ഒരു മേളയൊരുക്കിയതില്‍ കേരളത്തിലെ സിനിമാപ്രവര്‍ത്തകരേയും സര്‍ക്കാരിനേയും അഭിനന്ദിക്കുന്നു’, എന്നായിരുന്നു പ്രകാശ് രാജിന്റെ വിവാദ പരാമര്‍ശം.

പ്രകാശ് രാജിനെ വിമര്‍ശിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് ഹരീഷ് പേരടി. കേരളം ദൈവങ്ങളെ മാറ്റി നിര്‍ത്തി രാഷ്ട്രീയം പറയുന്നുവെന്ന പ്രകാശ് രാജിന്റെ പ്രസ്താവന സത്യ വിരുദ്ധമാണെന്ന് ഹരീഷ് പേരടി കുറിച്ചു.

കേരളം ദൈവങ്ങളെ മാറ്റി നിര്‍ത്തി രാഷ്ട്രീയം പറയുന്നു എന്ന താങ്കളുടെ പ്രസ്താവന സത്യവിരുദ്ധമാണ്.. ആ ഉദ്ഘാടന വേദിയില്‍ താങ്കളുടെ തൊട്ടടുത്ത് ഇരുന്നത് ഒരു ഇടതുപക്ഷ അക്കാദമിക്ക് ആള്‍ദൈവമാണ്… ആ ആള്‍ ദൈവത്തെയാണ് അവിടെ കൂടിയിരുന്ന സാധാരണക്കാരായ മനുഷ്യര്‍ കൂവി വിളിച്ചത്… അത് കണ്ടിട്ടും കാണാത്തതുപോലെ ആ ഫാസിസ്റ്റ് വേദിയില്‍ ഇരുന്ന് മോദിയെ വിമര്‍ശിച്ചാല്‍ അത് എങ്ങിനെ ഫാസിസ്റ്റ് വിരുദ്ധമാവും..

താങ്കള്‍ ഒരു പഴയ നാടകക്കാരനായതുകൊണ്ട് പറയുകയാണ്… അവിടെ മനോജ്കാന എന്ന ഒരു നാടകക്കാരന്‍ ഉണ്ടായിരുന്നു… അയാളുടെ നേതൃത്വത്തിലാണ് താങ്കളുടെ പ്രിയ സുഹൃത്തായ ആള്‍ദൈവത്തിനുനേരെ അക്കാദമിക്കുള്ളില്‍ ഇരുന്ന് കലാപം തുടങ്ങിയത്… മനോജിനെ കാണാനും പരിചയപ്പെടാനും താങ്കള്‍ക്ക് അവസരം ഉണ്ടാവില്ലാ എന്ന് എനിക്ക് ഊഹിക്കാവുന്നതേയുള്ളു… മനോജ് കാനയും സുഹൃത്തുക്കളും മിക്കവാറും അവിടെനിന്ന് പുറത്താവും.. ആള്‍ ദൈവം അവിടെത്തനെയുണ്ടാവും… അതുകൊണ്ട് പ്രകാശ് രാജ് സാര്‍ ഫാസിസത്തിനെതിരെ സംസാരിക്കാന്‍ ആള്‍ദൈവങ്ങള്‍ വിളിക്കുമ്പോള്‍ ഇനിയും ഓടി വരിക … സ്വാഗതം.

Anu B