ഋതുഭേദങ്ങളിലൂടെ പ്രതാപ് പോത്തന്‍’പ്രകാശനവും ‘കാഫിര്‍’ ഷോയും!!! പ്രതാപ് പോത്തനെ ആദരിച്ച് ഐഎഫ്എഫ്‌കെ

തലസ്ഥാനത്ത് നടക്കുന്ന 27-ാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ അന്തരിച്ച നടനും സംവിധായകനുമായ പ്രതാപ് പോത്തന് ആദരം. മേളയില്‍ ഇന്ന് പ്രതാപ് പോത്തന് ശ്രദ്ധാഞ്ജലിയായി ‘കാഫിര്‍’ സിനിമ പ്രദര്‍ശിപ്പിച്ചു. വിനോദ് കരിക്കോട് സംവിധാനം ചെയ്ത ചിത്രമാണ് ‘കാഫിര്‍’. 25 വര്‍ഷത്തിന് ശേഷം പ്രതാപ് പോത്തന്‍ നായകനായ ചിത്രമാണ് കാഫിര്‍.

പ്രതാപ് പോത്തന്‍ മലയാള സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവന മുന്‍നിര്‍ത്തിയാണ് കാഫിര്‍ പ്രദര്‍ശിപ്പിച്ചത്. കലാഭവനില്‍ ഉച്ചക്ക് 12 മണിക്കായിരുന്നു പ്രദര്‍ശനവും പ്രത്യേക അനുസ്മരണവും നടന്നത്. വേദിയില്‍ ‘ഋതുഭേദങ്ങളിലൂടെ പ്രതാപ് പോത്തന്‍’ എന്ന പുസ്തകവും പ്രകാശനം ചെയ്തു. പ്രതാപ് പോത്തന്റെ മകള്‍ കേയ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

താടിയുള്ളവരെ ഭയപ്പെടുന്ന ഗൃഹനാഥന്റെ കഥയാണ് കാഫിര്‍ പറയുന്നത്. താടിയുള്ളവരോട് ദേഷ്യവും വെറുപ്പും പ്രകടിപ്പിക്കുന്ന രഘുവന്‍ എന്ന മധ്യവയസ്‌കനാണ് കേന്ദ്ര കഥാപാത്രം. താടി വെച്ച് നടക്കുന്നവരെല്ലാം ബോംബ് വെക്കുന്നവരാണെന്ന ചിന്താഗതിയാണ് രഘുവന്റേത്. അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഉണ്ടാകുന്ന അപ്രതീക്ഷിത മാറ്റങ്ങളാണ് കാഫിര്‍ പറയുന്നത്.

Anu B