മാസ് ലുക്കിൽ രജനികാന്തും മോഹൻലാലും; ഒടുവിൽ ജയിലറിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു!


സൂപ്പർ സ്റ്റാർ രജനികാന്തിനെ കേന്ദ്ര കഥാപാത്രമാക്കി നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ജയിലറിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 10ന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് നിർമ്മാതാക്കൾ അറിയിച്ചിരിക്കുന്നത്. 48 സെക്കൻഡ് ദൈർഘ്യമുള്ള ഒരു ടീസർ വീഡിയോ പങ്കുവെച്ച് കൊണ്ടാണ് സിനിമയുടെറിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

വീഡിയോയിൽ രജനികാന്ത്, മോഹൻലാൽ, ശിവരാജ് കുമാർ,രമ്യ കൃഷ്ണൻ, തമന്ന, തുടങ്ങി നിരവധി താരങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ട്.മലയാളം സൂപ്പർ സ്റ്റാറും തമിഴ് സൂപ്പർ സ്റ്റാറും ആദ്യമായിട്ടാണ് ബിഗ് സ്‌ക്രീനിൽ ഒരുമിക്കുന്നത് എന്ന പ്രത്യേകതയും ജയിലർ എന്ന രജിനി ചിത്രത്തിനുണ്ട്. മോഹൻലാലിന് പുറമെ കന്നഡ സൂപ്പർ താരം ശിവരാജ് കുമാറും ചിത്രത്തിൽ കാമിയോ വേഷത്തിൽ എത്തുന്നുണ്ട്.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകൻ നെൽസൺ തന്നെയാണ് . ചിത്രത്തിൽ നായികയായി എത്തുന്ന രമ്യ കൃഷ്ണൻ പടയപ്പയ്ക്ക് ശേഷം രജനികാന്തുമായി ഒന്നിക്കുന്ന സിനിമയാണ്. ആക്ഷൻ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് ജയിലർ. അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് വിജയ് കാർത്തിക് കണ്ണൻ ആണ്. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് ജയിലർ നിർമ്മിക്കുന്നത്.

Aiswarya Aishu