ജാക്ക് ആന്‍ ജില്ലിന് ആശംസകളുമായി മോഹന്‍ലാല്‍: വേറിട്ട ഗെറ്റപ്പില്‍ ആരാധക മനസ്സുകളിലേയ്ക്ക് സ്‌കൂട്ടര്‍ ഓടിച്ച് മഞ്ജു വാര്യര്‍ : വീഡിയോ

മഞ്ജു വാര്യരെ പ്രധാന കഥാപാത്രമാക്കി സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന പുതുചിത്രം ജാക്ക് ആന്‍ ജില്ല് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. മോഹന്‍ലാല്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്. മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ചിത്രത്തെ കുറിച്ചുള്ള ഹൃസ്വ വീഡിയോ സഹിതമാണ് മോഹന്‍ലാല്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചത് എന്നതും ശ്രദ്ധേയമാണ്. തന്റ പ്രിയ സുഹൃത്തിന് എല്ലാവിധ വിജയാശംസകളും നേരുന്നതായും വീഡിയോയില്‍ മോഹന്‍ലാല്‍ പറയുന്നു.

ചിത്രം സയന്‍സ് ഫിക്ഷന്‍ കോമഡി ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സാരിയില്‍ അണിഞ്ഞൊരുങ്ങി നെറ്റിയില്‍ വലിയ വട്ടപ്പൊട്ടുമായി സ്‌കൂട്ടര്‍ ഓടിക്കുന്ന മഞ്ജുവിന്റെ ചിത്രവുമായി പുറത്തുവന്ന പോസ്റ്റര്‍ ഇതിനകം വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു.

സ്ത്രീപക്ഷ കഥ പറയുന്ന ചിത്രത്തില്‍ സൗബിന്‍, നെടുമുടി വേണു, ഇന്ദ്രന്‍സ്, ബേസില്‍ ജോസഫ്, കാളിദാസ് ജയറാം, അജു വര്‍ഗീസ്, സേതുലക്ഷ്മി, ഷയ്‌ലി കിഷന്‍ തുടങ്ങി വലിയ താര നിരയുമുണ്ട്.

ബി. കെ ഹരി നാരായണനും റാം സുന്ദറും ചേര്‍ന്നാണ് ചിത്രത്തിന് വരികള്‍ എഴുതിയിരിക്കുന്നത്. സംഭാഷണം: വിജീഷ് തോട്ടിങ്ങല്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: രാജേഷ് മേനോന്‍, വിനോദ് കാലടി, നോബിള്‍ ഏറ്റുമാനൂര്‍, അസിസ്റ്റന്റ് ഡയറക്ടര്‍സ്: ജയറാം രാമചന്ദ്രന്‍, സിദ്ധാര്‍ഥ് എസ് രാജീവ്, മഹേഷ് ഐയ്യര്‍, അമിത് മോഹന്‍ രാജേശ്വരി, അജില്‍ എസ്എം, അസോസിയേറ്റ് ഡയറക്ടര്‍: കുക്കു സുരേന്ദ്രന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അലക്‌സ് ഇ കുര്യന്‍. ചിത്രം മെയ് 20ന് തിയേറ്ററുകളില്‍ എത്തും.

അതേസമയം, നടന്‍ ദിലീപുമായി ബന്ധപ്പെടുത്തി മഞ്ജുവിനെ കുറിച്ചുള്ള വാര്‍ത്തകള്‍ വീണ്ടും മാധ്യമ ശ്രദ്ധ നേടുകയാണ്. ഇരുവരും തമ്മില്‍ പിരിയാനുള്ള പ്രധാന കാരണമായി മഞ്ജുവിന്റെ നടപടികളെ ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള അനൂപിന്റെ ഓഡിയോ സന്ദേശമാണ് പുറത്തുവന്നത്. അനൂപ് അഭിഭാഷകനുമായി നടത്തിയ സംഭാഷണം, നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ യാദൃശ്ചികമായി കണ്ടെത്തിയതായാണ് വിവരം. അങ്ങിനെയെങ്കില്‍ സംഭാഷണം കരുതിക്കൂട്ടി നടത്തിയതല്ലെന്ന നിഗമനത്തിലാണ് ആരാധകര്‍.

കോടതിയില്‍ നല്‍കേണ്ട മൊഴിയുമായി ബന്ധപ്പെട്ട് അഭിഭാഷകനുമായുള്ള സംഭാഷണത്തി ഗുരുവായൂരിലെ ഒരു ഡാന്‍സ് പരിപാടിയുമായി ബന്ധപ്പെട്ടുള്ള തര്‍ക്കം ദിലീപിനും മഞ്ജുവിനും ഇടയില്‍ അകല്‍ച്ച സൃഷ്ടിച്ചുവെന്ന് അനൂപ് പറയുന്നു. നല്ല ഓഫര്‍ വന്നാല്‍ താന്‍ ഡാന്‍സ് ചെയ്യുമെന്നായിരുന്നു മഞ്ജുവിന്റെ നിലപാട്. എന്നാല്‍ ദിലീപ് ഇത് എതിര്‍ത്തു. തുടര്‍ന്ന് നടന്ന സംഭവങ്ങളും അനൂപ് പങ്കുവയ്ക്കുന്നതായ ശബ്ദ രേഖയുടെ വിശദാംശങ്ങള്‍ റിപ്പോര്‍ട്ടര്‍ ടി.വിയാണ് പുറത്തുവിട്ടത്.

Vishnu