‘ പണത്തിനുവേണ്ടിയാണ് ഞങ്ങളത് ചെയ്തതെന്ന് ചിലര്‍ പറഞ്ഞു, പക്ഷേ, അദ്ദേഹത്തെ തിരിച്ചു പിടിക്കാനുള്ള ഞങ്ങളുടെ അവസാന ശ്രമമാണിത്’; ജഗതിയുടെ മകന്‍

മലയാള സിനമയില്‍ പകരംവെക്കാനില്ലാത്ത നടനാണ് ജഗതി ശ്രീകുമാര്‍. നായകനായും സഹതാരമായും ഹാസ്യതാരമായും സ്വഭാവ നടനുമായൊക്കെ തിളങ്ങിയ വ്യക്തികൂടിയാണ് അദ്ദേഹം. പത്ത് വര്‍ഷം മുമ്പ് നടന്ന ഒരു വാഹനാപകടത്തിനു ശേഷമാണ് അദ്ദേഹം സിനിമ വിട്ടത്. ആ അപകടത്തില്‍ ജഗതി ശ്രീകുമാറിനേറ്റ വലിയ പരിക്ക് അദ്ദേഹത്തെ കിടപ്പിലാക്കി. എന്നാല്‍ ഏറെ നാളത്തെ ചികിത്സയ്‌ക്കൊടുവില്‍ ആരാധകരുടെയും കുടുംബത്തിന്റെയുമൊക്കെ പിന്തുണയോടെ അദ്ദേഹം പുതിയ ജീവിതത്തിലേക്ക് മടങ്ങിയെത്തിക്കൊണ്ടിരിക്കുകയാണ്. 2012 മാര്‍ച്ച് പത്തിനായിരുന്നു ജഗതിയ്ക്ക് ഗുരുതര പരിക്കേല്‍പ്പിച്ച അപകടമുണ്ടായത്.

ഏറെ നാളുകള്‍ക്ക് ശേഷം ജഗതി ഒരു പരസ്യ ചിത്രത്തില്‍ അഭിനയിച്ചുകൊണ്ട് അഭിനയ രംഗത്തേക്ക് മടങ്ങിയെത്തിയിരുന്നു. അതിന് ശേഷം സിബിഐ 5ല്‍ ജഗതി ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഈ സിനിമയില്‍ അദ്ദേഹത്തിന്റെ മകള്‍ രാജ് കുമാറും അഭിനയിച്ചിരുന്നു. ഇപ്പോഴിതാ ജഗതിയുടെ മകന്‍ രാജ് കുമാര്‍ അച്ഛനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

മകന്റെ പരസ്യക്കമ്പനിക്കു വേണ്ടിയാണ് അപകടത്തിന് ഒമ്പത് വര്‍ഷത്തിന് ശേഷം ജഗതി വീണ്ടും അഭിനയിച്ചത്. ആ സെറ്റില്‍ വച്ച് പപ്പയില്‍ പുതിയൊരു ഊര്‍ജം കണ്ടതായും അതേക്കുറിച്ച് ഡോക്ടറോടു സംസാരിച്ചപ്പോള്‍ ഇത്തരം തിരക്കുകളില്‍ മുഴുകുന്നത് മടങ്ങിവരവിനെ കൂടുതല്‍ സഹായിക്കുമെന്ന് പറഞ്ഞിരുന്നുവെന്നും പിന്നീട് മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ലൊക്കേഷനില്‍ കൊണ്ടുപോയിരുന്നുവെന്നും മകന്‍ പറയുന്നു.

ഈ വര്‍ഷം ഒരു മുഴുനീള കഥാപാത്രം അടക്കം മൂന്നു സിനിമകളിലാണ് ജഗതി അഭിനയിച്ചതെന്നും പണത്തിനു വേണ്ടി വയ്യാത്ത പപ്പയെ അഭിനയിപ്പിക്കാന്‍ കൊണ്ടുനടക്കുന്നു എന്നാണ് ചിലര്‍ പറയുന്നതെന്നും രാജ്കുമാര്‍ പറയുന്നു. പക്ഷേ, അദ്ദേഹത്തെ തിരിച്ചു പിടിക്കാനുള്ള തങ്ങളുടെ അവസാന ശ്രമമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിബിഐ സിനിമയുടെ ഷൂട്ടിങ്ങിനെ കുറിച്ചും മകന്‍ രാജ്കുമാര്‍ വ്യക്തമാക്കി. ‘എറണാകുളത്തായിരുന്നു ലൊക്കേഷന്‍. യാത്ര തിരിക്കുമ്പോള്‍ തന്നെ പപ്പ വളരെ ഉത്സാഹത്തിലായിരുന്നു. മമ്മൂക്കയും തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമിയും അടക്കമുള്ള പഴയ സഹപ്രവര്‍ത്തകരെയൊക്കെ കണ്ടപ്പോള്‍ തന്നെ പപ്പയ്ക്ക് വലിയ സന്തോഷമായി. ലൊക്കേഷനില്‍ എത്തുമ്പോള്‍ സ്വന്തം ലോകത്ത് എത്തിയ പോലെയാണ് പപ്പയെന്ന് അമ്മ എപ്പോഴും പറയാറുണ്ടായിരുന്നു. പപ്പയുടെ സന്തോഷം കണ്ടപ്പോള്‍ അതു ശരിയാണെന്ന് എനിക്കും തോന്നി. സംവിധായകന്‍ കെ. മധു സാര്‍ അമ്മയോടാണ് സീനുകളെ കുറിച്ചൊക്കെ വിശദീകരിച്ചത്. കേട്ടിരുന്ന പപ്പ, ആക്ഷന്‍ കേട്ടപ്പോള്‍ ഒട്ടും തെറ്റാതെ അഭിനയിക്കുകയായിരുന്നു. കൂടെയുള്ളവര്‍ അഭിനയിക്കുമ്പോള്‍ നല്‍കേണ്ട റിയാക്ഷനുകള്‍ പോലും അണുവിട മാറിയിരുന്നില്ല. മാലയിലെ കുരിശില്‍ പിടിക്കുന്ന സീനൊക്കെ ചെയ്തത് കൃത്യം ടൈമിങ്ങിലാണ്. രണ്ടു ദിവസത്തെ ഡേറ്റ് കൊടുത്തിരുന്നുവെങ്കിലും ഒരു ദിവസം കൊണ്ട് എല്ലാം ഭംഗിയാക്കി’ എന്നാല്‍ പപ്പയുടെ രണ്ടാം വരവിനെക്കുറിച്ച് മകന്‍ രാജ്കുമാര്‍ വ്യക്തമാക്കിയത്.

Aswathy