ജഗതി ശ്രീകുമാറിന് ഗവര്‍ണേഴ്‌സ് അവാര്‍ഡ് ഓഫ് എക്സലന്‍സ്!!

മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറിന് പശ്ചിമബംഗാള്‍ രാജ്ഭവന്റെ ആദരം. ഗവര്‍ണേഴ്‌സ് അവാര്‍ഡ് ഓഫ് എക്സലന്‍സ് പുരസ്‌കാരം നല്‍കിയാണ് പശ്ചിമബംഗാള്‍ രാജ്ഭവന്‍ ആദരിച്ചത്. തിരുവനന്തപുരത്ത് ജഗതിയുടെ വീട്ടിലെത്തിയാണ് പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഡോ. സി വി ആനന്ദബോസ്പുരസ്‌കാരം സമ്മാനിച്ചത്.

50,000 രൂപയും കീര്‍ത്തിപത്രവും ഫലകവുമാണ് പുരസ്‌കാരം. കലാ, സാഹിത്യ, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് രാജ്ഭവന്‍ ആസ്ഥാനമായി രൂപം നല്‍കിയ കലാക്രാന്തിമിഷന്റെ ഭാഗമായി ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം. യേശുദാസിന്റെ പാട്ടുപോലെ ദൃശ്യമാധ്യമങ്ങളില്‍ ജഗതിയെ കാണാത്ത ഒരു ദിവസം പോലുമില്ലെന്ന് ആനന്ദബോസ് കീര്‍ത്തിപത്രത്തില്‍ പറയുന്നു.

2012 മാര്‍ച്ച് 10 ന്‌ദേശീയ പാതയില്‍ മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പാലത്തിനടുത്ത് വെച്ചുണ്ടായ വാഹനാപകടത്തില്‍ ജഗതി ശ്രീകുമാറിനു ഗുരുതരമായ പരിക്കുപറ്റി ചികിത്സയിലായിരുന്നു. ചലച്ചിത്ര മേഖലയില്‍ നിന്ന് നീണ്ട ഇടവേളയിലാണ് താരം. ദ്വീര്‍ഘനാളത്തെ ചികിത്സയ്‌ക്കൊടുവില്‍ അദ്ദേഹം പതിയെ സിനിമയിലേക്ക് തിരിച്ചുവന്നിരുന്നു. സിബിഐ 5യിലൂടെ അഭിനയത്തിലേക്ക് എത്തിയിരുന്നു. ഇപ്പോഴും അദ്ദേഹത്തിന് ആരോഗ്യം പൂര്‍ണമായും സാധാരണനിലയിലായിട്ടില്ല.