കാമുകിക്കൊപ്പം ജവാന്‍ കാണാന്‍ ഫ്രീടിക്കറ്റ് തരുമോ? ഷാരൂഖിന്‍റെ കിടിലന്‍ മറുപടി

ഇന്ത്യന്‍ സിനിമയില്‍ സമീപകാലത്ത് ഏറ്റവും ഹൈപ്പില്‍ എത്തുന്ന ചിത്രമാണ് ഷാരൂഖ് ഖാന്‍ നായകനാകുന്ന ജവാന്‍. തമിഴ് സംവിധായകന്‍ ആറ്റ്ലിയുടെ ബോളിവുഡ് അരങ്ങേറ്റമായ ചിത്രം ഒരു ആക്ഷന്‍ ത്രില്ലറാണ് എന്നാണ് ട്രെയിലര്‍ അടക്കം നല്‍കുന്ന സൂചന. പഠാന്‍റെ വന്‍ വിജയത്തിന് ശേഷം വലിയൊരു ഹിറ്റ് തന്നെയാണ് ചിത്രത്തിന്‍റെ അണിയറക്കാര്‍ പ്രതീക്ഷിക്കുന്നത്. ഷാരൂഖിന്‍റെ റെഡ് ചില്ലീസ് എന്‍റര്‍ടെയ്മെന്‍റാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്‍റെ റിലീസിന്‍റെ ഭാഗമായി സമൂഹമാധ്യമമായ എക്സില്‍ ആരാധകരുമായി കഴിഞ്ഞ ദിവസം ഷാരൂഖ് ഖാന്‍ സംവദിച്ചിരുന്നു. ആസ്ക് എസ്ആര്‍കെ എന്ന ഹാഷ്ടാഗ് ചേര്‍ത്ത് ആരാധകര്‍ ചോദിച്ചവയില്‍ നിന്ന് തെരഞ്ഞെടുത്തവയ്ക്കാണ് എക്സിലൂടെത്തന്നെ ഷാരൂഖ് ഖാന്‍ മറുപടി പറഞ്ഞിരിക്കുന്നത്.  ഇതില്‍ ഷാരൂഖ് നല്‍കിയ രസകരമായ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്.  ഹരിശങ്കര്‍ വസിഷ്ഠ എന്ന വ്യക്തിയാണ് ഷാരൂഖിനോട് എക്സിലൂടെ ഒരു ആവശ്യം അറിയിച്ചത്. എനിക്കും എന്‍റെ ഗേള്‍ ഫ്രണ്ടിനും ജവാന്‍റെ ഒരു ഫ്രീ ടിക്കറ്റ് തരാമോ, ഞാനൊരു പാവം ബോയ് ഫ്രണ്ടാണ് എന്നായിരുന്നു സന്ദേശം. അതിന് ഷാരൂഖ് നല്‍കിയ മറുപടി രസകരമാണ്. ഫ്രീയായാണോ പ്രേമം നല്‍കുന്നത്. ടിക്കറ്റിന് പണം നല്‍കണം. പ്രണയത്തെ ഇത്രയും വിലകുറച്ച് കാണരുത്. കാമുകിയെയും കൂട്ടി പോയി ടിക്കറ്റ് എടുക്കൂ എന്നാണ് – ഷാരൂറഖ് മറുപടിയില്‍ പറയുന്നത്. 1.2 ദശലക്ഷം വ്യൂ ആണ് ഷാരൂഖിന്‍റെ ഈ എക്സ് പോസ്റ്റ് റിപ്ലേയ്ക്ക് ലഭിച്ചിരിക്കുന്നത്. അതേസമയം ജവാന്‍റെ അഡ്വാന്‍സ് ബുക്കിംഗ് കുതിക്കുകയാണ്. രാജ്യത്തെ പ്രധാന മള്‍ട്ടിപ്ലെക്സ് ശൃംഖലകളായ പിവിആര്‍, ഐനോക്സ്, സിനിപൊളിസ് എന്നിവയിലായി ആകെ രണ്ട് ലക്ഷത്തിലധികം ടിക്കറ്റുകളാണ് ഇതിനകം വിറ്റിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഷാരൂഖ് നായകനാകുന്ന ജവാന്‍റെ പ്രീബുക്കിംഗ് ആരംഭിച്ചത്. ചിലയിടങ്ങളില്‍ വലിയ തോതില്‍ ടിക്കറ്റ് നിരക്ക് വര്‍ദ്ധനവ് ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്. മുംബൈ, ദില്ലി എന്നിവിടങ്ങളില്‍ ചിത്രത്തിന്‍റെ ആദ്യഷോയ്ക്ക് ചിലയിടത്ത് ടിക്കറ്റിന് 2400 രൂപയോളമായതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

അതേ സമയം പ്രീബുക്കിംഗ് ഇങ്ങനെ തന്നെ പുരോഗമിച്ചാല്‍ ജവാന്‍ ആദ്യ ദിനം 100 കോടി രൂപയെങ്കിലും നേടുമെന്നാണ് വിവരം. അങ്ങനെയെങ്കിൽ ആദ്യ ദിനത്തില്‍ 100 കോടി നേടുന്ന ഈ വര്‍ഷത്തെ ഷാരൂഖിന്‍റെ രണ്ടാമത്തെ ചിത്രമാകും ജവാന്‍. നേരത്തെ ജനുവരിയില്‍ ഇറങ്ങിയ ഷാരൂഖിന്‍റെ പഠാന്‍ ആദ്യ ദിനത്തില്‍ തന്നെ 100 കോടി നേടിയിരുന്നു. പഠാന്‍റെ വന്‍ വിജയത്തിന് ശേഷമെത്തുന്ന ഷാരൂഖ് ഖാന്‍ ചിത്രം എന്ന നിലയില്‍ നേടിയ പ്രീ റിലീസ് ഹൈപ്പിന്‍റെ വലിപ്പം അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗില്‍ കാര്യമായി പ്രതിഫലിക്കുന്നുണ്ട്. ബോക്സ് ഓഫീസ് ട്രാക്കര്‍ സാക്നിക്കിന്‍റെ കണക്ക് പ്രകാരം ചിത്രത്തിന്‍റെ 2 ഡി, ഐമാക്സ് ഹിന്ദി പതിപ്പുകള്‍ ഇതിനകം 2.6 ലക്ഷം ടിക്കറ്റുകളാണ് വിറ്റിരിക്കുന്നത്. തമിഴ്, തെലുങ്ക് പതിപ്പുകള്‍ ചേര്‍ന്ന് 4700 ടിക്കറ്റുകളും. അഡ്വാന്‍സ് ബുക്കിംഗിലൂടെ ചിത്രം ഇതിനകം 8.98 കോടിയാണ് നേടിയിരിക്കുന്നതെന്നും അവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ പ്രധാന മള്‍ട്ടിപ്ലെക്സ് ചെയിനുകളിലും സിംഗിള്‍ സ്ക്രീനുകളിലും ഒരേ തരത്തിലുള്ള ആവേശം സൃഷ്ടിച്ചിട്ടുണ്ട് ചിത്രം. സെപ്തംബര്‍ ഏഴിനാണ് ജവാന്‍ ആഗോള വ്യാപകമായി റിലീസ് ചെയ്യുന്നത്. ഹിന്ദിക്ക് പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം ഇറങ്ങുന്നുണ്ട്. ചിത്രത്തിന്‍റെ പ്രമോഷനിലാണ് ഇപ്പോള്‍ ഷാരൂഖ് ഖാനും സംഘവും. ഓഗസ്റ്റ് 29ന് ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ച് ചെന്നൈയില്‍ വച്ച് നടത്തിയിരുന്നു. അതിന് പുറമേ ദുബായില്‍ ബുര്‍ജ് ഖലീഫയില്‍ ചിത്രത്തിന്‍റെ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഷാരൂഖിനൊപ്പം ചിത്രത്തില്‍ നായികയായി എത്തുന്നത് നയന്‍താരയാണ്. വിജയ് സേതുപതി, പ്രിയാമണി എന്നിവരടങ്ങുന്ന വമ്പൻ താരനിരയുമായാണ് ചിത്രം എത്തുന്നത്. ദീപിക പ​ദുകോൺ അതിഥി വേഷത്തിലെത്തുന്നുണ്ട്.

Revathy