Film News

വിവാഹ ശേഷം ഞാന്‍ കൂടുതല്‍ സമയവും ചെലവിട്ടത് അടുക്കളയില്‍ ആയിരുന്നു!! ഫെമിനിസ്റ്റ് ആയത് പറഞ്ഞ് ജിയോ ബേബി

മലയാള സിനിമയിലെ ഹിറ്റ് മേക്കറാണ് സംവിധായകന്‍ ജിയോ ബേബി. 2016ല്‍ പുറത്തിറങ്ങിയ 2 പെണ്‍കുട്ടികള്‍ സംവിധാനെ ചെയ്താണ് ജിയോ സിനിമാലോകത്തേക്ക് എത്തിയത്. സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു.

തന്റെ സിനിമകളിലൂടെ തന്റെ നിലപാടുകള്‍ വെളിപ്പെടുത്തുന്ന സംവിധായകനാണ് ജിയോ ബേബി. ഇപ്പോള്‍ തിയ്യേറ്ററില്‍ പ്രദര്‍ശനം തുടരുന്ന കാതല്‍ മികച്ച പ്രതികരണമാണ് നേടുന്നത്. ചിത്രത്തിനും സിനിമയ്ക്കും നിറഞ്ഞ കൈയ്യടികളാണ് നിറയുന്നത്. മമ്മൂട്ടിയും ജ്യോതികയും പ്രധാന കഥാപാത്രങ്ങളായ കാതല്‍ പറഞ്ഞത് പുരോഗമനപരമായ ആശയം ആയിരുന്നു.

ഇപ്പോഴിതാ കുടുംബത്തിനെ കുറിച്ചുള്ള ജിയോ ബേബിയുടെ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. സമൂഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് കുടുംബം. എന്നാല്‍ സ്ത്രീകള്‍ അവിടെ സന്തുഷ്ടരല്ലെന്നാണ് സംവിധായകന്‍ പറയുന്നത്. രണ്ടും മികച്ചതാവണമെന്നുണ്ട്. അതുകൊണ്ടാണ് താന്‍ എപ്പോഴും സമൂഹത്തെയും കുടുംബത്തെയും കുറിച്ച് ചിന്തിക്കുന്നത്.

തന്നെ സംബന്ധിച്ച് എല്ലായിടത്തും സ്ത്രീകളുടെ കാഴ്ച്ചപ്പാട് പ്രധാനമാണ്. പക്ഷെ തീരുമാനം എടുക്കുന്നത് കൂടുതലും പുരുഷന്‍മാരുമാണ്. എന്റെ സമൂഹം എന്നെ ഒരുപാട് തലത്തില്‍ സ്വാധീനിക്കുന്നുണ്ട്. അതുകൊണ്ടാണ് സ്‌ക്രീനിലേക്ക് അവ എത്തിക്കുന്നതെന്നും ജിയോ ബേബി പറയുന്നു.

താന്‍ ഫെമിനിസ്റ്റ് ആയതിനെ കുറിച്ചും ജിയോ ബേബി പറയുന്നുണ്ട്. പക്ഷെ ഫെമിനിസ്റ്റ് ആവുക എന്നത് വളരെ മെല്ലെ നടന്ന ഒരു കാര്യമാണ്. ഞാന്‍ ഹൈസ്‌കൂളില്‍ പഠിക്കുന്ന സമയത്ത് എന്റെ അച്ഛനും അമ്മയും എന്നെ കൊണ്ട് പാത്രം കഴുകിപ്പിച്ചിട്ടുണ്ട്. അന്ന് തിരിച്ചറിഞ്ഞു അത് എത്ര വേദനയുള്ള പണിയാണെന്ന്, എന്തുകൊണ്ടാണ് ഇത് സ്ത്രീകളുടെ മാത്രം ചുമതലയാവുന്നതെന്ന് അന്ന് ചിന്തിച്ചിരുന്നു.

പക്ഷെ യഥാര്‍ത്ഥ മാറ്റം സംഭവിക്കുന്നത് എന്റെ വിവാഹത്തോടെയാണ്. എന്റെ ഭാര്യ ആ സമയത്ത് പഠിക്കുകയായിരുന്നു. അതിനാല്‍ ഞാന്‍ ആയിരുന്നു അടുക്കളയില്‍ കൂടുതലും ചെലവിട്ടത്. ഞാന്‍ സ്ത്രീകള്‍ എഴുതിയ പുസ്തകങ്ങള്‍ വായിക്കാന്‍ തുടങ്ങി. ഫേസ്ബുക്കില്‍ ഫെമിനിസ്റ്റ് എഴുത്തുകാരെ ഫോളോ ചെയ്യാനും തുടങ്ങി. അങ്ങനെയാണ് ഞാനും ഒരു ഫെമിനിസ്റ്റ് ആയതെന്ന് ജിയോ ബേബി പറയുന്നു.

Anu B