‘മലയാളത്തിൽ മാത്രമേ സാധിക്കൂ’; മഞ്ഞുമ്മൽ വിവാദത്തിന് ശേഷം ആടുജീവിതം കണ്ട് ജയമോഹൻ, അഭിപ്രായം ഇങ്ങനെ

തമിഴ്നാട്ടിൽ അടക്കം തരം​ഗമായ മലയാള ചിത്രം ‘മഞ്ഞുമ്മൽ ബോയ്‌സിനേയും’ മലയാളികളെയും തന്റെ ബ്ലോഗ് പോസ്റ്റിൽ അപമാനിച്ച മലയാളം- തമിഴ് എഴുത്തുകാരൻ ജയമോഹനെതിരെ വ്യാപക വിമർശനങ്ങൾ ഉയർന്നിരുന്നു. ‘മഞ്ഞുമ്മൽ ബോയ്‌സ് കുടികാര പൊറുക്കികളിൻ കൂത്താട്ടം’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ബ്ളോഗാണ് വിവാദമായത്. ഇപ്പോൾ ബ്ലെസിയുടെ പൃഥ്വിരാജ് ചിത്രം ആടുജീവിതം കണ്ട ശേഷം അഭിപ്രായം പറഞ്ഞിരിക്കുകയാണ് ജയമോഹൻ.

ആടുജീവിതത്തെ വാനോളം പ്രശംസിക്കുകയാണ് ജയമോഹൻ. ആടുജീവിതം മഹത്തായ സിനിമയാണെന്നും ഇത്രയും യാഥാർത്ഥ്യബോധത്തോടെ സിനിമയെടുക്കാൻ മലയാളത്തിൽ മാത്രമേ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം: യഥാർത്ഥ മലയാള സിനിമ’ എന്ന തലക്കെട്ടോടുകൂടിയാണ് ബ്ലോഗ് എഴുതിയിട്ടുള്ളത്. ‘ഈയിടെ തീയേറ്ററിൽ വളരെ വികാരത്തോടെ കണ്ട ഒരു യഥാർത്ഥ മലയാള സിനിമയാണ് ആടുജീവിതം (തമിഴിൽ മോശം ഡബ്ബിംഗ്, ഇംഗ്ലീഷിൽ മോശം സബ്‌ടൈറ്റിലുകൾ. ഞാൻ സിനിമ മലയാളത്തിലാണ് കണ്ടത്). 1954ൽ നീലക്കുയിൽ എന്നൊരു മലയാളം സിനിമ ഇറങ്ങി. അതായിരുന്നു യഥാർത്ഥ മലയാള ചലച്ചിത്ര പ്രസ്ഥാനത്തിന്റെ തുടക്കം.

ആ സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തമിഴ് സാഹിത്യത്തിൽ നീലക്കുയിൽ എന്നൊരു കോമിക് പുസ്തകം പുറത്തിറങ്ങി. മലയാള സിനിമയ്ക്ക് അന്നുമുതൽ ഇന്നുവരെ ഒരു പാരമ്പര്യമുണ്ട്. പി. ഭാസ്‌കരൻ, കെ.എസ്. സേതുമാധവൻ, എ. വിൻസെന്റ്, പി.എൻ. മേനോൻ, എം.ടി. വാസുദേവൻ നായർ, ഭരതൻ, പത്മരാജൻ, എ.കെ.ലോഹിതദാസ്, മോഹൻ, ഐ.വി.ശശി, സിബി മലയിൽ എന്നിങ്ങനെ നീണ്ട ഒരു നിരതന്നെ. അവർ സൃഷ്ടിച്ച എല്ലാ സിനിമകൾക്കും പൊതുവായ ഒരു കാര്യമുണ്ട്.

അവ സാധാരണക്കാരുടെ ജീവിതത്തെ വിശദമായി ചിത്രീകരിക്കുന്നു. സിനിമ അതിശയോക്തി കൂടാതെ ദൈനംദിന ജീവിതത്തിന്റെ സ്വാഭാവികത കാണിച്ചു. നാടകത്തിൽ നിന്ന് മാറി ദൃശ്യാവിഷ്‌കാരത്തിലേക്ക് നീങ്ങി. മനുഷ്യജീവിതത്തിന്റെ പോരാട്ടത്തെക്കുറിച്ചും ദുരിതങ്ങളെക്കുറിച്ചും മനുഷ്യന്റെ ഉയരങ്ങളെക്കുറിച്ചും വിജയങ്ങളെക്കുറിച്ചും അവർ സംസാരിച്ചു. ഒരു നല്ല ആരാധകന് അത്തരം നൂറ് കണക്കിന് സിനിമകളുടെ പേര് പറയാൻ സാധിക്കും. ഞാൻ ഇതിനോടകം ഒരു ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്.’- അദ്ദേഹം കുറിപ്പിൽ പറഞ്ഞു.