Film News

‘കുവൈറ്റില്‍ ആവേശം കാണാന്‍ കാത്തിരിക്കുന്ന സുഹൃത്തുക്കളോട്’…അഭ്യര്‍ഥനയുമായി സംവിധായകന്‍

സൂപ്പര്‍ഹിറ്റ് ചിത്രം രോമാഞ്ചത്തിന് ശേഷം ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ആവേശം. ഇടവേളയ്ക്ക് ശേഷം ഫഹദ് നായകനായെത്തുന്ന ചിത്രത്തിനെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകലോകം കാത്തിരിക്കുന്നത്. ചിത്രം ഇന്നാണ് തിയ്യേറ്ററിലേക്ക് എത്തിയത്. അതേസമയം, പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആരാധകര്‍ക്ക് കുറച്ച് നിരാശ സമ്മാനിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.

തിയ്യേറ്ററിലെത്താന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ കുവൈറ്റിലെ ആവേശത്തിന്റെ സെന്‍സറിംഗ് സംബന്ധിച്ച വിവരമാണ് സംവിധായകന്‍ പങ്കുവെക്കുന്നത്. കുവൈറ്റ് സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശപ്രകാരം സിനിമയുടെ രണ്ടാം പകുതിയിലെ ഒരു രംഗം കളയേണ്ടി വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

‘കുവൈറ്റില്‍ ആവേശം കാണുന്ന സുഹൃത്തുക്കളോട്…കുവൈറ്റിലെ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശപ്രകാരം സിനിമയുടെ സെക്കന്റ് ഹാഫിലെ ഒരു സീന്‍ കട്ട് ചെയ്തു കളയേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ട് ചെറിയൊരു കണ്‍ഫ്യൂഷന്‍ ഇടക്ക് ഉണ്ടാവാന്‍ സാധ്യതയുണ്ട്. എങ്കിലും പൂര്‍ണമായും ആസ്വാദനത്തെ ബാധിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു.. എല്ലാവരും 11ാം തിയതി, തിയേറ്ററില്‍ തന്നെ വന്നു കാണുമെന്ന് വിശ്വസിക്കുന്നു’, എന്നാണ് ജിത്തു സോഷ്യലിടത്ത് കുറിച്ചത്.

കോളേജ് പിള്ളേരുടെയും അവരെ സഹായിക്കാനെത്തുന്ന ഗുണ്ടയുടെയും കഥയാണ് ചിത്രം പറയുന്നത്. യഥാര്‍ഥ സംഭവത്തില്‍ നിന്നും പ്രചോദനം കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ഫഹദിന് പുറമെ മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, റോഷന്‍ ഷാനവാസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങിയവരും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്.

ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സമീര്‍ താഹിര്‍ ആണ്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സുഷിന്‍ ശ്യാം സംഗീതം പകര്‍ന്ന് രോമാഞ്ചത്തിലെ ഹിറ്റ് കൂട്ടുകെട്ട് ആവര്‍ത്തിക്കുകയാണ് ആവേശം ടീമും.

Anu