ബിഗ് സ്‌ക്രീനില്‍ മാജിക്ക് കാണാം…കാതലില്‍ ജ്യോതികയുടെ രംഗങ്ങളും പൂര്‍ത്തിയായി

‘ശ്രീ ധന്യ കാറ്ററിങ് സര്‍വീസ്’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കാതല്‍ ദ കോര്‍’. ജ്യോതികയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയാവുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിലെ മമ്മൂട്ടിയുടെ രംഗങ്ങള്‍ പൂര്‍ത്തിയായിരുന്നു. അവസാന ദിനം താരം സെറ്റില്‍ പതിവുപോലെ ബിരിയാണി വിളമ്പിയിരുന്നു.

ഇപ്പോഴിതാ ചിത്രത്തിലെ നായികയുടെ രംഗങ്ങളും പൂര്‍ത്തിയായിരിക്കുകയാണ്.
സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. അവിസ്മരണീയ നിമിഷങ്ങള്‍ക്ക് നന്ദിയെന്നും നടിയുടെ ബിഗ് സ്‌ക്രീന്‍ മാജിക്ക് കാണാന്‍ കാത്തിരിക്കുന്നു എന്നും പറഞ്ഞാണ് നടിയുടെ അണിയറ പ്രവര്‍ത്തകര്‍ കുറിച്ചത്.

മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് കാതല്‍. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറെര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം. ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സ്‌കറിയ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ.

2009ല്‍ പുറത്തിറങ്ങിയ ‘സീതാകല്യാണം’ എന്ന ചിത്രത്തിന് ശേഷം 13 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ജ്യോതിക ഒരു മലയാള ചിത്രത്തില്‍ അഭിനയിക്കുന്നത്. ജ്യോതികയെ കാതലിലേക്ക് നിര്‍ദേശിച്ചത് മമ്മൂട്ടിയാണെന്ന് ജിയോ ബേബി നേരത്തെ പറഞ്ഞിരുന്നു.

ചിത്രത്തിന്റെ ഛായാഗ്രഹണം സാലു കെ തോമസ് ആണ്. എഡിറ്റിംഗ് ഫ്രാന്‍സിസ് ലൂയിസ് നിര്‍വഹിക്കുന്നു. ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദ്നി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Anu B