ലോകേഷും ദളപതി വിജയ്‌യും ഒന്നിക്കുന്ന ചിത്രത്തില്‍ ഉലകനായകനും!?

ആരാധകരുടെ ആവേശം ദളപതി വിജയ് യും തമിഴ് സിനിമാ ലോകത്തെ ഹിറ്റ് മേക്കര്‍ സംവിധായകന്‍ ലോകേഷ് കനകരാജും ഒന്നിക്കുന്ന ചിത്രമാണ് ‘ദളപതി 67’. സിനിമയുടെ പ്രഖ്യാപനം മുതല്‍ ആരാധകര്‍ വലിയ ആവേശത്തിലാണ്. സിനിമയെ കുറിച്ച് പുറത്ത് വരുന്ന ഓരോ വിവരങ്ങളും ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ ‘ദളപതി 67’ എന്ന് താല്‍കാലികമായി പേരിട്ട ചിത്രത്തില്‍ ഉലകനായകന്‍ കമല്‍ഹാസനും എത്തുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.

ഈ വാര്‍ത്ത കേട്ട ആവേശത്തിലാണ് ഇപ്പോള്‍ ആരാധകര്‍, കാമിയോ വേഷത്തിലാണ് കമല്‍ഹാസന്‍ എത്തുക എന്നും വാര്‍ത്തകള് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ലോകേഷ് കനകരാജും കമല്‍ഹാസനും ഒന്നിച്ച് എത്തിയ വിക്രം സിനിമ ബോക്‌സ് ഓഫീസില്‍ കോടികള്‍ നേടിയിരുന്നു. ഹിറ്റ് സിനിമയക്ക് ശേഷം ലോകേഷ് ഒരുക്കുന്ന ദളപതി ചിത്രത്തിലും ആരാധകര്‍ക്ക് പ്രതീക്ഷകളേറെയാണ്. ഇപ്പോഴിതാ കമല്‍ ഹാസന്‍ സിനിമയില്‍ കാമിയോ വേഷം ചെയ്യുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതോടെ ആ ആവേശം ഇരട്ടിയായി.

കാര്‍ത്തിയെ നായകനാക്കി ഒരുക്കിയ കൈതിയേയും ബന്ധപ്പെടുത്തിയാണ് വിക്രം സിനിമ സംവിധായകന്‍ ലോകേഷ് പ്രേക്ഷകരിലേക്ക് എത്തിച്ചത്. ഈ രണ്ട് സിനിമകളുടേയും രണ്ടാം ഭാഗം ഇനിയെങ്ങനെ വരുമെന്നും പ്രേക്ഷകര്‍ ഉറ്റുനോക്കുന്നുണ്ട്. ‘കൈതി’, ‘വിക്രം’ എന്നീ സിനിമകളുടെ ക്രോസോവര്‍ ലോകേഷ്

നടത്തിയ സ്ഥിതിക്ക് ഉലകനായകന്‍ ദളപതി 67ല്‍ എത്തുക ഈ ക്രോസോവറിന്റെ ഭാഗമായാണോ എന്ന സംശയങ്ങളും സിനിമാ ആസ്വാദകരില്‍ ഉയരുന്നുണ്ട്. ‘ദളപതി 67’ ന്റെ ഷൂട്ടിംഗ് ഡിസംബറില്‍ ആരംഭിക്കുമെന്നാണ് വിവരം.

Nikhina