ഫഹദ് ദക്ഷിണേന്ത്യയുടെ സ്വത്ത്! വിക്രമിലെ പ്രകടനത്തെ വാഴ്ത്തി കമല്‍ഹാസന്‍

ബോക്‌സോഫീസില്‍ തകര്‍ക്കുകയാണ് കമല്‍ഹാസന്റെ വിക്രം സിനിമ. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണം കൊണ്ട് മുന്നേറുകയാണ്. അതേസമയം, ചിത്രത്തിലെ മലയാള യുവതാരം ഫഹദ് ഫാസിലിന്റെ പ്രകടനവും ഏറെ പ്രശംസ പിടിച്ചുപറ്റുന്നുണ്ട്.

വിക്രം സിനിമയിലേക്ക് ഫഹദിനെ തിരഞ്ഞെടുത്തതിന് കാരണം വ്യക്തമാക്കുകയാണ് ഉലകനായകന്‍. അപാര കഴിവുള്ള നടനാണെന്നും കേരളത്തിന്റെ മാത്രമല്ല, ദക്ഷിണേന്ത്യയുടെയും സ്വത്താണ് ഫഹദ് എന്നും കമല്‍ഹാസന്‍ പറഞ്ഞു.

‘വിക്രം’ എന്ന ചിത്രത്തിലേക്ക് ഫഹദിനെ തെരഞ്ഞെടുക്കാന്‍ കാരണം കഴിവുകൊണ്ട് മാത്രം. അല്ലാതെ മലയാളിയായതുകൊണ്ടല്ല. അടുത്ത പത്ത് വര്‍ഷം പ്രേക്ഷകരുടെ മനസ്സില്‍ മായാതെ തങ്ങിനില്‍ക്കുന്ന സിനിമയായിരിക്കും വിക്രം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കമല്‍ഹാസന്‍, വിജയ് സേതുപതി, ഫഹദ് എന്നിവര്‍ ഒരുമിക്കുന്ന ആദ്യ ചിത്രവുമാണ് വിക്രം. ചിത്രത്തില്‍ ഫഹദിന്റെയും വിജയ് സേതുപതിയുടെയും അഭിനയം ഏറെ ആകര്‍ഷിച്ചെന്നും ഇരുവരെയും ചേര്‍ത്ത് ഒരു സിനിമ തന്നെ സംവിധാനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നതായും കമല്‍ഹാസന്‍ പറയുന്നു.

മലയാള സിനിമയില്‍ അഭിനയിക്കാനുള്ള ആഗ്രഹവും അദ്ദേഹം തുറന്നുപറഞ്ഞു.
കഥയും കഥാപാത്രവും സംവിധായകനും ഒത്തുവരുന്നില്ല എന്നതു മാത്രമാണ് പ്രശ്നം. മലയാളത്തിലും തമിഴിലും ഒരുപോലെ ഇറങ്ങുന്ന ചിത്രങ്ങള്‍ ചെയ്യാന്‍ കഴിയും പക്ഷേ, സിനിമയുടെ തന്മയത്വം പോകുമോ എന്നാണ് മലയാള സംവിധായകര്‍ പേടിക്കുന്നതെന്നും അദ്ദേഹം പങ്കുവയ്ക്കുന്നു.

കളക്ഷനിലും ‘വിക്രം’ സിനിമ റെക്കോര്‍ഡിട്ടിരിക്കുകയാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ സ്വന്തമാക്കിയ തമിഴ് ചിത്രവും ‘വിക്ര’മാണ്. കമല്‍ഹാസന്‍ തന്നെയാണ് നിര്‍മ്മാതാവ്.

റിലീസിന് മുന്നേ കമല്‍ഹാസന്‍ ചിത്രം 200 കോടി ക്ലബില്‍ ഇടംനേടിയിരുന്നു,
വിവിധ ഭാഷകളിലെ ഒടിടി, സാറ്റലൈറ്റ് റൈറ്റ്‌സ് വിറ്റ ഇനത്തില്‍ 200 കോടി രൂപയിലധികം വിക്രം നേടിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

 

Anu B