ഒമ്പത് കോടി ഓഫര്‍ നിരസിച്ച് കാര്‍ത്തിക് ആര്യന്‍!!! സൂപ്പര്‍ താരങ്ങള്‍ കണ്ട് പഠിക്കട്ടെയെന്ന് സോഷ്യല്‍ ലോകം

കോടികള്‍ ഓഫര്‍ ചെയ്തിട്ടും പാന്‍ മസാല കമ്പനിയുടെ പരസ്യം ചെയ്യില്ലെന്ന് ബോളിവുഡ് താരം കാര്‍ത്തിക് ആര്യന്‍. ഒമ്പത് കോടിയുടെ ഓഫറാണ് കാര്‍ത്തിക്കിന് കമ്പനി ഓഫര്‍ ചെയ്തത്. ആരാധകര്‍ക്ക് തെറ്റായ സന്ദേശം നല്‍കാന്‍ താത്പര്യമില്ലെന്ന് താരം വ്യക്തമാക്കി.

ഒരു പ്രമുഖ പരസ്യ നിര്‍മ്മാതാവും ഇക്കാര്യം സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
‘ആ വാര്‍ത്ത ശരിയാണ്, 8-9 കോടിയുടെ പാന്‍ മസാല ഓഫര്‍ കാര്‍ത്തിക് ആര്യന്‍ നിരസിച്ചു.

മറ്റ് താരങ്ങളെ അപേക്ഷിച്ച് ധാര്‍മികതയുള്ളയാളാണ് കാര്‍ത്തിക്. ഇത്രയും വലിയ പണം നിരസിക്കുന്നത് എളുപ്പമുള്ള കാര്യമല്ല. അതേസമയം, ഒരു യൂത്ത് ഐക്കണ്‍ എന്ന നിലയില്‍ തന്റെ ഉത്തരവാദിത്വത്തെക്കുറിച്ച് കാര്‍ത്തികിന് ബോധമുണ്ടെന്നും പരസ്യ നിര്‍മ്മാതാവ് പറഞ്ഞു.

കാര്‍ത്തിക് ആര്യന്റെ തീരുമാനത്തിന് മികച്ച അഭിനന്ദനമാണ് ലഭിക്കുന്നത്. ‘പാന്‍ മസാല ആളുകളെ കൊല്ലുകയാണ്. ബോളിവുഡ് നായകന്മാര്‍ ഗുട്കയും പാന്‍ മസാലയും കഴിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നത് തീര്‍ച്ചയായും രാജ്യത്തിന്റെ ആരോഗ്യത്തിന് ഹാനികരമാണ്’- കാര്‍ത്തികിനെ അഭിനന്ദിച്ച് സെന്‍സര്‍ ബോര്‍ഡിന്റെ മുന്‍ ചെയര്‍പേഴ്സണും നിര്‍മ്മാതാവുമായ പഹ്ലജ് നിഹലാനി പറഞ്ഞു.

സോഷ്യല്‍ മീഡിയയും കാര്‍ത്തിക് ആര്യന് കൈയ്യടിക്കുകയാണ്. നടന്‍ അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്‍, ഷാരൂഖ് ഖാന്‍ ഉള്‍പ്പടെയുള്ള സൂപ്പര്‍ താരങ്ങള്‍ കാര്‍ത്തികിന് കണ്ടു പഠിക്കട്ടെയെന്ന് പരക്കെ അഭിപ്രായപ്പെടുന്നത്.

നേരത്തെ പാന്‍ മസാല പരസ്യത്തില്‍ അഭിനയിച്ചതിന് അക്ഷയ് കുമാറിന് നേരെ വലിയ തോതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് നടന്‍ മാപ്പപേക്ഷയും നടത്തിയിരുന്നു. ഇനി മേലില്‍ ഇത്തരത്തിലുള്ള പരസ്യങ്ങളുടെ ഭാഗമാകില്ല എന്നും അക്ഷയ് കുമാര്‍ പറഞ്ഞിരുന്നു.

Anu B