ഫിലിം ഓഫ് ദി വീക്ക് ആയി ‘കാതല്‍ ദി കോർ’; ഒരു മലയാള സിനിമ ഇതാദ്യം

ലോകപ്രശസ്ത സ്ട്രീമിംഗ് പ്ലാറ്റ്ഫോം ആയ മുബിയുടെ തിയറ്റര്‍ വാച്ചിംഗ് സര്‍വ്വീസ് ആയ മുബി ഗോയില്‍ മലയാള ചിത്രം കാതല്‍ ദി കോര്‍. തങ്ങളുടെ പ്രീമിയം സബ്സ്ക്രൈബേഴ്സിന് ആഴ്ചതോറും തെരഞ്ഞെടുക്കുന്ന ഒരു പ്രധാന ചിത്രം തിയറ്ററുകളില്‍ തന്നെ പോയി കാണാന്‍ അവസരമൊരുക്കുന്ന സേവനമാണ് മുബി ഗോ. അതിലാണ് മമ്മൂട്ടിയും ജ്യോതികയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച്, ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍ ഫിലിം ഓഫ് ദി വീക്ക് ആയി തെരഞ്ഞെടുത്തിരിക്കുന്നത്. ഒരു മലയാളചിത്രം മുബി ഗോയിലൂടെ അവതരിപ്പിക്കപ്പെടുന്നത് ഇതാദ്യമാണ്. ഗൗരവമുള്ളതും കലാമൂല്യമുള്ളതുമായ സിനിമകള്‍ അവതരിപ്പിക്കുന്ന ഒടിടി പ്ലാറ്റ്ഫോം ആണ് മുബി. ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ അടക്കമുള്ള ചിത്രങ്ങള്‍ ഒരുക്കിയ ജിയോ ബേബി മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രമെന്ന നിലയില്‍ പ്രഖ്യാപനസമയത്തേ പ്രേക്ഷകശ്രദ്ധ നേടിയ പ്രോജക്റ്റ് ആണിത്. മമ്മൂട്ടിയുടെ നായികയായി ജ്യോതികയുടെ പേര് കൂടി എത്തിയതോടെ ഹൈപ്പ് വീണ്ടും കൂടി. ട്രെയ്‍ലര്‍ എത്തുന്നതുവരെ ചിത്രത്തിന്‍റെ പ്രമേയം എന്തെന്നത് സംബന്ധിച്ച സൂചനകളൊന്നും അണിയറക്കാര്‍ പുറത്തുവിട്ടിരുന്നില്ല.

സ്വവര്‍ഗാനുരാഗം പ്രമേയമാക്കുന്ന ചിത്രമാണെന്ന വിവരം ഗോവ ചലച്ചിത്രോത്സവത്തിന്‍റെ വെബ് സൈറ്റിലൂടെയാണ് ആദ്യം സിനിമാപ്രേമികള്‍ അറിഞ്ഞത്.    നവംബര്‍ 23 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യദിനം തന്നെ മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചത്. മമ്മൂട്ടിയുടേതുള്‍പ്പെടെയുള്ള പ്രകടനങ്ങള്‍ക്കും ഇത്തരത്തില്‍ ഒരു വിഷയം പ്രമേയമാക്കാനുള്ള അണിയറക്കാരുടെ ധൈര്യത്തിനുമൊക്കെ പ്രേക്ഷകരില്‍ നിന്നും അഭിനന്ദനങ്ങള്‍ ലഭിച്ചു. കുടുംബകഥകള്‍ പലതു വന്നിട്ടുള്ള മലയാള സിനിമയില്‍ ധീരമായൊരു ചുവടുവെയ്പ് തന്നെയാണ് കാതൽ ദി കോറിന്റേത്.    എന്നാൽ ദാമ്പത്യജീവിതത്തിലെ ഇണക്കങ്ങളും പിണക്കങ്ങളുമെല്ലാം എണ്ണിയാലൊടുങ്ങാത്ത മലയാള സിനിമകളില്‍ കണ്ട പ്രേക്ഷകര്‍ക്ക് ‘കാതല്‍’ വ്യത്യസ്തമാവുന്നത് വെറും കുടുംബകഥ എന്ന ആശയത്തില്‍നിന്ന് ബഹുദൂരം മുന്നോട്ടുപോകുന്നു എന്നുള്ളതുകൊണ്ടാണ്. ബോക്സ് ഓഫീസിലും മികച്ച പ്രകടനമാണ് ചിത്രം നടത്തുന്നത്. മോളിവുഡ് ബോക്‌സോഫീസ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ആഗോളതലത്തില്‍ ചിത്രത്തിന്റെ വരുമാനം 10 കോടി കടന്നിരിക്കുകയാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ പ്രദര്‍ശന അനുമതി നിഷേധിക്കപ്പെട്ടെങ്കിലും യൂറോപ്യന്‍ രാജ്യങ്ങളില്‍ വ്യാപകമായി റിലീസ് ചെയ്യുന്നുണ്ട്.

കേരളത്തില്‍നിന്നു ചിത്രം 7.55 കോടിയാണ് നേടിയിരിക്കുന്നത്. കേരളം ഒഴികെ ആഭ്യന്തര ബോക്‌സോഫീസ് കളക്ഷന്‍ 1.85 കോടിയാണ്. ഇതോടെ, ഇന്ത്യയില്‍നിന്നു മൊത്തം കളക്ഷന്‍ 9.4 കോടിയായി.യുകെയില്‍നിന്നു ചിത്രം ഇതുവരെ നേടിയത് 50.55 ലക്ഷമാണ്. ഡിസംബര്‍ ഏഴിനു ഓസ്‌ട്രേലിയയില്‍ റിലീസ് ചെയ്യും. മമ്മൂട്ടിയുടെ സമീപകാല സിനിമകള്‍ കൈവരിച്ച വമ്പന്‍ വിജയങ്ങള്‍ ‘കാതലി’നും വിദേശ രാജ്യങ്ങളില്‍ പ്രിയം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നതും.  ഇപ്പോഴിതാ വിജയകരമായി പ്രദർശനം തുടരുന്ന ചിത്രത്തിന്റെ സക്സസ് ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രം ഏറ്റെടുത്തതുപോലെ സക്സസ് ടീസറും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. കാതലിൽ സുധി കോഴിക്കോട് അവതരിപ്പിച്ച തങ്കൻ എന്ന കഥാപാത്രത്തിന്റെ ഡയലോഗിലൂടെയാണ് ടീസർ കടന്നുപോകുന്നത്.  തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന കാതൽ ഓടിടിയിൽ പ്രദർശനത്തിനൊരുങ്ങുന്നതായും റിപ്പോർട്ടുകൾ പുറത്തുവരുകയാണ് റിപ്പോർട്ട്. ക്രിസ്മസിനോട് അനുബന്ധിച്ചാവും ചിത്രമെത്തുകയെന്നാണ് വിവരം.പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ ജിയോ സിനിമയിൽ ആണ് കാതലിന്റെ സ്ട്രീമിം​ഗ് എന്നാണ് വിവരം. എന്നാൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയുണ്ടായിട്ടില്ല. തിയേറ്റർ റിലീസ് ചെയ്യുന്ന ചിത്രം ഒരു മാസത്തിന് ശേഷം ഓടിടിയിൽ സ്ട്രീം ചെയ്യാറുണ്ട്. ചിത്രത്തിൽ മാത്യു ദേവസി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ഓമന എന്ന കഥാപാത്രത്തെയാണ് ജ്യോതിക അവതരിപ്പിച്ചത്. 13 വർഷത്തിന് ശേഷം ജ്യോതിക മലയാളത്തിൽ അഭിനയിച്ച സിനിമ കൂടിയാണിത്. ആര്‍ എസ് പണിക്കര്‍, സുധി കോഴിക്കോട്, ചിന്നു ചാന്ദിനി, മുത്തുമണി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ജിയോ ബേബി സംവിധാനം ചെയ്യുന്ന ഏഴാമത്തെ ചിത്രമാണ് കാതല്‍.