തെന്നിന്ത്യന്‍ താരം രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ പുറത്തുവന്നതിന് പിന്നാലെ ബോളിവുഡ് ലോകം ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്. താരങ്ങള്‍ എല്ലാം രശ്മികയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു. സംഭവത്തില്‍ നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ സമാന സംഭവത്തിന് ഇരയായിരിക്കുകയാണ് ബോളിവുഡ് താരം കത്രീന കൈഫും.
കത്രീനയുടെയും ഡീപ് ഫേക്ക് ഇമേജുകളും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. കത്രീനയുടെ ഏറ്റവും പുതിയ ചിത്രമായ ടൈഗര്‍ 3 യിലെ ലൊക്കേഷന്‍ ദൃശ്യങ്ങളാണ് എഐ ഉപയോഗിച്ച് ഡീപ് ഫേക്ക് വീഡിയോ പ്രചരിക്കുന്നത്.
ടൈഗര്‍ 3 യിലെ നിര്‍ണായക രംഗങ്ങളില്‍ ഒന്നായ ബാത്ത് ടവല്‍ ഫൈറ്റിന്റെ ദൃശ്യങ്ങളാണ് ഡീപ് ഫേക്കിന് ഉപയോഗിച്ചിരിക്കുന്നത്. എഐ ഉപയോഗിച്ച് ടവല്‍ ഒഴിവാക്കിയ ശേഷം വെള്ള ബിക്കിനിയില്‍ നെക്ക് ലെസ് ആയി കത്രീന കൈഫിനെ ഡീപ് ഫേക് ആയി നിര്‍മിച്ചിരിക്കുകയാണ്.
നിരവധി ആളുകളാണ് സോഷ്യല്‍ മീഡിയയില്‍ ഡീപ്ഫേക്കിനെതിരെ രംഗത്ത് എത്തിയത്. നേരത്തെ രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ പുറത്തുവന്നതിന് പിന്നാലെ താരം തന്നെ ആശങ്കയറിയിച്ചിരുന്നു, സാറ പട്ടേലിന്റെ വീഡിയോയാണ് തല മാറ്റിയ രശ്മികയുടെതായി പ്രചരിപ്പിച്ചത്. വ്യാജ വീഡിയോ വേദനിപ്പിച്ചുവെന്നും ഭയപ്പെടുത്തിയെന്നും കൂടുതല്‍പ്പേര്‍ ഇരയാകുന്നതിന് മുമ്പ് ഒരു സമൂഹമെന്ന നിലയില്‍ പ്രശ്നത്തെ നേരിടണമെന്നും രശ്മിക പറഞ്ഞിരുന്നു.
അതേസമയം ഡീപ്ഫേക്ക് വിവാദം ശക്തമായതോടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് കേന്ദ്രം മുന്നറിയിപ്പും നല്‍കിയിരിക്കുകയാണ്. ഇത്തരം സംഭവങ്ങള്‍ക്കെതിരെ നടപടിയെടുക്കേണ്ട ബാധ്യത സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്ക്കുണ്ടെന്ന് കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു. എഐ ഒരു മികച്ച ഉപകരണമാണ്, പക്ഷേ സ്ത്രീകളെ മോര്‍ഫ് ചെയ്യാന്‍ ഇത് ഉപയോഗിക്കുന്നത് തികച്ചും ക്രിമിനല്‍ കുറ്റമാണ്. വെറുപ്പ് തോന്നുന്നുവെന്ന് പ്രണീത് എന്നയാള്‍ എക്സില്‍ കുറിച്ചത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് വ്യാജമായി നിര്‍മിക്കുന്ന ചിത്രങ്ങളോ വീഡിയോയോ ശബ്ദ ഫയലുകളെയോ ആണ് ഡീപ്ഫേക്ക് എന്ന് പറയുന്നത്. നിലവിലുള്ള ചിത്രങ്ങളോ വീഡിയോകളോ മറ്റൊരാളുടെത് ആക്കി മോര്‍ഫ് ചെയ്യുന്നതിനും ഈ ടൂള്‍ ഉപയോഗിക്കാന്‍ പറ്റും. കുറ്റകൃത്യങ്ങള്‍ക്കും ഇപ്പോള്‍ ഡീപ്ഫേക്ക് വീഡിയോകള്‍ ഉപയോഗിക്കുന്നുണ്ട്.