Film News

കെഡി ജോര്‍ജിന്റെ സംസ്‌കാരം നാളെ!! ഏറ്റെടുക്കാന്‍ ആളില്ലാതെ രണ്ടാഴ്ച പിന്നിട്ടിട്ടും മോര്‍ച്ചറിയില്‍

അന്തരിച്ച പഴയകാല നടനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ കെഡി ജോര്‍ജിന്റെ സംസ്‌കാരം നാളെ. മരിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും മൃതദേഹം ആരും ഏറ്റെടുക്കാനില്ലാതെ എറണാകുളം ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലായിരുന്നു. കഴിഞ്ഞ ദിവസം മോര്‍ച്ചറിയ്ക്ക് മുന്നിലായിരുന്നു ജോര്‍ജിന്റെ പൊതുദര്‍ശനം. സംസ്‌കാര ചടങ്ങുകള്‍ നാളെ രവിപുരം ശ്മശാനത്തില്‍ നടക്കും. സത്യന്റെയും ജയന്റെയുമെല്ലാം സിനിമകളില്‍ ശ്രദ്ധേയനായിരുന്നു ജോര്‍ജും. അഭിനയത്തില്‍ നിന്ന് പിന്നീട് ജോര്‍ജ് ശബ്ദകലയിലേക്ക് മാറി.

മൃതദേഹം ഏറ്റെടുക്കാന്‍ മറ്റ് ബന്ധുക്കളാരുമില്ലെന്ന് അറിയിച്ചു. ചലച്ചിത്ര പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക യൂണിയന്‍ ഫോര്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിന്റെ ഭാരവാഹികള്‍ മൃതദേഹം ഏറ്റെടുത്ത് അന്ത്യകര്‍മങ്ങള്‍ക്ക് തയാറാണെന്ന് വ്യക്തമാക്കിയിരുന്നു. ചലച്ചിത്ര പ്രവര്‍ത്തകര്‍ ഇടപെട്ടിട്ടും നടപടി ക്രമങ്ങളുടെ ഭാഗമായി മൃതദേഹം സര്‍ക്കാര്‍ വിട്ടു നല്‍കിയിരുന്നില്ല.

‘ഞങ്ങളുടെ സഹപ്രവര്‍ത്തകനാണ്. കഴിഞ്ഞ അഞ്ച് കൊല്ലമായി ഞങ്ങളുടെ സംഘടന അദ്ദേഹത്തിന് പെന്‍ഷന്‍ നല്‍കുന്നു. കോവിഡ് കാലത്തടക്കം സംഘടനയുടെ സംരക്ഷണയിലായിരുന്നു അദ്ദേഹം. രക്തബന്ധമുള്ളവര്‍ മാത്രമല്ല ബന്ധുക്കള്‍. ഞങ്ങളും അദ്ദേഹത്തിന്റെ ബന്ധുക്കളാണ്. അദ്ദേഹം അനാഥനല്ല.’ ഫെഫ്ക യൂണിയന്‍ ഫോര്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഷോബി തിലകന്‍ പറഞ്ഞു.

ഇക്കഴിഞ്ഞ 29നാണ് കെ ഡി ജോര്‍ജ് അന്തരിച്ചത്. അസുഖബാധിതനായി എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം വിളിച്ചത്. എന്നാല്‍ മൃതദേഹം ഏറ്റെടുക്കാന്‍ ബന്ധുക്കളില്ലെന്ന് വ്യക്തമാക്കി മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു.

Anu