Categories: Film News

ഒരു സാധാരണക്കാരൻ ആയിരുന്നേൽ ഇപ്പോൾ ജയിലിലായേനെ; മോഹൻലാലിന്റെ ആനക്കൊമ്പ് കേസിൽ ഹൈക്കോടതി പറഞ്ഞത്!

ചലച്ചിത്രതാരം മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ആനക്കൊമ്പ് കേസിൽ നടൻ നിയമലംഘനം നടത്തിയില്ലെന്ന സംസ്ഥാന സർക്കാറിന്റെ പ്രതികരണത്തേത്തുടർന്നാണ് ഹൈക്കോടതിയുടെ വിമർശനം. സർക്കാർ കോടതിയെ അറിയിച്ചത് മോഹൻലാലിന്റെ കയ്യിലുള്ളത് ചരിഞ്ഞ നാട്ടാനയുടെ കൊമ്പാണ് എന്നാണ്.

അതേസമയം ഒരു സാധാരണക്കാരൻ ആനക്കൊമ്പ് കൈവശ വച്ചതാണെങ്കിൽ സർക്കാർ ഇങ്ങനെ ഇളവ് നൽകുമോ എന്ന് ഹൈക്കോടതി ചോദിച്ചു.നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കൂടാതെ മോഹൻലാലിന്റെ സ്ഥാനത്ത് ഒരു സാധാരണക്കാരൻ ആയിരുന്നെങ്കിൽ ഇപ്പോൾ അയാൾ ജയിലിൽ ആയേനെ എന്നും കൂട്ടിച്ചേർത്തു. ചരിഞ്ഞ നാട്ടനയുടെ കൊമ്പാണ് കൈവശം ഉണ്ടായിരുന്നതെന്ന് നടനും കോടതിയിൽ വാദിച്ചു.

അതിനാൽ ഈ കേസ് വൈൽഡ് ലൈഫ് ആക്ടിന്റെ പരിധിയിൽ വരില്ല എന്നായിരുന്നു മോഹൻലാലിന്റെ വാദം. ആനക്കൊമ്പ് കേസ് പിൻവലിക്കാനുള്ള പ്രോസിക്യൂഷൻ ഹർജി തള്ളിയത് ചോദ്യം ചെയ്താണ് മോഹൻലാൽ ഹൈക്കോടതിയെ സമീപിച്ചത്. മോഹൻലാലിന്റെ വീട്ടിൽ നിന്ന് 2012ൽ ആനക്കൊമ്പുകൾ പിടികൂടിയത്. അന്ന് നാല് ആനക്കൊമ്പുകൾ ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു.മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മോഹൻലാലിന് ആനക്കൊമ്പ് കൈമാറിയ കൃഷ്ണകുമാറും ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്

Aiswarya Aishu