Categories: Film News

അച്ഛന്റെ സ്ഥാനത്ത് നിന്ന് പെങ്ങളെ കൈപിടിച്ചേല്‍പ്പിച്ച് വിഷ്ണു!!! കോട്ടയം പ്രദീപിന്റെ മകള്‍ വിവാഹിതയായി

കുറച്ചുനാളുകൊണ്ട് തന്നെ തന്റെ സ്വത സിദ്ധമായ കഴിവുകൊണ്ട് ആരാധകരെ പൊട്ടിച്ചിരിപ്പിച്ച താരമാണ് നടന്‍ കോട്ടയം പ്രദീപ്. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ ഫെബ്രുവരിയാണ് കോട്ടയം പ്രദീപ് അന്തരിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് സുഹൃത്തിനൊപ്പം ആശുപത്രിയില്‍ എത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 61ാം വയസ്സിലായിരുന്നു താരത്തിന്റെ അപ്രതീക്ഷിത വിയോഗം.

ഇപ്പോഴിതാ താരത്തിന്റെ കുടുംബത്തില്‍ നിന്നും സന്തോഷ വാര്‍ത്തയാണ് പുറത്തുവരുന്നത്. കോട്ടയം പ്രദീപിന്റെ മകള്‍ വൃന്ദയുടെ വിവാഹം കഴിഞ്ഞെന്ന സന്തോഷവാര്‍ത്തയാണ് പുറത്തുവന്നത്. തൃശൂര്‍ ഇരവ് സഹദേവന്റേയും വിനയയുടേയും മകന്‍ ആഷിക്കാണ് വൃന്ദയുടെ വരന്‍. സിനിമ, രാഷ്ട്രീയ മേഖലയില്‍ നിന്നുള്ള നിരവധി പേരും വിവാഹത്തില്‍ അതിഥികളായി.

വൃന്ദയുടെ സഹോദരന്‍ വിഷ്ണുവാണ് വിവാഹത്തിന്റെ വിശേഷം പങ്കുവച്ചത്. ചിത്രങ്ങളും വിഷ്ണു ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. ‘പെങ്ങളുടെ കല്ല്യാണം കഴിഞ്ഞു, പ്രാര്‍ഥനയോടെ’ എന്ന ക്യാപ്ഷനോടെ വൃന്ദയേയും ആഷിക്കിനേയും ചേര്‍ത്തുപിടിച്ചുനില്‍ക്കുന്ന ചിത്രവും വിഷ്ണു പങ്കുവച്ചിട്ടുണ്ട്. വിവാഹത്തിന്റെ ഫോട്ടോയും വീഡിയോയും വൈറലായതോടെ നിരവധി പേര്‍ നവദമ്പതികള്‍ക്ക് ആശംസകള്‍ നേരുന്നുണ്ട്.

‘ഫിഷുണ്ട്… മട്ടനുണ്ട്… ചിക്കനുണ്ട്… കഴിച്ചോളൂ… കഴിച്ചോളൂ… ‘ഒരൊറ്റ ഡയലോഗിലൂടെ പ്രേക്ഷക മനസിലിടം നേടിയ നടനാണ് കോട്ടയം പ്രദീപ്. 2001ല്‍ റീലീസായ ‘ഈ നാട് ഇന്നലെ വരെ ‘എന്ന ചിത്രത്തിലൂടെയാണ് എല്‍ഐസി ഉദ്യോഗസ്ഥനായിരുന്ന പ്രദീപ് സിനിമയിലേക്കെത്തിയത്.

കല്ല്യാണ രാമന്‍, ഫോര്‍ ദ പീപ്പിള്‍, രാജമാണിക്യം, ലോലിപ്പോപ്പ്, മൈ ബിഗ് ഫാദര്‍ തുടങ്ങിയ ചിത്രങ്ങളിലെയും വേഷങ്ങള്‍ ശ്രദ്ധേയമായി. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋതിക് റോഷന്‍, ഒരു വടക്കന്‍ സെല്‍ഫി, കുഞ്ഞിരാമായണം, തോപ്പില്‍ ജോപ്പന്‍, ആട് ഒരു ഭീകരജീവിയാണ്, ലൈഫ് ഓഫ് ജോസൂട്ടി തുടങ്ങി എഴുപതിലധികം സിനിമകളില്‍ അഭിനയിച്ചു. രാജാറാണി, നന്‍പെന്‍ടാ, തെരി തുടങ്ങിയ തമിഴ് ചിത്രങ്ങളിലും കോട്ടയം പ്രദീപ് ശ്രദ്ധനേടി.

സ്‌കൂള്‍ പഠനകാലത്ത് തന്നെ പ്രദീപ് അഭിനയരംഗത്ത് സജീവമായിരുന്നു. പ്രദീപ് യുവജനോത്സവങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു. ടെലി സീരിയലില്‍ അഭിനയിച്ചുകൊണ്ടാണ് താരം ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. പിന്നീടാണ് ചെറിയ വേഷങ്ങളിലൂടെ പ്രദീപ് സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തി.

Anu B