ഒരു വയോധിക ഭിക്ഷ യാചിക്കുന്നത് ചിന്തിക്കാന്‍ കഴിയില്ല!! മറിയക്കുട്ടിയും അന്നയ്ക്കും സഹായഹസ്തവുമായി കൃഷ്ണകുമാര്‍

അടിമാലിയില്‍ പെന്‍ഷന്‍ ലഭിക്കാത്തതില്‍ പ്രതിഷേധിച്ച ്ഭിക്ഷ യാചിക്കാന്‍ മണ്‍ചട്ടിയുമായി തെരുവിലിറങ്ങിയ വൃദ്ധകളായ മറിയക്കുട്ടിയും അന്നയും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അടിമാലി സ്വദേശികളായ മറിയക്കുട്ടിയും (87) അന്ന ഔസേപ്പും (80) ആണ് വേറിട്ട പ്രതിഷേധവുമായി എത്തിയത്.

മാസങ്ങളായി സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്നാണ് മറിയക്കുട്ടിയും അന്ന ഔസേഫും ഭിക്ഷ യാചിക്കാനിറങ്ങിയത്. ഇതേ തുടര്‍ന്ന് മറിയക്കുട്ടിക്ക് ഒന്നര ഏക്കര്‍ ഭൂമിയും രണ്ട് വീടുകളും ഉണ്ടെന്നായിരുന്നു ദേശാഭിമാനി റിപ്പോര്‍ട്ട്. മകള്‍ വിദേശത്താണെന്നും മറിയക്കുട്ടിക്ക് രണ്ട് വീടും ഒന്നരയേക്കര്‍ സ്ഥലവും ലക്ഷങ്ങളുടെ ആസ്തിയുമുണ്ടെന്നായിരുന്നു ദേശാഭിമാനി നേരത്തെ വാര്‍ത്ത നല്‍കിയത്. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം തെറ്റാണെന്നു മറിയക്കുട്ടി തെളിയിച്ചു. വിവാദമായതോടെ ദേശാഭിമാനി വാര്‍ത്ത തിരുത്തി ഖേദം പ്രകടിപ്പിച്ചിരുന്നു.പിന്നാലെ വ്യാജവാര്‍ത്ത നല്‍കിയതിന് ഹൈക്കോടതിയില്‍ പോകുമെന്നും മറിയക്കുട്ടി അറിയിച്ചിരുന്നു.

ഇപ്പോഴിതാ വൃദ്ധകള്‍ക്ക് സഹായവുമായി എത്തിയിരിക്കുകയാണ് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാര്‍. ഇരുവര്‍ക്കും ഒരു വര്‍ഷത്തേക്കുള്ള തുകയായി 25,000 രൂപ വീതം താരം നല്‍കിയിരിക്കുകയാണ്. കൃഷ്ണ കുമാറിന്റെ മക്കളുടെ പേരിലുള്ള അഹിദിഷിക ചാരിറ്റി ഫൗണ്ടേഷന്റെ പേരിലാണ് സഹായം നല്‍കിയത്.

നാല് പെണ്‍കുട്ടികളാണ് തനിക്കുള്ളത്. പ്രതിഷേധിച്ച വയോധികയ്ക്കും നാല് കുട്ടികളാണ്. 87ാം വയസില്‍ ഒരു വയോധിക ഭിക്ഷ യാചിക്കുന്നത് ചിന്തിക്കാന്‍ കഴിയില്ലെന്നും കൃഷ്ണകുമാര്‍ വ്യക്തമാക്കി. തനിക്ക് നല്‍കാന്‍ കഴിയുന്ന തരത്തിലുള്ള സഹായമാണ് നല്‍കിയത്. ചെറിയ തുടക്കമാണിത്. ഇനിയും അവര്‍ക്ക് സഹായം ലഭിക്കട്ടെയെന്നും കൃഷ്ണകുമാര്‍ പറയുന്നു.