സിനിമ പരാജയപ്പെട്ടോട്ടെ എന്ന ചിന്തിക്കാന്‍ മാത്രം സെന്‍സില്ലാത്ത ആളല്ല ഞാന്‍!! വിവാദത്തില്‍ കുഞ്ചാക്കോ ബോബന്‍

കോടികള്‍ പ്രതിഫലമായി വാങ്ങി സിനിമയുടെ പ്രമോഷന് എത്തിയില്ലെന്ന വിവാദത്തില്‍ പ്രതികരിച്ച് നടന്‍ കുഞ്ചാക്കോ ബോബന്‍. ‘പദ്മിനി’ സിനിമയുടെ പ്രമോഷനു സഹകരിച്ചില്ലെന്ന വിവാദത്തിലാണ് ചാക്കോച്ചന്‍ മറുപടി നല്‍കിയിരിക്കുന്നത്. സിനിമയുടെ പ്രൊമോഷനില്‍ നിന്നും മനപ്പൂര്‍വ്വം മാറി നിന്നതല്ലെന്ന് താരം പറയുന്നു.

എന്റെ പടം വിജയിക്കേണ്ടത് മറ്റാരെക്കാളും എന്റെ ആവശ്യമാണ്, പ്രമോഷന്‍ നല്‍കാത്തതിനാല്‍ അതു പരാജയപ്പെട്ടോട്ടെ എന്നു ചിന്തിക്കാന്‍ മാത്രം സെന്‍സില്ലാത്ത ആളല്ല ഞാന്‍, എന്നും ചാക്കോച്ചന്‍ വ്യക്തമാക്കി.

തന്റേതല്ലാത്ത സിനിമകള്‍ക്ക് പോലും പ്രമോഷന്‍ നല്‍കാറുണ്ട്. സിനിമ കാണാന്‍ തിയേറ്ററില്‍ ആളെത്തിയാല്‍ എല്ലാവര്‍ക്കും ഗുണമാണ്. പക്ഷേ ഈ മേഖലയില്‍ എല്ലാ കാര്യങ്ങളും മുന്‍കൂട്ടി തീരുമാനിച്ചതു പോലെയല്ല നടക്കുക. പ്രമോഷന്‍ ഷൂട്ട് പെട്ടെന്ന് തീരുമാനിക്കുന്നതാണ്.

ആ സമയത്തു ചിലപ്പോള്‍ സ്ഥലത്തുണ്ടാവാതിരിക്കുകയോ മറ്റു ലൊക്കേഷനില്‍ ആവും, ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവുകയോ ഒക്കെ സംഭവിക്കാം. അന്ന് വിവാദമായ സമയത്ത് ഈ മൂന്നു കാര്യങ്ങളും സംഭവിച്ചിരുന്നു. മാത്രമല്ല അന്ന് താന്‍ വിദേശത്ത് ആയിരുന്നു, ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായിരുന്നെന്നും ചാക്കോച്ചന്‍ പറയുന്നു.

ആ സിനിമയ്ക്ക് നെഗറ്റീവ് പബ്ലിസിറ്റി അല്ലായിരുന്നു വേണ്ടത്. അതാണ് അപ്പോള്‍
പ്രതികരിക്കാതിരുന്നത്. മുന്‍കൂട്ടി നിശ്ചയിക്കുന്നതുപോലെയല്ല പലപ്പോഴും സിനിമയിലെ കാര്യങ്ങള്‍. പ്രമോഷന്‍ പെട്ടെന്ന് തീരുമാനിക്കുന്നതാണ്. പല കാരണങ്ങള്‍ കൊണ്ട് അന്ന് പങ്കെടുക്കാന്‍ പറ്റിയില്ലെന്നേയുള്ളൂവെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

‘ഞാന്‍ എച്ച് 1 എന്‍ 1 പനി പിടിച്ച് കിടക്കുകയായിരുന്നു. പിന്നെ ആ സിനിമയുടെ റിലീസ് സമയത്താണ് ഞാന്‍ വളരെ മുമ്പ് കമ്മിറ്റ് ചെയ്‌തൊരു പ്രോഗ്രാം പുറത്തുണ്ടായിരുന്നു. ആ സിനിമയില്‍ അഭിനയിച്ചൊരു അഭിനേത്രിയും കൂടെ ലണ്ടനില്‍ ഉണ്ടായിരുന്നു. നിര്‍മ്മാതാക്കളുടെ സംഘടനയാണ് ബാക്കിയൊക്കെ സെറ്റില്‍ ചെയ്തത്. അത് അതിന്റെ രീതിയ്ക്ക് പോകുന്നു,എന്നാണ് ചാക്കോച്ചന്‍ പറയുന്നത്.

സിനിമാ ജീവിതത്തില്‍ ആദ്യമായി ഒരു പാട്ടുപാടുന്നതും ആ സിനിമയിലാണ്. ആ പാട്ടുതന്നെ വ്യത്യസ്തമായ ഒരു പ്രമോഷനാണെന്നും താരം പറഞ്ഞു. വ്യത്യസ്തമായ എന്തെങ്കിലും ചെയ്യുകയെന്നതാണ് മാര്‍ക്കറ്റിംഗ്. ന്നാ താന്‍ കേസ് കൊട്ല്‍ ചെയ്ത ഡാന്‍സ് പോലെ. അങ്ങനെ പദ്മിനിയില്‍ പാട്ട് പാടാം എന്ന് പറഞ്ഞത് ഞാനാണ്. ഇത്രയും വര്‍ഷങ്ങളായിട്ടും ചെയ്യാത്ത കാര്യമാണത്. ആ സിനിമ വിവാദത്തിന്റെ പശ്ചാത്തലത്തിലോ നെഗറ്റീവ് പബ്ലിസിറ്റി മൂലമോ അല്ല ശ്രദ്ധിക്കപ്പെടേണ്ടത് എന്ന പൂര്‍ണ ബോധ്യം ഉള്ളതു കൊണ്ടാണ് അന്ന് ഇതെപ്പറ്റി മിണ്ടാതിരുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.

കുഞ്ചാക്കോ ബോബന്‍, അപര്‍ണ ബാലമുരളി, വിന്‍സി അലോഷ്യസ്, അനശ്വര രാജന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായ ചിത്രമായിരുന്നു പദ്മിനി. രണ്ടര കോടി രൂപ പ്രതിഫലമായി വാങ്ങി സിനിമയുടെ പ്രമോഷന് പങ്കെടുത്തില്ലെന്നായിരുന്നു കുഞ്ചാക്കോ ബോബനെതിരായ ആരോപണം. നിര്‍മാതാവായ സുവിന്‍ കെ. വര്‍ക്കിയാണ് ആരോപണവുമായി രംഗത്തെത്തിയത്.

Anu B