Film News

കാല്‍ നൂറ്റാണ്ടിന് ശേഷം വിയന്നയില്‍!! മഴവില്ലിന്റെ ഓര്‍മ്മ പുതുക്കി ചാക്കോച്ചന്‍

കുഞ്ചാക്കോ ബോബനും പ്രീതിയും പ്രധാന കഥാപാത്രങ്ങളായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു മഴവില്ല്. 1999-ല്‍ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് ദിനേശ് ബാബു ആയിരുന്നു. വിനീതും പ്രവീണയുമായിരുന്നു ശ്രദ്ധേയമായി വേഷത്തിലെത്തിയത്. ദിനേശ് ബാബുവിന്റെ തന്നെ കന്നഡ ചലച്ചിത്രമായ അമൃത വര്‍ഷിനിയുടെ പുനരാവിഷ്‌കാരമായിരുന്നു മഴവില്ല്.

ചിത്രം പുറത്തിറങ്ങിയിട്ട് ഇപ്പോള്‍ കാല്‍ നൂറ്റാണ്ട് ആയിരിക്കുകയാണ്. ചിത്രത്തിന്റെ 24ാം വാര്‍ഷികത്തില്‍ ചാക്കോച്ചന്‍ വീണ്ടും വിയന്നയിലെ ലൊക്കേഷനിലെത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ ഷൂട്ടിങ് നടന്ന വിയന്നയില്‍ കുടുംബസമേതം എത്തി മഴവില്ലിന്റെ ഓര്‍മ്മ പുതുക്കിയിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍.

ചിത്രത്തിലെ ഹിറ്റ് ഗാനമായ ‘പൊന്നോലത്തുമ്പില്‍ പൂവാലിത്തുമ്പീ…’ എന്ന പാട്ടും പാടി വിയന്നയില്‍ നിന്നുള്ള രസകരമായ വീഡിയോയും കുഞ്ചാക്കോ ബോബന്‍ സോഷ്യല്‍ മീഡിയില്‍ പങ്കുവെച്ചു.

’24 വര്‍ഷങ്ങള്‍ക്ക് ശേഷം വിയന്നയിലെ അതേ സ്ഥലത്ത്, മഴവില്ല് എന്ന സിനിമയുടെ ചിത്രീകരണം നടത്തിയ സ്ഥലം. പ്രേറ്റര്‍ പാര്‍ക്കിലെ ഭീമന്‍ ചക്രവും മനോഹരമായ മരങ്ങളും പ്രിയപ്പെട്ടവരും ചേരുമ്പോള്‍ ഈ നിമിഷങ്ങള്‍ കൂടുതല്‍ മനോഹരമാക്കുന്നു. യഥാര്‍ത്ഥ മഴവില്ല് കുറച്ചുകൂടി മാജിക് ചേര്‍ക്കുന്നു..’ എന്നു പറഞ്ഞാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഭാര്യ പ്രിയയും മകന്‍ ഇസഹാക്കും താരത്തിന് ഒപ്പം വിയന്നയില്‍ എത്തിയിട്ടുണ്ട്.

Anu B