ഇറച്ചി വേസ്റ്റ് തള്ളുന്നയിടം,വൈകിട്ട് വരെ അഴുക്കില്‍ കുളിച്ച് നിന്നു!!! പിന്നെ ഡെറ്റോളില്‍ കുളി!! കിരീടം ഷൂട്ടിനെ കുറിച്ച് കുണ്ടറ ജോണി

നാലുപതിറ്റാണ്ട് മലയാള സിനിമയില്‍ നിറഞ്ഞു നിന്ന താരമാണ് കുണ്ടറ ജോണി. വില്ലനായ നിറഞ്ഞാടി ആരാധക മനസ്സില്‍ ചേക്കേറിയ ആരാധകരേറെയുള്ള താരമാണ് ജോണി. മെഗാ താരങ്ങള്‍ക്കൊപ്പം നേര്‍ക്ക് നേര്‍ പോരാട്ടത്തില്‍ പല തവണ വില്ലന്‍ മരിക്കാന്‍ പ്രേക്ഷകര്‍ ആഗ്രഹിച്ചിരുന്നു. സിനിമയിലെ വില്ലന്‍ പക്ഷേ ജീവിതത്തിലെ സ്‌നേഹ സമ്പന്നനായിരുന്നു.

നൂറിലേറെ മലയാള ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കിരീടത്തിലെയും ചെങ്കോലിലെയും പരമേശ്വരനാണ് താരത്തിന്റെ കരിയറിലെ കൈയ്യൊപ്പ് ചാര്‍ത്തിയ കഥാപാത്രങ്ങള്‍. ലോഹിതദാസ് ഒരുക്കിയ കിരീടത്തിന്റെ സീക്വലായിരുന്നു ചെങ്കോല്‍.

കിരീടത്തില്‍ കൈ കരുത്തിനെ ആയുധമാക്കിയ ക്രൂരന്‍, ചെങ്കോലില്‍
അയാള്‍ പഴയകാല ജീവിതത്തില്‍ ചെയ്തുകൂട്ടിയ ക്രൂരതകളെ ഓര്‍ത്ത് നിസംഗനായി ജീവിക്കുന്ന ഒരാളുമാണ്. ജീവിതം വഴിമുട്ടിയ സേതുമാധവന് മീന്‍ കച്ചവടം തുടങ്ങാന്‍ സൈക്കിള്‍ വാടകയ്ക്ക് നല്‍കുന്നതും പരമേശ്വരനാണ്.

കിരീടത്തില്‍ സേതുമാധവനും പരമേശ്വരനും തമ്മിലുള്ള പ്രധാന സംഘട്ടന രംഗത്തിനെ കുറിച്ച് മുന്‍പ് ജോണി പറഞ്ഞിരുന്നു. തിരുവനന്തപുരം മ്യൂസിയത്തോട് ചേര്‍ന്ന് മൃഗാവശിഷ്ടങ്ങള്‍ തള്ളുന്ന, കാട് കയറിയ സ്ഥലത്തായിരുന്നു ആ രംഗത്തിന്റെ ഷൂട്ടിംഗ്. ലൊക്കേഷന്റെ ഭംഗിയും നിഗൂഢതയും കൊണ്ടാണ് സിബി ആ സ്ഥലം തെരഞ്ഞെടുത്തത്. എന്നാല്‍ ഇറച്ചി വേസ്റ്റ് തള്ളുന്ന സ്ഥലമാണെന്ന് ചിത്രീകരണം തുടങ്ങിയ ശേഷമാണ് മനസിലായത്.

അവിടെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനെ കുറിച്ച് സിബി മലയില്‍
മോഹന്‍ലാലിനോടും ജോണിയോടും അഭിപ്രായം ചോദിച്ചിരുന്നു. തനിക്ക് കുഴപ്പമില്ലെങ്കില്‍ എനിക്കും കുഴപ്പമില്ലെന്നാണ് ജോണി മോഹന്‍ലാലിനോട് മറുപടി പറഞ്ഞത്.

രാവിലെ തുടങ്ങിയ ചിത്രീകരണം ഉച്ച കഴിയും വരെ നീണ്ടിരുന്നു. അഴുക്കില്‍ കുളിച്ച തങ്ങള്‍ ഇരുവരും പിന്നീട് ഡെറ്റോളിലാണ് കുളിച്ചതെന്നും ജോണി പറഞ്ഞിട്ടുണ്ട്. കിരീടത്തിന്റെ തമിഴ്, തെലുങ്ക് റീമേക്കുകളിലും ജോണി തന്നെയാണ് പരമശ്വേരനായി എത്തിയത്. ആ രംഗം തമിഴില്‍ നാല് ദിവസം കൊണ്ടും തെലുങ്കില്‍ ആറ് ദിവസവും കൊണ്ടാണ് ചിത്രീകരിച്ചത്.