Home Film News പദ്മദളാക്ഷൻ എന്ന സ്വന്തം പേരിൽ 28 വയസ്സുവരെ മാത്രം അറിയപ്പെട്ട ഒരു മനുഷ്യൻ !!

പദ്മദളാക്ഷൻ എന്ന സ്വന്തം പേരിൽ 28 വയസ്സുവരെ മാത്രം അറിയപ്പെട്ട ഒരു മനുഷ്യൻ !!

പദ്മദളാക്ഷൻ എന്ന സ്വന്തം പേരിൽ 28 വയസ്സുവരെ മാത്രം അറിയപ്പെട്ട ഒരു മനുഷ്യൻ. 64 ആം വയസ്സിൽ മരിക്കുന്നത് വരെ കുതിരവട്ടം പപ്പുവായി, മലയാളികളുടെ പ്രിയപ്പെട്ട പപ്പുച്ചേട്ടനായി നമുക്കിടയിൽ ഉണ്ടായിരുന്ന നമ്മുടെ കൂട്ടത്തിലെ ഒരാൾ. ഭാർഗ്ഗവീനിലയത്തിൽ കുതിരവട്ടം പപ്പുവായി സ്ക്രീനിൽ വന്ന അത്‌ മുതൽ, അദ്ദേഹം തന്നെ ഒരു സിനിമയിൽ കാണിക്കുന്നത് പോലെ പുറത്തേക്കുക്കുള്ള വാതിൽ, അങ്ങനെയിപ്പോ പോകണ്ട എന്ന് പറഞ്ഞു കൊട്ടിയടച്ചതാണ് മലയാള സിനിമ. ആ പേര് കേട്ടാൽ തന്നെ അറിയാതെ ചിരിച്ചു പോകുന്ന എത്രയെത്ര കഥാപാത്രങ്ങൾ.

എത്രയെത്ര ഡയലോഗുകൾ. എഴുതികൊടുത്തത് ആരോ ആകട്ടെ, പപ്പുച്ചേട്ടൻ അത് പറയുന്ന രീതിയാണ് മലയാളിക്കിഷ്ടം. എത്ര അനുകരിക്കാൻ ശ്രമിച്ചാലും പൂർണമാകാത്ത എന്തോ ഒരു ശൈലി എന്നും പപ്പുച്ചേട്ടന്റെ വാക്കുകൾക്കുണ്ടായിരുന്നു. നീയാരാണെന്ന് നിനക്കറിയില്ലെങ്കിൽ എന്ന് പപ്പു ചേട്ടൻ പറഞ്ഞത് ഏറ്റു പറയാത്ത ഏത് മലയാളിയാണുള്ളത്. ടാക്സി വിളിച്ചു കൊണ്ടിരുന്ന മലയാളിയെ, ടാ സ്കി വിളിക്കാൻ പഠിപ്പിച്ചത് പപ്പുച്ചേട്ടനാണ്.

ചെവിയിലൊരു ചെമ്പരത്തിപ്പൂവുമായി പപ്പുച്ചേട്ടൻ ആൽത്തറയിലിരിക്കുന്ന ഇരിപ്പ് കണ്ടു ചിരിവരാത്തവർ മനുഷ്യരല്ല എന്നേ പറയാനുള്ളൂ. മലയാളസിനിമയുള്ള കാലത്തോളം പപ്പുച്ചേട്ടനും ചേട്ടന്റെ കഥാപാത്രങ്ങളും ഡയലോഗുകളും നിലനിൽക്കും. ഓരോ ജീവിതസാഹചര്യങ്ങളിലും പറഞ്ഞു പഴകിയതെങ്കിലും ആ വാചകങ്ങൾ നമ്മൾ ഏറ്റുപറയും. പപ്പുച്ചേട്ടന്റെ സ്വന്തമായ ആ ചെറിയേ. സ്പാനറുകൊണ്ട് നന്നാക്കിയ എത്രയെത്ര മലയാള സിനിമകൾ. പപ്പുച്ചേട്ടനില്ലല്ലോ എന്നോർക്കുമ്പോ, ദിപ്പ ശരിയാക്കിത്തരാം എന്ന് തന്റെ ഫോട്ടോക്കോപ്പിയായ ഒരു മകനെ മലയാളസിനിമയ്ക്കു തന്നിട്ട് പോയി അദ്ദേഹം. ഇനിയൊരു കഥാപാത്രമായി മാറാൻ കഴിയാത്തവിധം, ഇനിയൊരു വാക്കിലൂടെ മലയാളിയെ ചിരിപ്പിക്കാൻ വയ്യാത്ത വിധം പപ്പുച്ചേട്ടൻ മാഞ്ഞുപോയിട്ട് ഇന്നേക്ക് 22 വർഷം. ആ അതുല്യ പ്രതിഭയുടെ ഓർമ്മയ്ക് മുന്നിൽ സ്നേഹാഞ്ജലി.

Exit mobile version