Film News

‘അക്ഷരങ്ങളില്‍ തന്നെ വായനക്കാരനെ കത്തിച്ച നോവല്‍, അതിന്റെ കാഴ്ചയിലേക്ക് ബ്ലസ്സി നമ്മെ കൂട്ടി കൊണ്ട് പോകും’

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. നജീബ് എന്ന നായകകഥാപാത്രമായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്. മരുഭൂമിയില്‍ ഒറ്റപ്പെട്ട നജീബ് ആവുന്നതിന് പൃഥ്വിരാജ് നടത്തിയ ശാരീരിക മാറ്റങ്ങള്‍ ഏവരെയും ഞെട്ടിക്കുന്നതായിരുന്നു. 2008-ല്‍ പ്രാരംഭ വര്‍ക്കുകള്‍ ആരംഭിച്ച ആടുജീവിതം വര്‍ഷങ്ങളുടെ തയ്യാറെടുപ്പുകള്‍ക്കൊടുവില്‍ 2018 ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. ഏറ്റവുമധികം നാളുകള്‍ നീണ്ടുപോയ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ വര്‍ഷം ജൂലൈ 14-നാണ് പൂര്‍ത്തിയായത്. ജോര്‍ദാനിലായിരുന്നു ചിത്രത്തിന്റെ മുഖ്യ പങ്കും ഷൂട്ട് ചെയ്തത്. മാര്‍ച്ച് 28-ന് ചിത്രം തിയേറ്ററുകളിലെത്തും. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചും ബ്ലസിയെ കുറിച്ചുമുള്ള ഒരു കുറിപ്പുമാണ് ശ്രദ്ധേയമാകുന്നത്. ‘അക്ഷരങ്ങളില്‍ തന്നെ വായനക്കാരനെ കത്തിച്ച നോവല്‍, അതിന്റെ കാഴ്ചയിലേക്ക് ബ്ലസ്സി നമ്മെ കൂട്ടി കൊണ്ട് പോകുമെന്നാണ് ലത്തീഫിന്റെ കുറിപ്പില്‍ പറയുന്നത്.

കുറിപ്പ് വായിക്കാം

ബ്ലസ്സിയുടെ ഒരു സിനിമ അവസാനമായി തിയറ്ററില്‍ എത്തിയത് 2013 ലാണ്.
സിനിമ കളിമണ്ണ്.
അതിനു ശേഷം അദ്ദേഹത്തിന്റേതായി സിനിമകളൊന്നും വന്നിട്ടില്ല.
മോഹന്‍ലാലിലും മമ്മൂട്ടിയിലുമുള്ള ആഴമേറിയ അഭിനയ സാധ്യതകളെ ഏറ്റവും മികച്ച രീതിയില്‍ പുറത്തെടുത്ത എഴുത്തുകാരനും സംവിധായകനും രണ്ടായിരാമാണ്ടിനു ശേഷം ഒരു പക്ഷെ ബ്ലെസ്സി തന്നെയാകും.
ഒരു പാട് സിനിമകള്‍ തുടര്‍ച്ചയായി ചെയ്യുന്ന ശീലം അദ്ദേഹത്തിനില്ല.സിനിമയുടെ എഴുത്തിനാണ് അദ്ദേഹം കൂടുതല്‍ സമയം ചെലവിടുന്നത് എന്ന് തോന്നിയിട്ടുണ്ട്.
ഭ്രമരം/തന്മാത്ര/പ്രണയം.
മോഹന്‍ലാലിനല്ലാതെ ചെയ്തു ഫലിപ്പിക്കാന്‍ കഴിയാത്ത മൂന്ന് സിനിമകള്‍.
ഭ്രമരത്തിലെ ശിവന്‍കുട്ടി വല്ലാത്തൊരു കഥാപാത്രമാണ്.ആരാണ്/എന്താണ് എന്ന് പിടി തരാത്ത ഭയങ്കര tough ആയുള്ള ഒരു കാരക്റ്റര്‍.തന്മാത്രയിലെ രമേശന്‍ വേറൊരു ലോകത്ത് ജീവിക്കുന്ന വേറൊരു മനുഷ്യനാണ്. ശിവന്‍ കുട്ടിയും രമേശനും തമ്മില്‍ രാവും പകലും പോലെ അന്തരമുണ്ട്.പ്രണയം ഇതിലൊന്നും പെടുന്നുമില്ല.
കാഴ്ച്ച/ പളുങ്ക്.
അഭിനയം ഏറ്റവും സ്വാഭാവികമായി ഒരു നടനില്‍ ഉരുവപ്പെട്ടു വരുന്ന മനോഹരമായ കാഴ്ച്ചയാണ് ഈ രണ്ട് സിനിമകളും.
കാഴ്ച്ചയിലെയും പളുങ്കിലെയും നായകന്മാര്‍ രണ്ട് ഭൂമിശാസ്ത്ര മേഖലയില്‍ ഒരു തരത്തിലുമുള്ള സാമ്യതയുമില്ലാത്ത രണ്ട് തരം ജീവിതങ്ങളുടെ പ്രകാശനങ്ങളാണ്. കാഴ്ച്ചയിലെ മാധവനും പളുങ്കിലെ മോനിച്ചനും മമ്മൂട്ടിയുടെ ഏറ്റവും സാധാരണമായ കഥാപാത്രങ്ങളില്‍ മികച്ചതാണ്.
ജീവിതത്തിന്റെ ഉപ്പും മധുരവും ചേര്‍ത്ത് പറയുന്ന കഥകള്‍ക്ക് എന്നും പ്രേക്ഷകരുണ്ടാകും.അത്തരം കഥകളുടെയും കഥാപാത്രങ്ങളുടെയും തീവ്രമായ ആഖ്യാനങ്ങളാണ് പുതിയ എഴുത്തുകാര്‍ക്ക് കഴിയാതെ പോകുന്നത്.
എം ടി യും ലോഹിയും ശ്രീനിവാസനുമൊക്കെ തുടര്‍ച്ചകളില്ലാതെ അവസാനിക്കുന്നതും ഈ പോയിന്റിലാണ്.
ഇവിടെയാണ് ആടുജീവിതം നമ്മള്‍ കാത്തിരിക്കുന്നത്. വൈകാരികമായി കഥ പറയാനുള്ള കഴിവാണ് ബ്ലസ്സിയെ വ്യത്യസ്ഥനാക്കുന്നത്. പ്രേക്ഷകരുടെ നെഞ്ചിലാണ് കഥ നടക്കേണ്ടത്.അങ്ങനെ പറയേണ്ട കഥയാണ് ആടു ജീവിതം. അക്ഷരങ്ങളില്‍ തന്നെ വായനക്കാരനെ കത്തിച്ച നോവലാണത്. അതിന്റെ കാഴ്ച്ചയിലേക്ക് ബ്ലസ്സി നമ്മെ കൂട്ടി കൊണ്ട് പോകും. അതിലെ നജീബ് ഇന്ത്യ കണ്ട ഏറ്റവും തീവ്രമായ പ്രകടനങ്ങളിലൊന്ന് തന്നെ ആയിരിക്കും.

Ajay Soni