ലിയോ’യും അമറും തമ്മിൽ ബന്ധമുണ്ടോ? ; ഫ്ലാഷ് ബാക്ക് വ്യാജമോ ?

ലോകേഷ് കനകരാജ് സംവിധാനം ചെയ്‌ത്‌ വിജയ് നായകനാകുന്ന ലിയോ എന്ന തന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ചത് മുതൽ , ഇത് ‘ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സി’ന്റെ ഭാഗമാകുമോ എന്ന് ആരാധകർക്ക് ഇടയിൽ ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു. ഒരു വിജയ് ചിത്രത്തിനും ലഭിക്കാത്തത്ര ഹൈപ്പ് ലഭിച്ച സിനിമ ആയിരുന്നു ‘ലിയോ’. അതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് ലോകേഷ് കനകരാജ് എന്ന സംവിധായകൻ അണിയിച്ചൊരുക്കി എന്നത് തന്നെയാണ്. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാ​ഗമാണോ ലിയോ എന്നറിയാനുള്ള കാത്തിരിപ്പായിരുന്നു പ്രേക്ഷകരെ ആവേശം കൊള്ളിച്ചത്. ഒടുവിൽ ചിത്രം തിയറ്ററില്‍ എത്തിയപ്പോൾ പ്രേക്ഷ ഹൃദയങ്ങൾ കീഴടക്കി ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവച്ചു. എങ്ങും ലിയോ തരം​ഗം കൊടുമ്പിരി കൊള്ളുന്നതിനിടെ  സംവിധായകൻ  ലോകേഷ് കനകരാജിന്റെ പുതിയ ഒരു അഭിമുഖമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്. ഇതിൽ ലിയോയിലെ ഫ്ലാഷ് ബാക്കിൽ ഏറെക്കുറെ വ്യാജമാകാൻ സാധ്യതയുണ്ടെന്ന് പറയുകയാണ് ലോകേഷ് കനകരാജ്. മൻസൂർ അലിഖാന്റെ കഥാപാത്രം പറഞ്ഞ ഫ്ലാഷ് ബാക്ക് സത്യമാകാനും വ്യാജമാകാനും സാധ്യതയുണ്ട്. ലിയോ ആരാണെന്ന് പാർത്ഥിപൻ പറഞ്ഞിട്ടില്ല. ഇത് മനസിലാകാതിരിക്കാൻ പല ഭാ​ഗങ്ങളും കട്ട് ചെയ്തിട്ടുണ്ടെന്നും ലോകേഷ് കനകരാജ് പറഞ്ഞു. സിനി ഉലകം എന്ന തമിഴ് യുട്യൂബ് ചാനലിനോട് ആയിരുന്നു സംവിധായകന്റെ ഈ  പ്രതികരണം. ലിയോ ആരാണെന്ന് പാർത്ഥിപൻ ഇതുവരെ പറഞ്ഞിട്ടില്ല. മൻസൂർ അലി ഖാനല്ലേ ലിയോയെ പറ്റി പറഞ്ഞത്. അയാൾ സത്യവും കള്ളവും പറയാൻ സാധ്യതയുണ്ട്.

എല്ലാ കഥയ്ക്കും ഒരു പെസ്പക്ടീവ് ഉണ്ടാകുമല്ലോ എന്നാണ് ഫ്ലാഷ് ബാക്കിന്റെ തുടക്കത്തിൽ മൻസൂർ അലിഖാൻ പറയുന്നത്. ഇതെന്റെ പെസ്പക്ടീവ് ആണെന്ന് പറഞ്ഞായിരുന്നു അയാളാ കഥ തുടങ്ങിയത്. പക്ഷേ പിന്നീടത് കട്ട് ചെയ്തു. പറയാൻ പോകുന്ന കഥ വ്യാജമാണെന്ന് അതിലൂടെ തന്നെ മനസിലാകും എന്നത് കൊണ്ടായിരുന്നു അത്”, എന്ന് ലോകേഷ് കനകരാജ് പറയുന്നു. എൽസിയുവിലെ ഓർഫനേജ് കണക്ഷനെ കുറിച്ചുള്ള ചോദ്യത്തിന് “സത്യമം​ഗലം ഓർഫനേജിന്റെ കണക്ഷൻ വേറൊരിടത്താണ് ഉള്ളത്. വിക്രം സിനിമയിൽ ഫഹദ് ഫാസിൽ അഭിനയിച്ച കഥാപാത്രമായ അമർ ഒരു ഓർഫനേജിൽ ആണ് വളർന്നത്. അത് സിനിമയിൽ പുള്ളി പറഞ്ഞിട്ടുമുണ്ട്. ഒരുപക്ഷേ ലിയോയും അമറും തമ്മിൽ ബന്ധമുണ്ടാകാം. എൽസിയു എന്നത് കുട്ടികളുടെ സംരംക്ഷണം ലഹരിക്കെതിരായ പോരാട്ടം എന്നിവയാണ്”, എന്നും ലോകേഷ് കനകരാജ് പറയുന്നു. തൃഷയെ ഓര്‍ഫനേജില്‍ വച്ചാണ് കണ്ടതെന്ന് പാര്‍ത്ഥിപൻ  ചിത്രത്തില്‍ പറയുന്നുണ്ട്. അങ്ങനെ എങ്കില്‍ തൃഷയ്ക്കും സത്യമംഗലം ഓര്‍ഫനേജുമായി ബന്ധമുണ്ടോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അതേസമയംതന്നെ കൈതി 2, വിക്രം 2 തുടങ്ങിയ സിനിമകളിൽ എൽസിയുവിലെ എല്ലാ കഥാപാത്രങ്ങളെയും കാണിക്കുമെന്നും പുതിയ വില്ലൻ ഹീറോസ് വരുമെന്നും ലോകേഷ് കൂട്ടിച്ചേർത്തു. അതേസമയം റിലീസ് ചെയ്യപ്പെട്ട മാര്‍ക്കറ്റുകളിലെല്ലാം തന്നെ ലിയോ വന്‍ പ്രകടനമാണ് കാഴ്ചവച്ചത്. കോളിവുഡില്‍ നിന്ന് ഈ വര്‍ഷത്തെ ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പുമായെത്തിയ ചിത്രം ആദ്യദിനം സമ്മിശ്ര പ്രതികരണമാണ് നേടിയത്. എന്നാല്‍ അതിനെ കവച്ചു വെക്കുന്ന ബോക്സ് ഓഫീസ് പ്രകടനമാണ് കാഴ്ചവച്ചത്. ഈ വര്‍ഷത്തെ ഇന്ത്യന്‍ റിലീസുകളില്‍ ഏറ്റവും വലിയ ഓപണിംഗും ലിയോയുടെ പേരിലാണ്. 148.5 കോടിയാണ് ചിത്രം ആദ്യദിനം നേടിയത്. ഷാരൂഖ് ഖാന്‍ ചിത്രം ജവാനേക്കാള്‍ വലിയ ആദ്യദിന കളക്ഷനാണ് ഇത്.